കോഴിക്കോട്: വിരലടയാളം, പാസ്വേഡ്, ആര്‍.എഫ്. ഐ.ഡി. കാര്‍ഡ് എന്നിവകൊണ്ട് തുറക്കാവുന്ന തരത്തില്‍ വാതിലില്‍ ഘടിപ്പിച്ച സ്മാര്‍ട്ട് ലോക്ക്, റിമോട്ട് ഉപയോഗിച്ചും വീടിന്റെ വാതില്‍ തുറക്കാന്‍ സാധിക്കുന്ന സംവിധാനം... ഏയ്തര്‍ അമേരിക്കന്‍ എക്സ്പോര്‍ട്ട്സ് ആന്‍ഡ് ഇംപോര്‍ട്ട്സ് വികസിപ്പിച്ചെടുത്ത സ്മാര്‍ട്ട് ലോക്കാണ് വീടിന്റെ പൂട്ടും സ്മാര്‍ട്ടാക്കി കാലത്തിനനുസരിച്ച് കോലംമാറുന്നത്.

കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് എതിര്‍വശത്തെ പി.വി.കെ.പ്രോപ്പര്‍ട്ടി ഗ്രൗണ്ടില്‍ അരങ്ങേറുന്ന മാതൃഭൂമിയുടെ 'മൈ ഹോം' ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ബില്‍ഡിങ് എക്സ്പോയാണ് സ്മാര്‍ട്ട് ലോക്ക് പോലുള്ള വൈവിധ്യംകൊണ്ട് വേറിട്ടുനില്‍ക്കുന്നത്. പ്രവേശനം സൗജന്യമായ മേളയ്ക്ക് തിങ്കളാഴ്ച കൊടിയിറങ്ങാനിരിക്കെ പുതുമകളുടെ നീണ്ടനിരയ്ക്ക് സാക്ഷ്യംവഹിക്കാനും സ്വന്തമാക്കാനും നിരവധി പേരാണ് 'മൈഹോം' നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് എട്ട് വരെയാണ് പ്രദര്‍ശനം.

നിലവിലുള്ള വാതിലുകള്‍ക്ക് കേടുപാടുകളൊന്നും വരുത്താതെതന്നെ ലോക്ക് സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കാവുന്ന തരത്തിലാണ് ബയോമെട്രിക് സ്മാര്‍ട്ട് ലോക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഫിംഗര്‍പ്രിന്റ്, റിമോട്ട്, ആര്‍.എഫ്. ഐ.ഡി, നമ്പര്‍ ലോക്ക് എന്നിങ്ങനെ വിവിധ വേരിയന്റുകളിലായാണ് ഡിജിറ്റല്‍ പൂട്ട് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. താക്കോലില്ലാതെതന്നെ വാതില്‍ തുറക്കാമെന്നതും ആരൊക്കെ വാതില്‍ തുറന്നുവെന്ന വിവരം സ്മാര്‍ട്ട് ആപ്പ് വഴി ലഭ്യമാവുമെന്നതും ഇതിനെ വേറിട്ടുനിര്‍ത്തുന്നുണ്ട്. സ്മാര്‍ട്ട് ലോക്കിനൊപ്പം ഓട്ടോമാറ്റിക് ആയി പ്രകാശിക്കുകയും അണയുകയും ചെയ്യുന്ന 'ഓള്‍ ഇന്‍ വണ്‍ സോളാര്‍ ലൈറ്റും' സ്റ്റാളിലുണ്ട്.

വിലക്കുറവുള്ള ഉത്പന്നങ്ങള്‍മുതല്‍ അമാന ടൊയോട്ടയുടെ ബുക്കിങ് സൗകര്യത്തോടെയുള്ള കാറുകള്‍വരെ പ്രദര്‍ശനത്തിലുണ്ട്. രാജ്യത്തെ മുന്‍നിര ബില്‍ഡര്‍മാരും, ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈന്‍ രംഗങ്ങളിലെ പ്രമുഖ കമ്പനികളുമെല്ലാം അന്‍പത് സ്റ്റാളുകളിലായി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിരിക്കുന്നത്. ആകര്‍ഷകമായ വിലക്കിഴിവാണ് എല്ലാ സ്റ്റാളുകളിലും ലഭ്യമാക്കുന്നത്.

സോഫാസെറ്റികള്‍, ടേബിള്‍-ചെയര്‍ സെറ്റുകള്‍, കട്ടിലുകള്‍, സ്വിച്ച് ബോര്‍ഡ് ഓണ്‍ലൈനായി പ്രവര്‍ത്തിപ്പിക്കാവുന്ന 'പെര്‍ട്ട്', പി.വി.സി. രഹിത പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച മഴവെള്ളപ്പാത്തി, എണ്ണയില്ലാതെ സ്നാക്സ് നിര്‍മ്മിക്കുന്ന 'സ്നാക്ക് മേക്കര്‍', യന്ത്രച്ചിരവ, വൈദ്യുതി ആവശ്യമില്ലാത്ത ട്രെഡ്മില്ലുകള്‍, നൂതനമാതൃകയിലുള്ള ഹാങ്ങിങ് ലൈറ്റുകള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനറുകള്‍, വാള്‍ ടെക്സ്ചര്‍ പെയിന്റിങ്ങുകള്‍, ഒരു താക്കോല്‍തിരിക്കല്‍കൊണ്ട് 13 താഴുകളിടുന്ന ഹൈടെക് ഡോറുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, വാസ്തുശൈലികള്‍ തുടങ്ങിയ പ്രദര്‍ശനത്തിന് മിഴിവേകുന്നുണ്ട്.

മേളയോടനുബന്ധിച്ച് ഹോംലോണ്‍ വിഷയത്തില്‍ എസ്.ബി.ടി. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി. സേതുമാധവന്‍ നായര്‍, എസ്.ബി.ടി. ചീഫ് മാനേജര്‍ ഭാസ്‌കരന്‍ ചട്ടിക്കല്‍, മേപ്പയ്യൂര്‍ ബ്രാഞ്ച് മാനേജര്‍ മനോഹരന്‍ എന്നിവര്‍ ക്ലാസെടുത്തു. കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും അരങ്ങേറി.