പാത്രത്തില്‍ നിറച്ചുവെച്ച വെള്ളം ഒരു തുള്ളിപോലും തുളുമ്പിയില്ല... ഇലയനക്കംപോലുമില്ലാതെ ഒരു പള്ളി പിന്നിലേക്ക് നീങ്ങുന്ന അത്ഭുതക്കാഴ്ച കാണാന്‍ നിരവധിപേരാണെത്തിയത്. തൃശ്ശൂർ നെടുപുഴ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയുടെ ഒരു ഭാഗമാണ് ഹരിയാനയില്‍ നിന്നുള്ളവരുടെ വൈദഗ്ധ്യത്താല്‍ പിന്നിലേക്ക് നീക്കിവെയ്ക്കുന്നത്.

അള്‍ത്താരയോടു ചേര്‍ന്ന് സങ്കീര്‍ത്തിയടക്കം 3100 ചതുരശ്രയടിവരുന്ന മൂന്നുനിലയാണ് ഉയര്‍ത്തിയശേഷം ഏഴുമീറ്റര്‍ പിന്നിലേക്ക് വയ്ക്കുന്നത്.

പള്ളിയുടെ വലുപ്പം കൂട്ടുന്നതിനാണ് ഒരു ഭാഗം നീക്കി സ്ഥാപിക്കുന്നതെന്ന് വികാരി ഫാ. ജോഷി ആളൂര്‍ പറഞ്ഞു. പുതിയ കെട്ടിടം നിര്‍മിക്കാന്‍ കുറഞ്ഞത് 46 ലക്ഷം രൂപ ചെലവിടണം. എന്നാല്‍ നീക്കിവെച്ച് വലുപ്പം കൂട്ടാന്‍ 22 ലക്ഷം രൂപ മതി. രണ്ടരമാസത്തിനുള്ളില്‍ പണി തീര്‍ക്കാമെന്ന് ഹരിയാനയില്‍നിന്നുള്ള ടി.ഡി.ബി.ഡി. എന്‍ജിനീയറിങ് വര്‍ക്സ് സ്ഥാപനം ഉറപ്പും നല്‍കി.

1918-ല്‍ സ്ഥാപിച്ച പള്ളി 20 വര്‍ഷം മുമ്പ് പുതുക്കിപ്പണിതതാണ്. ഞായറാഴ്ചയോടെ ഏഴു മീറ്റര്‍ പിന്നിലേക്ക് നീക്കുന്ന ജോലി പൂര്‍ത്തിയാകും. തുടര്‍ന്ന് ഉയര്‍ത്തിവെച്ച ഭാഗം പുതിയ തറയില്‍ ഉറപ്പിക്കും. ഇത് ബലപ്പെടാന്‍ 15 ദിവസമെടുക്കും.

church
പള്ളി നീക്കുന്നതിനു മുമ്പ്

തറയുമായുള്ള ബന്ധം വിച്ഛേദിച്ച് നീക്കിവയ്‌ക്കേണ്ട ഭാഗം ജാക്കിവെച്ച് ഉയര്‍ത്തുന്ന ജോലിക്ക് മുപ്പതുപേരുണ്ടായി. താഴത്തെ നിലയിലെ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. മുകള്‍നില അതുപോലെത്തന്നെ സൂക്ഷിച്ചു. പ്രാഥമികജോലികള്‍ ഡിസംബറില്‍ തുടങ്ങിയതാണ്. ജനാലയ്ക്കുള്ളിലെ ഭാഗത്ത് ഹോളോബ്രിക്സ് ഉപയോഗിച്ച് കെട്ടി ഉയര്‍ത്തി. വായുസമ്മര്‍ദം മൂലമുള്ള അപകടമൊഴിവാക്കാനാണിത്.

കെട്ടിടങ്ങള്‍ ഉയര്‍ത്തിവയ്ക്കുന്നത് സാധാരണമാണെങ്കിലും കേടുപാടുകള്‍ വരുത്താതെ നീക്കിവയ്ക്കുന്നത് അപൂര്‍വമാണ്. മാറ്റിവയ്ക്കുന്ന പള്ളിയുടെ ഭാഗത്തിന് 25 വര്‍ഷത്തെ ഗാരന്റിയുണ്ട്. മേയില്‍ പണികളെല്ലാം പൂര്‍ത്തിയാകും.

കേരളത്തില്‍ തിരുവനന്തപുരത്ത് 2000 ചതുരശ്ര അടിയുള്ള ഇരുനില കെട്ടിടമാണ് ഇതിനുമുമ്പ് ഈ കമ്പനി നീക്കിവെച്ചിട്ടുള്ളത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുനിതാ വിനോദിന്റെ ശ്രീകേരളവര്‍മ കോളേജിന് സമീപമുള്ള വീടും തലോര്‍ മേല്‍പ്പാലത്തിന് താഴെ മൂന്നുനില കെട്ടിടവും കുറച്ചുനാള്‍ മുമ്പ് ഉയര്‍ത്തിയിരുന്നു.

Content Highlights: St.John the Baptist Church Nedupuzha