തനിച്ചു താമസിക്കുന്നവർ വാടകയ്ക്ക് വീട് തിരയുമ്പോൾ മിതമായ സൗകര്യങ്ങൾക്കായിരിക്കും മുൻഗണന നൽകുക. ബെഡ്റൂമും ലിവിങ് റൂമും അടുക്കളയുമൊക്കെ ഒരൊറ്റ ഹാളിലൊരുക്കുന്ന സ്റ്റുഡിയോ ഫ്ളാറ്റുകൾക്ക് വിദേശരാജ്യങ്ങളിൽ പ്രചാരം ഏറെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നതും വ്യത്യസ്തമായ ഒരു സ്റ്റുഡിയോ ഫ്ളാറ്റിന്റെ ചിത്രമാണ്.
യുകെയിൽ നിന്നാണ് വിചിത്രമായ ഈ ഫ്ളാറ്റിന്റെ ചിത്രം പുറത്തുവന്നിരിക്കുന്നത്. വിസ്താരമുള്ള സ്ഥലം എന്ന് പരസ്യം നൽകിയ ഫ്ളാറ്റിന്റെ അകക്കാഴ്ച്ചകൾ കാണുമ്പോഴാണ് അത്ഭുതം തോന്നുക. സംഗതി വിശാലം അല്ലെന്നു മാത്രമല്ല പരമ്പരാഗത ശൈലികളെ കാറ്റിൽപ്പറത്തിയാണ് ഇവിടെ കിടക്കാനുള്ള ഇടം പോലും ഒരുക്കിയിരിക്കുന്നത്.
വേർതിങ്ടണിലെ വെസ്റ്റ് സസക്സിലുള്ള ഈ സ്റ്റുഡിയോ ഫ്ളാറ്റിലെ കിടക്ക ഒരുക്കിയിരിക്കുന്നത് സ്റ്റെയർകെയ്സിനു തൊട്ടുമുകളിലായാണ്. അടുക്കളയാകട്ടെ കിടക്കയോടു ചേർന്നുതന്നെ. ഇനി ഈ സ്ഥലത്തിന്റെ വില എത്രയെന്നല്ലേ? ഒന്നുംരണ്ടുമല്ല ഒന്നരക്കോടിയാണ് വിശാലമെന്നു പറയുന്ന ഈ സ്ഥലത്തിനു നൽകിയിരിക്കുന്ന വില.
mOvE tO tHe sOuTh tHe PoSsiBiLiTiEs aRe eNdLeSs pic.twitter.com/TU6wiag1Ie
— 6 Chip Nat (@unfortunatalie) August 27, 2020
ട്വിറ്ററിൽ ഫ്ളാറ്റിന്റെ ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. സ്റ്റെയർകെയ്സിലാണോ ബെഡ് ബാലൻസ് ചെയ്തിരിക്കുന്നതെന്നും ബെഡിൽ നിന്ന് വീണാൽ അത് സ്റ്റെയർകെയ്സിലേക്ക് ആകുമല്ലോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ചിലരൊക്കെ തങ്ങൾ താമസിച്ച ഇത്തരത്തിലുള്ള ഫ്ളാറ്റുകളുടെ ചിത്രങ്ങളും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: studio apartment in UK is priced at Rs 1.2 crore