കല്ലറ: അച്ഛന്‍, ഭാര്യയുടെ അച്ഛന്‍ എന്നിവര്‍ ജനിച്ചു വളര്‍ന്ന നിരവും അറയും ഉള്ള വീടുവിട്ട് പുതിയ കോണ്‍ക്രീറ്റ് മന്ദിരങ്ങളിലേക്കു മാറാന്‍ ഈ ദമ്പതിമാര്‍ തയ്യാറല്ല.

നൂറ്റി ഇരുപത്തിയഞ്ചോളം വര്‍ഷം പഴക്കമുള്ള പാരമ്പര്യമായി കിട്ടിയ വീട്. അവിടെ തൊണ്ണൂറിനടുത്തെത്തിയ സുകുമാരന്‍ നായരും എണ്‍പത്തിയഞ്ചുകാരി ഭാര്യ സരസ്വതി അമ്മയും സന്തോഷത്തോടെ കഴിയുന്നു. മിതൃമ്മല ഇലങ്കം ക്ഷേത്രത്തിനടുത്തുള്ള കൊച്ചുവീടെന്ന വലിയവീടാണ് പഴമയുടെ മങ്ങാത്ത അപൂര്‍വ മനോഹരകാഴ്ച സമ്മാനിക്കുന്നത്.

കൊല്ലവര്‍ഷം 1086 എന്നാണ് കെട്ടിടത്തിന്റെ കഴുക്കോലുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തേക്ക്, തേമ്പാവ് തുടങ്ങി നല്ല കാതലുള്ള തടികളാല്‍ നിര്‍മിച്ച അറകളുള്ള വീട്, നാലുമുറികള്‍ എല്ലാം തടിയില്‍ തീര്‍ത്തവ. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള താക്കോല്‍ക്കൂട്ടം ഇന്ന് വളരെ അപൂര്‍വമായ ഒരു കാഴ്ചയാകും. ഭിത്തിയില്‍ അച്ഛന്റെയും മുത്തച്ഛന്റെയും ചെറുമക്കളുടെയും ഒക്കെ ഫൊട്ടോ. കൂട്ടത്തില്‍ മാതൃഭൂമി കലണ്ടറും. വയസ്സ് തൊണ്ണൂറിനടുത്തായാലും സുകുമാരന്‍ നായര്‍ പത്രവായന മുടക്കാറില്ല. പറയത്തക്ക രീതിയില്‍ രണ്ടുപേര്‍ക്കും രോഗങ്ങളും ഇല്ല. ഒരു പക്ഷേ, പ്രകൃതിദത്തമായ ഈ വീട്ടില്‍ താമസിക്കുന്നതു കൊണ്ടാവാം തനിക്ക് രോഗങ്ങളൊന്നും ബാധിക്കാത്തതെന്നാണ് സുകുമാരന്‍നായര്‍ പറയുന്നത്.

മരണം വരെ ഈ വീട്ടില്‍ത്തന്നെ താമസിക്കണം. ഇതാണ് ഈ ദമ്പതിമാരുടെ ആഗ്രഹം. സുകുമാരന്‍ നായര്‍ക്കും സരസ്വതി അമ്മയ്ക്കും നാലുമക്കളാണ്. എല്ലാവരും പ്രത്യേകം താമസിക്കുന്നു. മക്കള്‍ മാറി മാറി അവരുടെ വീടുകളിലേക്കു വിളിച്ചെങ്കിലും കൊച്ചുവീടിന്റെ കുളിര്‍മയോളം വരില്ല ഒരു കോണ്‍ക്രീറ്റ് മാളികയുടെയും സുഖമെന്ന് ഇവര്‍ പറയുന്നു.

കടുത്ത ഉഷ്ണകാലത്തുപോലും നല്ലതണുപ്പാണ് വീടിനുള്ളില്‍. ഓലമേഞ്ഞിരുന്ന വീട് അഞ്ചുവര്‍ഷം മുന്‍പാണ് ഓടാക്കി മാറ്റിയത്. ഓലമേയാന്‍ ആളെ കിട്ടാത്തതും, ഓലയുടെ ലഭ്യതക്കുറവുമാണ് മേല്‍ക്കൂര മാറ്റാന്‍ കാരണം.

എന്തായാലും നാട്ടില്‍ ഇത്രയും പഴക്കമുള്ള വാസയോഗ്യമായ മറ്റൊരു വീട് കാണാന്‍ പ്രയാസമായിരിക്കുമെന്നാണ് പഴമക്കാരുടെ അഭിപ്രായം.

Content Highlights: sukumaran nair's 125 years old house