ബോളിവു‍ഡിലെ ഇതിഹാസ താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കപൂറിന്റെയും പൈതൃക ഭവനങ്ങൾ വാങ്ങാൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വായിലെ പ്രവിശ്യാ സർക്കാർ തീരുമാനിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചുകിട്ടിയ തന്റെ പുരാതനഭവനത്തിന്റെ ചിത്രങ്ങൾ കണ്ട് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ദിലീപ് കുമാർ. 

പാകിസ്താനിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ പങ്കുവച്ച ചിത്രങ്ങളോടാണ് തൊണ്ണൂറ്റിയേഴുകാരനായ ദിലീപ് കുമാറിന്റെ പ്രതികരണം  മാധ്യമപ്രവർത്തകനായ ഷിരാസ് ഹസ്സനാണ് ദിലീപ് കുമാറിന്റെ വീടിന്റെ നാലോളം ചിത്രങ്ങൾ പങ്കുവച്ചത്.  ഷിരാസ് ഹസ്സന് നന്ദിയറിയിച്ച ദിലീപ് കുമാർ തന്റെ വീടിന്റെ ചിത്രങ്ങൾ പെഷാവറിലെ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ അതു പങ്കുവെക്കാനും ആവശ്യപ്പെടുന്നുണ്ട്. പെഷാവറിൽ നിന്നുള്ള നിരവധി പേർ വീടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ദിലീപ് കുമാറിനെ ടാ​ഗ് ചെയ്യുന്നുമുണ്ട്. 

ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ തകർച്ചാഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും ഭവനങ്ങൾ വാങ്ങാൻ പാക് സർക്കാർ തീരുമാനിച്ചത്. ദേശീയ പൈതൃകമായി പ്രഖ്യാപിക്കുകയും പെഷാവർ ന​ഗരത്തിന്റെ ഹൃദയഭാ​ഗത്ത് സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഈ രണ്ട് കെട്ടിടങ്ങൾ വാങ്ങാനായി ഖൈബർ പഖ്തുൻഖ്വായിലെ പുരാവസ്തു​ഗവേഷക വകുപ്പ് മതിയായ തുക നീക്കിവച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളർന്ന ഈ കെട്ടിടങ്ങളുടെ തുക വിലയിരുത്താൻ പെഷാവറിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഔദ്യോ​ഗിക കത്തയച്ചതായി പുരാവസ്തുവകുപ്പിന്റെ മേധാവിയായ ഡോ.അബ്ദുസ് സമദ് ഖാൻ അറിയിച്ചിരുന്നു.

2014ലാണ് ദിലീപ് കുമാറിന്റെ 100 വർഷത്തോളം പഴക്കമുള്ള വീടിനെ ദേശീയ പൈതൃകപ്പട്ടികയിൽ ഉൾക്കൊള്ളിച്ചത്. 

ഈ കെട്ടിടങ്ങളുടെ നിലവിലെ ഉടമകൾ നിരവധി തവണ ഇരു കെട്ടിടങ്ങളും പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഇടപെടൽ മൂലം നടക്കാതെ വരികയായിരുന്നുവെന്ന് സമദ് ഖാൻ പറയുന്നു. കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങൾ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാൽ ചരിത്രപ്രാധാന്യം പരി​ഗണിച്ച് അവയെ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു. 

Content Highlights: Share Pics Of My Ancestral House, Dilip Kumar Requests People In Peshawar