മാനസ റെഡ്ഡി തന്റെ പൈപ്പ് വീടിനുള്ളിൽ
2019 ലെ ഒരു പഠനമനുസരിച്ച് ഇന്ത്യലെ 63 ദശലക്ഷത്തില്പരം ആളുകള്‍ക്ക് മതിയായ താമസസൗകര്യം ലഭിക്കുന്നില്ല എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഭവനരഹിതര്‍ക്ക് പ്രതീക്ഷ നല്‍കുകയാണ് തെലുങ്കാന സ്വദേശിനിയായ മാനസ റെഡ്ഡി എന്ന സിവില്‍ എഞ്ചിനീയര്‍ കണ്ടെത്തിയ പുതിയ സംവിധാനം. മറ്റൊന്നുമല്ല മലിനജല പൈപ്പിനുള്ളില്‍ എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ ഒരു വീടാണ് സംഭവം.
കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും വീടിനകം കണ്ടാല്‍ ആരും അത്ഭുതപ്പെടും. ഹോങ്കോംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയിംസ് ലോ സൈബര്ടക്ച്ചര് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത ആശയമാണ് മാനസ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 'ഒപോഡ് ട്യൂബ് ഹൗസസ്' എന്നാണ് പൈപ്പ് വീടുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്. സിമന്റ് കൊണ്ട് മലിനജല പൈപ്പുകള്‍ നിര്‍മ്മിക്കുന്ന ഒരു സ്ഥാപനത്തെ ഇതിനായി സമീപിച്ചു. ആവശ്യാനുസരണം അളവില്‍ മാറ്റം വരുത്തിയാണ് പൈപ്പ് നിര്‍മ്മിച്ചു വാങ്ങിയത്. ചെലവ് കുറഞ്ഞ രീതിയില്‍ കുറഞ്ഞ സ്ഥലത്ത് വീടൊരുക്കുകയാണ് മാനസയുടെ ലക്ഷ്യം.

ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി. ചേരികളിലും മറ്റും ഇടുങ്ങിയ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ ജീവിക്കേണ്ടി വരുന്നവരുണ്ട്. അവര്‍ക്കൊക്കെ ഈ വീട് പ്രതീക്ഷയാവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഇതിന് ചെലവ് വരുക. പൈപ്പിന്റെ നിലവാരമനുസരിച്ച് നൂറ് വര്‍ഷം വരെ ഈ വീടിന് ആയുസ്സുണ്ടാകുമെന്നും ഇരുപത്തിമൂന്നുകാരിയായ മാനസ പറയുന്നു.
മാനസ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന് മരിക്കുന്നത്. പിന്നീട് അനിയത്തിയെയും മാനസയെയും വളര്‍ത്താനും പഠിപ്പിക്കാനുമായി അമ്മ വളരെയധികം അധ്വാനിക്കേണ്ടി വന്നു. അമ്മയാണ് മാനസയുടെ ഈ പാവങ്ങളുടെ വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാനുള്ള ആദ്യത്തെ പണം നല്‍കിയത്. അഞ്ച് ലക്ഷം രൂപ.
അമ്മ നല്കിയ അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പൈപ്പും വീടിന് ആവശ്യമായ വാതിലുകളും ജനാലകളും ബാത്റൂമിലേക്ക് വേണ്ട വസ്തുക്കളും ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകളും വാങ്ങിയത്. ആദ്യ പൈപ്പ് വീടിന്റെ നിര്‍മാണത്തിന് 24 ദിവസം വേണ്ടി വന്നു. ചെറിയ ലിവിങ് റൂം, ബാത്റൂം, സിങ്ക് പിടിപ്പിച്ച അടുക്കള, ക്വീന്‍ സൈസ് ബെഡ് ഇടാവുന്ന ഒരു കിടപ്പുമുറി എന്നിവ ഉള്‍പ്പെടുന്ന വീടാണ് നിര്‍മ്മിച്ചത്. വീടിനുള്ളിലെ ചൂടു കുറയ്ക്കുന്നതിനായി പൈപ്പിന് പുറത്ത് വെള്ള നിറം നല്കി. വീട്ടിലെ സൗകര്യങ്ങള്‍ ആളുകള്‍ക്ക് താമസിക്കാന്‍ പറ്റുന്ന വിധമാണോ എന്നറിയാന്‍ ഒരാളെ മാനസ ഇവിടെ ഏഴ് ദിവസം താമസിപ്പിച്ചു. അങ്ങനെയാണ് ഇനി എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്ന് അവള് മനസ്സിലാക്കിയത്.
താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഒരാള്‍ക്ക് നില്‍ക്കാനാവുന്ന വിധത്തില്‍ പ്രത്യേക വലുപ്പത്തിലാണ് പൈപ്പുകള്‍ നിര്‍മ്മിച്ചു വാങ്ങുന്നത്. ചുരുങ്ങിയ സ്ഥലത്ത് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാനാകും എന്നതാണ് പൈപ്പ് വീടുകളുടെ പ്രധാന സവിശേഷത.1BHK, 2BHK, 3BHK എന്നിങ്ങനെ ആവശ്യത്തിനനുസരിച്ച് പൈപ്പ് നിര്‍മ്മിച്ച് വീട് തയ്യാറാക്കുകയാണ് മാനസയുടെ ലക്ഷ്യം. 16 അടി നീളവും ഏഴ് അടി ഉയരവുമാണ് വീടിനുള്ളത്.
പൈപ്പ് വീട് പദ്ധതിക്കൊപ്പം സാമ്നവി കണ്‍സ്ട്രക്ഷന്‍സ് എന്ന ഒരു സ്ഥാപനത്തിനും മാനസ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനോടകം കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നായി പൈപ്പ് വീട് നിര്‍മിക്കാനുള്ള ഇരുന്നൂറില്‍പ്പരം ഓര്‍ഡറുകള്‍ ലഭിച്ചതായി മാനസ പറയുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ച ശേഷം ഈ വീടുകളുടെ നിര്‍മാണം ആരംഭിക്കും.
Content Highlights: Telangana Girl Builds Low-Cost Homes From Sewage Pipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..