മരട്: സുപ്രീംകോടതി വിധിയുടെ ഭാഗമായി ഒരു മാസത്തിനകം പൊളിച്ചു നീക്കാനാവശ്യപ്പെട്ട മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകളിലെ താമസക്കാര്‍ ആശങ്കയിലായി. നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി കായല്‍ തീരത്ത് ഒരേക്കറിലേറെ സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ചിട്ടുള്ള ഫ്ലാറ്റ് സമുച്ചയങ്ങളാണിവ. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയതു മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവ വരെയുണ്ട് ഇതില്‍. ഫ്ലാറ്റുടമകളിലേറെയും വാങ്ങി വാടകയ്ക്ക് നല്‍കിയ ശേഷം ജോലി സംബന്ധമായി വിദേശത്തുള്ളവരാണ്. നഗരസഭ നല്‍കിയിട്ടുള്ള അണ്‍ ഓതറൈസ്ഡ് നമ്പറിലാണ് ഈ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ കെട്ടിട നികുതി അടയ്ക്കുന്നതും.

flat
കായലോരം അപ്പാര്‍ട്‌മെന്റ്‌സ്

ഗോള്‍ഡന്‍ കായലോരം

കൊച്ചി ബൈപ്പാസില്‍നിന്ന് പടിഞ്ഞാറോട്ടു മാറി 300 മീറ്റര്‍ ദൂരത്തില്‍ ചമ്പക്കര കനാല്‍ തീരത്താണ് ഈ ഫ്ലാറ്റ് സമുച്ചയം. അറുപത് സെന്റ് സ്ഥലത്ത് മൂന്ന് മുറികളോടു കൂടി പത്ത് നിലകളിലായി 40 കുടുംബങ്ങളാണിവിടെ താമസം. 2006-ല്‍ ഒരു ഫ്ലാറ്റിന് 45 ലക്ഷം മുടക്കിയാണ് പലരും വാങ്ങിയത്. കോടതി വിധിയറിഞ്ഞ് ആശങ്കയിലായ താമസക്കാര്‍ ഫ്ലാറ്റുടമയെ സമീപിച്ച് പരിഹാരം തേടാനുള്ള തയ്യാറെടുപ്പിലാണ്.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്മെന്റ്

കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്ന് 200 മീറ്റര്‍ ദൂരത്തില്‍ കുണ്ടന്നൂര്‍ കായല്‍ തീരത്ത് പടിഞ്ഞാറഭിമുഖമായിട്ടാണ് ഈ ഫ്ലാറ്റ്. ഒരേക്കര്‍ സ്ഥലത്ത് 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഈ ഫ്ലാറ്റിൽ ഒരു അപ്പാര്‍ട്ട്മെന്റിന് ഒരു കോടി മുതല്‍ മൂന്നു കോടി വരെയായിരുന്നു വില. കായല്‍ തീരത്തു നിന്ന് പത്ത് മീറ്റര്‍ മാത്രം അകലെയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കായല്‍ തീരത്ത് കാര്‍ പാര്‍ക്കിങ്ങും പൂന്തോട്ടവുമാക്കി ബാക്കിയുള്ള സ്ഥലം ഉപയോഗിച്ചിരിക്കുന്നു. നൂറിലേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഉടമകളില്‍ പകുതിയും കെട്ടിടം വാങ്ങി വാടകയ്ക്കു നല്‍കിയ ശേഷം വിദേശത്താണ് താമസം.

ജെയിന്‍ ഹൗസിങ്

flat

കൊച്ചി ബൈപ്പാസില്‍ നെട്ടൂര്‍ ഐ.എന്‍.ടി.യു.സി. ജങ്ഷനില്‍നിന്ന് 300 മീറ്റര്‍ കിഴക്കോട്ടു മാറി രാജ്യാന്തര മാര്‍ക്കറ്റിനു സമീപം കായല്‍ തീരത്താണ് ഈ ഫ്ലാറ്റ് സമുച്ചയം. 80 സെന്റ് സ്ഥലത്ത് 12 നിലകളിലായി 30,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് ഈ ഫ്ലാറ്റ് സമുച്ചയം. ഫ്ലാറ്റിന്റെ നൂറു മീറ്റര്‍ ദൂരത്തിലാണ് നഗരസഭയുടെ പൊതു ശ്മശാനം. സംസ്‌കാര ചടങ്ങിനിടെ കാറ്റടിച്ച് പുക ഫ്ലാറ്റിലേയ്ക്ക് ചെല്ലുന്നതിനാല്‍ ഇവിടെ താമസക്കാര്‍ വളരെ കുറവാണ്. വാങ്ങിയ ശേഷം ഉടമകള്‍ വാടകയ്ക്ക് നല്‍കിയെങ്കിലും, വാടകക്കാര്‍ പോലും ഇവിടെ താമസിക്കാന്‍ തയ്യാറല്ല. നെട്ടൂര്‍ കായല്‍ തീരത്തുനിന്ന് വെറും മൂന്നു മീറ്റര്‍ ദൂരത്തിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

ആല്‍ഫ വെന്‍ച്വര്‍

flat

നെട്ടൂരില്‍ കുണ്ടന്നൂരിലേക്കുള്ള കടത്തുകടവിനു സമീപം ഒരേക്കര്‍ സ്ഥലത്ത് 10 നിലകള്‍ വീതം രണ്ട് സമുച്ചയങ്ങളായിട്ടാണ് ഇവയുടെ നിര്‍മാണം. കായല്‍ തീരത്തുനിന്ന് 10 മീറ്റര്‍ മാത്രം ദൂരത്തിലാണിവ നിര്‍മിച്ചിരിക്കുന്നത്. കുണ്ടന്നൂര്‍ കടത്തുകടവ് മുതല്‍ 'അലക്‌സ് റിസോര്‍ട്ട്' വരെ 500 മീറ്റര്‍ ദൂരത്തില്‍ നൂറു മീറ്റര്‍ മാത്രം വീതിയിലുള്ള കായല്‍ തീരഭൂമിയിലാണ് ഇവയുടെ നിര്‍മാണം. മരട് നഗരസഭാ ഓഫീസിന്റെ അകത്തുനിന്നു നോക്കിയാല്‍ കാണാവുന്ന ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Content Highlights: SC orders demolition of four flats in Kochi