വീട് നിര്‍മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതു തൊട്ട് മനസ്സില്‍ ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളുമൊക്കെ കാണും. പരമാവധി അവയോട് നീതി പുലര്‍ത്താനും പലരും ശ്രമിക്കാറുണ്ട്. വ്യത്യസ്തമായ വീട് എന്ന ആശയം തന്നെയാണ് ആദ്യമുണ്ടാവുക. ആരും ചിന്തിക്കാത്ത വിധത്തിലുള്ള വീടുകള്‍ നാടന്‍ ശൈലിയിലുണ്ടാക്കി കാഴ്ച്ചക്കാരെ അമ്പരപ്പിക്കുന്ന രണ്ട് യൂട്യൂബ് താരങ്ങളുണ്ട്. പരമ്പരാഗത രീതിയിലൂടെ വീടുകളുണ്ടാക്കിയാണ് ഇവര്‍ പലരെയും ഞെട്ടിക്കുന്നത്. 

കാടിനു നടുക്ക് പുറംലോകത്തോടു ബന്ധമില്ലാതെ രണ്ടുപേര്‍ മാത്രം ചേര്‍ന്ന് വീടുകളും സ്വിമ്മിങ് പൂളുകളുമൊക്കെ കെട്ടിപ്പൊക്കുന്ന കാഴ്ച്ചകളെ അത്ഭുതത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല. നേരത്തെ ഇരുവരും തയ്യാറാക്കിയ ഏറുമാടവും ചുറ്റും സ്വിമ്മിങ് പൂളുള്ള വീടും മണ്ണും വൈക്കോലും കൊണ്ടു നിര്‍മ്മിച്ച വീടുമൊക്കെ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും അണ്ടര്‍ഗ്രൗണ്ട് ഹൗസും സ്വിമ്മിങ് പൂളുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 

ഒരു ആധുനിക യന്ത്രസംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് ഇവര്‍ അനാസേന പണിയെടുക്കുന്നത്. ഒരിക്കലും ചിന്തിക്കാത്ത രീതിയിലുള്ള സ്ട്രക്ചറുകളെ പഴഞ്ചന്‍രീതികളിലൂടെ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നു കാണിച്ചുതരികയാണിവര്‍. 

സീക്രട്ട് അണ്ടര്‍ഗ്രൗണ്ട് ഹൗസും അതിനു ചുറ്റുമുള്ള സ്വിമ്മിങ് പൂളുമാണ് പുതിയ വീഡിയോയിലുള്ളത്. ഗ്രൗണ്ടില്‍ വലിയൊരു തുരങ്കമുണ്ടാക്കി ഭൂഗര്‍ഭ നിലവറയുണ്ടാക്കുകയാണ് ഇരുവരും. ഇതിനു മുകളില്‍ മുളകള്‍ കൊണ്ടുള്ള മതിലും മണ്ണും വെള്ളവും ചേര്‍ത്തുണ്ടാക്കിയ സ്ലാബുകളുമൊക്കെ ഉപയോഗിച്ച് കൊച്ചുവീടിന്റെ മാതൃകയുണ്ടാക്കുന്നു. 

ശേഷം ഒരു സ്വിമ്മിങ് പൂളും അതിനു ചുറ്റുമായി കല്ലുകൊണ്ടുള്ള ചുറ്റുമതിലും തയ്യാറാക്കുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ തന്നെ അത്രയേറെ ബലത്തിലാണ് മതില്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്. മൂന്നു ദിവസം മുമ്പ് അപ് ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇതിനകം തന്നെ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരായിട്ടുണ്ട്. 

കംബോഡിയ സ്വദേശികളായ ഈ യുവാക്കള്‍ 2015 മുതല്‍ക്ക് ഇത്തരത്തിലുള്ള വീഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ട്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: Swimming Pool Around Secret Underground House