സീനാജോഷി ഒന്ന് കൈവെച്ചാല്‍ പഴന്തുണിയും സിമന്റ് മിശ്രിതവും മനോഹരമായ ചെടിച്ചട്ടികളായി മാറും. സാധാരണവാങ്ങുന്ന സിമന്റ് ചട്ടി നിലത്തുവീണാല്‍ പൊട്ടിപ്പോകും. പഴന്തുണി ഉള്ളിലുള്ളതിനാല്‍ സീന നിര്‍മിക്കുന്ന ചട്ടി പൊട്ടില്ലെന്നാണ് ഗാരന്റി. ലോക്ഡൗണ്‍ കാലത്ത് വെറുതേ വീട്ടിലിരുന്ന് സമയംകളയാതെ സീന നിര്‍മിച്ചതാണിതെല്ലാം. കാവശ്ശേരി കെ.സി.പി. ഹൈസ്‌കൂളിലെ സാമൂഹികശാസ്ത്രം അധ്യാപികയും ഐ.ടി. കോ-ഓര്‍ഡിനേറ്ററുമാണ് സീന. 

പഴന്തുണി പല വലിപ്പത്തില്‍ കീറിയെടുക്കുകയാണ് ആദ്യ പണി. സിമന്റും മണലും വെള്ളംചേര്‍ത്ത് ഗ്രൗട്ട് (കുഴമ്പ് പരുവം) തയ്യാറാക്കും. തുണിക്കഷ്ണം ഗ്രൗട്ടില്‍ മുക്കിയെടുത്താണ് ചെടിച്ചട്ടി നിര്‍മാണം. പല വലിപ്പത്തിലും ആകൃതിയിലുമുള്ള പാത്രം, കലം എന്നിവയാണ് ചെടിച്ചട്ടി നിര്‍മാണത്തിനുള്ള അച്ച്. അച്ചായി ഉപയോഗിക്കുന്ന പാത്രം പഴയ പ്ലാസ്റ്റിക് കടലാസില്‍ പൊതിയും. ഗ്രൗട്ടില്‍ മുക്കിയ തുണിക്കഷ്ണം ഇതിനുമുകളില്‍ ഒട്ടിച്ചുവെക്കും. പകുതി ഉണക്കാവുമ്പോള്‍ അച്ചുപാത്രം മാറ്റും. ഒട്ടിച്ചുവെച്ച തുണി ചെടിച്ചട്ടിയുടെ ആകൃതിയില്‍ ആയിട്ടുണ്ടാകും. ഇതിന്റെ അകവും ബ്രഷുമുപയോഗിച്ച് ഗ്രൗട്ട് പൂശി മിനുക്കുപണി ചെയ്താല്‍ ചെടിച്ചട്ടി റെഡി. വ്യത്യസ്ത നിറങ്ങളുള്ള പെയിന്റടിച്ചാല്‍ പൂച്ചെട്ടികള്‍ റെഡി.

വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്സിലെ അധ്യാപകനായ ഭര്‍ത്താവ് ജോഷിയും പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് പരിശീലനം നടത്തുന്ന മകന്‍ ആല്‍ബിനും ആലത്തൂര്‍ തൃപ്പാളൂരിലെ കിഴക്കുടന്‍വീട്ടില്‍ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Content highlights: teacher making natural plant pots during corona lock lockdown