സ്വന്തമായൊരു വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്‌നമാണ്. സങ്കല്‍പ്പത്തിന് അനുസരിച്ചുള്ള വീട് നിര്‍മിക്കുന്നതിന് മിക്കവരും തങ്ങളുടെ സമ്പാദ്യമെല്ലാം ചെലവഴിക്കും. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍നിന്നുള്ള ഒരു കൊച്ചുമിടുക്കിയും സഹോദരങ്ങളും ചേര്‍ന്ന് ഇത്രനാളത്തെ സമ്പാദ്യത്തില്‍നിന്ന് വാങ്ങിയത് ഒരു വീടും സ്ഥലവുമാണ്. 

റൂബി മക്ലെല്ലാന്‍ എന്ന ആറുവയസ്സുകാരിയാണ് ചെറുപ്രായത്തിനിടെ 671000 ഡോളര്‍ മൂല്യമുള്ള(5 കോടി രൂപ) വീടും സ്ഥലവും വാങ്ങിയത്. സഹോദരി ലൂസിയും സഹോദരന്‍ ഗസും തങ്ങളുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് റൂബിക്ക് നല്‍കി. വീട്ടിലെ ജോലികള്‍ ചെയ്തും പിതാവിന്റെ ബെസ്റ്റ് സെല്ലിങ് ബുക്കിന്റെ പാക്കിങ്ങിന് സഹായിച്ചുമാണ് സ്ഥലം വാങ്ങുന്നതിനുള്ള പണം മൂവരും കണ്ടെത്തിയത്. 

തെക്കുകിഴക്കന്‍ മെല്‍ബണിലെ ക്ലൈഡ് എന്ന സ്ഥലത്താണ് ഭാഗികമായി പണി കഴിപ്പിച്ച വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ സ്ഥലത്തിന് മൂല്യമേറി വരുന്നതായി കാം പറഞ്ഞു. 2032-ല്‍ ഈ വീടും സ്ഥലവും വിറ്റ് ലാഭം വീതം വയ്ക്കാനാണ് കുട്ടികളുടെ പദ്ധതിയെന്നും വീട് വാങ്ങുന്നതിന് താന്‍ കുട്ടികളെ സഹായിച്ചുവെന്നും അദ്ദേഹം ഓസ്ട്രേലിയൻ മാധ്യമമായ 7 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രോപ്പര്‍ട്ടി ഇന്‍വെസ്റ്റ്‌മെന്റ് വിദഗ്ധനാണ് അദ്ദേഹം. 

ദിനംപ്രതി ഭൂമിയുടെ വില കുതിച്ചുയരുന്ന ഓസ്‌ട്രേലിയയില്‍ മക്കള്‍ക്ക് ആവശ്യമായ വസ്തു വാങ്ങാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് അവിടുത്തെ ഭൂരിഭാഗം മാതാപിതാക്കളും. ഏകദേശം ഒരു മില്ല്യണ്‍ ഡോളറാണ് (ഏകദേശം 7.5 കോടി രൂപ) ഒരു വീടിന്റെ നിലവിലെ കുറഞ്ഞ വില.

Content highlights: six year old girl, bought new house and plot, five crore rupees