കോട്ടയം: 2018-ലെ പ്രളയം തകര്‍ത്ത വീടിന്റെ സ്ഥാനത്ത് പുതിയ വീട്. അവിടം ഇപ്പോള്‍ മറ്റു പ്രളയബാധിതര്‍ക്ക് അഭയകേന്ദ്രം. എല്ലാവര്‍ക്കുമുള്ള ഭക്ഷണവും തയ്യാര്‍.

നീലംപേരൂര്‍ ഈര മൂന്നാംവാര്‍ഡില്‍ കെ. കരുണാകരന്റെ സുധാഭവനം ഈ ദേശത്തെ കൂട്ടായ്മയ്ക്കും ഉദാഹരണം. വീടിന്റെ വാതിലുകള്‍ മറ്റ് പ്രളയബാധിതര്‍ക്കായി തുറന്നിട്ടിരിക്കുകയാണ് കരുണാകരന്‍.

തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും പ്രയാസപ്പെടുന്ന മറ്റുള്ളവര്‍ക്കും നല്‍കണമെന്ന് അദ്ദേഹം കരുതുന്നു.

പോയവര്‍ഷം ഇതേസമയത്ത് കരുണാകരന്റെ വീട് വെള്ളപ്പൊക്കത്തില്‍ നിലംപൊത്തി. പൊളിഞ്ഞുവീണ വീടിന്റെ ഭാഗങ്ങളെയും മുക്കി പ്രളയജലം ഉയര്‍ന്നു. ഇതോടെ കരുണാകരനും കുടുംബവും ക്യാമ്പിലേക്ക് പോയി. ഒരു വര്‍ഷത്തിനിപ്പുറം കനത്ത മഴയും പ്രളയവും വീണ്ടുമെത്തും മുമ്പേ പുതിയ വീടൊരുങ്ങി.

മൂന്നാംവാര്‍ഡിലെ ഒരു ഭാഗത്തെ സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത് കരുണാകരന്റെ മുറ്റത്താണ്. വെള്ളത്തില്‍ മുങ്ങിയ വീടുകളിലെ ഒട്ടേറെപ്പേര്‍ ഇവിടെ കഴിച്ചുകൂട്ടുന്നു. നാലുലക്ഷം രൂപയാണ് മുഴുവന്‍ തകര്‍ന്ന വീടിന് സര്‍ക്കാര്‍ നല്‍കുന്നത്. കരുണാകരന് മൂന്നുലക്ഷം രൂപ കിട്ടി. ഒന്‍പതുലക്ഷത്തോളം രൂപ ചെലവ് വന്നെന്ന് അദ്ദേഹം പറയുന്നു.

കടംവാങ്ങിയാണ് വീടുപണി ഇക്കാണുന്ന നിലയിലാക്കിയത്. എങ്കിലും തൃപ്തിയുണ്ടെന്ന് കരുണാകരന്‍. ഈ മഴക്കാലത്ത് നനയാതെ കിടക്കാമല്ലോ. കുറേപ്പേര്‍ക്ക് ഇവിടെ ഇരിക്കുകയും ചെയ്യാമല്ലോ. പോയ പ്രളയത്തിനോട് ഇതിലും മധുരമായി എങ്ങനെയാണ് പ്രതികാരം ചെയ്യുക- അദ്ദേഹം ചിരിക്കുന്നു.

Content Highlights: sudhabhavanam shelter for flood affected people