മഹാകവി കവി രബീന്ദ്രനാഥ് ടാഗോര്‍ താമസിച്ചിരുന്ന ലണ്ടനിലെ ചരിത്രമുറങ്ങുന്ന വീട് വില്‍പ്പനയ്ക്ക്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ ഈ വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. വടക്കന്‍ ലണ്ടനിലെ വെയ്ല്‍ ഓഫ് ഹാംപ്‌സ്റ്റെഡില്‍ സ്ഥിതി ചെയ്യുന്ന വീട് ഏകദേശം 27 കോടി രൂപയ്ക്കാണ് വില്‍ക്കുന്നതെന്നാണ് റിപ്പോർട്ട്.

ടാഗോര്‍ താമസിച്ചിരുന്ന ലണ്ടനിലെ വീട് വാങ്ങുന്നതിനു തന്റെ സര്‍ക്കാരിനു അതിയായ താത്പര്യമുണ്ടെന്ന് 2015-ലെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ മമത അറിയിച്ചിരുന്നു. ടാഗോര്‍ ബംഗാളിന്റെ അഭിമാനമാണെന്നും വീട് സ്വകാര്യ സ്വത്തില്‍പ്പെട്ടതായതിനാല്‍ കരാറുണ്ടാക്കാനുള്ള സാധ്യതയെപ്പറ്റി അന്നത്തെ ലണ്ടന്‍ സ്ഥാനപതി രഞ്ജന്‍ മത്തായിയോയ് മമത ആവശ്യപ്പെട്ടിരുന്നു. അന്ന് വീട് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടായിരുന്നില്ല. 

ഇന്ത്യയുമായി ബന്ധമുള്ള ലണ്ടനിലെ വസ്തുവകകളോട് മമത എപ്പോഴും താത്പര്യം പ്രകടിപ്പിക്കാറുണ്ട്. 2017-ലെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റര്‍ നിവേദിത താമസിച്ചിരുന്ന വീട്ടില്‍ ബ്ലൂ പ്ലേഗ് അവര്‍ സ്ഥാപിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ വിംബിള്‍ഡണ്ണിലുള്ള 21 ഹൈ സ്ട്രീറ്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

പ്രശസ്തരായ ആളുകള്‍ താമസിച്ചിരുന്ന കെട്ടിടങ്ങള്‍ക്കുമുന്നില്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്ന ഫലകമാണ് ബ്ലൂ പ്ലേഗ്. 
വീട് വാങ്ങാനുള്ള ആശയം മികച്ചതാണെന്നും കേന്ദ്രസര്‍ക്കാരിലൂടെയോ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സഹായത്തോടെയോ വീട് വാങ്ങുന്നതാണ് ഏറ്റവും സ്വീകാര്യമായ നടപടിയെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി സ്വരാജ് പോള്‍ പറഞ്ഞു.

Content highlights: tagore london house for sale