മുംബൈ: ഓഹരിക്കച്ചവടത്തിൽനിന്ന് സമ്പാദ്യംനേടിയെടുത്ത യുവാവ് വീട് പണികഴിപ്പിച്ചപ്പോൾ ഓഹരി വിപണിയെ മറന്നില്ല. ഓഹരി വിപണിയോട് മാത്രമാണ് കടപ്പാടെന്ന് പറയുന്ന ബദ്‌ലാപുർ നിവാസി മുകുന്ദ് കാനോരെ (31) വീടിന് നൽകിയിരിക്കുന്ന പേര് ‘ഷെയർമാർക്കറ്റ് ചി കൃപ’ എന്നാണ്. മറാഠിയിലുള്ള ഈ പേരിന്റെ അർഥം ‘ഓഹരി വിപണിയുടെ കൃപ’ എന്നാണ്.

ബദ്‌ലാപുർ- കർജത്ത് സംസ്ഥാന പാതയിൽ മാർബിൾ ശിലകൾ പാകിയ വില്ലയുടെ മുമ്പിലുള്ള പേര് ഇതുവഴി കടന്നുപോകുന്നവരുടെ ശ്രദ്ധപിടിച്ചുപറ്റുന്നു. സ്വപ്‌നസാഫല്യത്തിന് നൽകാൻ മറ്റൊരു പേരുപോലും മനസ്സിൽ വന്നില്ലെന്ന് മുകുന്ദ് പറഞ്ഞു. 10,000 ചതുരശ്രയടി വിസ്തീർണമുള്ള വില്ല മൂന്നുകോടിരൂപ ചെലവഴിച്ചാണ് പണികഴിപ്പിച്ചത്.

mukund
മുകുന്ദും ഭാര്യയും വില്ലയ്ക്കുമുമ്പിൽ

കേവലം 300 ചതുരശ്രയടി വിസ്തീർണമുള്ള ഒരു ചെറിയ ഫ്ളാറ്റിലായിരുന്നു മുകുന്ദും ഭാര്യയും താമസിച്ചിരുന്നത്. സഹോദരനും അമ്മയും അടുത്തുള്ള ഒരു ചെറിയ വീട്ടിലാണ് (ചാൽമുറി) താമസം. അവരേയും പുതിയവീട്ടിലേക്ക് കൊണ്ടുവരുമെന്നും എല്ലാവരും ഇനിമുതൽ ഒന്നിച്ചുകഴിയുമെന്നും മുകുന്ദ് വ്യക്തമാക്കി.

വല്ല്യച്ഛൻ ശിവലാൽ ആണ് ഓഹരി വിപണിയെ സംബന്ധിച്ച ബാലപാഠങ്ങൾ മുകുന്ദിന് നൽകിയത്. ബിരുദത്തിനുശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരീറ്റിസ് മാർക്കറ്റ്‌സിൽനിന്ന് സർട്ടിഫിക്കറ്റ് നേടിയാണ് ഓഹരിവിപണിയിൽ ഇറങ്ങിയത്. മാതാപിതാക്കാൾക്ക് ആദ്യം ഇതിനോട് യോജിപ്പില്ലായിരുന്നുവെന്നും ജോലിനേടി കുടുംബം പോറ്റണമെന്നുള്ള ആഗ്രഹമായിരുന്നു അവർക്ക് തന്നെക്കുറിച്ചുണ്ടായിരുന്നതെന്നും മുകുന്ദ് പറഞ്ഞു. പിന്നീട് സ്ഥിതി മാറി.

ഓഹരിവിപണിയിലെ നിക്ഷേപസാധ്യതകളെക്കുറിച്ച് നിക്ഷേപകർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനായി യുട്യൂബ് ചാനലും മുകുന്ദ് ആരംഭിച്ചിട്ടുണ്ട്.

Contet Highlights: share market chi krupa, mukund express gratitude to share market in house name, house plan ideas