കൊച്ചി: സ്‌ഫോടനത്തിന്റെ ക്രമത്തില്‍ മാറ്റം വരുത്തി ഫ്ലാറ്റുകള്‍ വീഴുന്നതിന്റെ രീതി പൂര്‍ണമായി നിയന്ത്രിക്കാനാകുമെന്ന് നിയന്ത്രിത സ്‌ഫോടന വിദഗ്ദ്ധന്‍ എസ്.ബി. സര്‍വാതെ. വേണമെങ്കില്‍ അല്‍പം ചരിച്ചും വീഴ്ത്താം. ഇതെല്ലാം സാഹചര്യങ്ങളനുസരിച്ച് വ്യത്യസ്തമായിരിക്കും-'മാതൃഭൂമി'ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ദ്ധനാണ് ഇന്ദോറുകാരനായ സര്‍വാതെ.

* ആല്‍ഫ ഫ്ലാറ്റ് പൊളിക്കുമ്പോള്‍ കുറച്ചുഭാഗം കായലില്‍ വീഴുമെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. ഇത് ഒഴിവാക്കാന്‍ കഴിയില്ലേ?

ആല്‍ഫയുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വേണ്ടിവരും. എത്രമാത്രമെന്ന് തീരുമാനിക്കണം. ചില ഭിത്തികളില്‍ സ്‌ഫോടകവസ്തു നിറയ്ക്കില്ല. വീഴുമ്പോഴുള്ള ആഘാതം കുറയ്ക്കാനാണിത്. സ്‌ഫോടനരീതി നിയന്ത്രിക്കുന്ന കാര്യം പറഞ്ഞല്ലോ. സമീപത്ത് വീടുകളുള്ളതിനാല്‍ അവയ്ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യ ലക്ഷ്യം. അതിനാല്‍ കായലിലേക്ക് കുറച്ച് അവശിഷ്ടങ്ങള്‍ വീണേക്കും. ഇത് ശുചീകരിക്കാവുന്നതേയുള്ളൂ. വീടുകള്‍ പൂര്‍ണമായി സുരക്ഷിതമായിരിക്കും.

* ആല്‍ഫയിലെ നീന്തല്‍ക്കുളം പൊളിച്ചപ്പോള്‍ത്തന്നെ സമീപത്തെ വീടുകളില്‍ വിള്ളലുണ്ടായി. ഇതാണ് സമീപവാസികള്‍ക്ക് ആശങ്കയുണ്ടാക്കുന്നത്

നീന്തല്‍ക്കുളം പൊളിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. പൂര്‍ണമായി വീഴ്ത്താന്‍ പോകുന്ന ഫ്ലാറ്റിന്റെ നീന്തല്‍ക്കുളം എന്തിനാണ് പൊളിക്കുന്നത്. ഇതാണ് എതിര്‍പ്പുകള്‍ക്ക് കാരണമായത്. ഇത് ചെയ്യുന്ന കാര്യം എനിക്കോ സബ് കളക്ടര്‍ക്കോ (സ്‌നേഹില്‍കുമാര്‍ സിങ്) അറിയില്ലായിരുന്നു.

* ഫ്ലാറ്റുകള്‍ വീഴുമ്പോഴുള്ള പ്രകമ്പനത്തിന്റെ ആഘാതം എങ്ങനെയാവുമെന്ന് ആശങ്കകളുണ്ട് ?

പേടിക്കേണ്ട ഒരു കാര്യവുമില്ല. ഒറ്റയടിക്കല്ല ഫ്ലാറ്റ് നിലംപതിക്കുക. ഗുരുത്വാകര്‍ഷണ ബലം അടിസ്ഥാനപ്പെടുത്തിയാണ് സ്‌ഫോടനം നടത്തുക. ഏറ്റവും മുകളിലാണ് പൊട്ടിത്തുടങ്ങുക. ഇത് താഴേക്ക് പതിക്കുമ്പോള്‍ ആ ഭാരം കൂടി താഴത്തെ നിലകള്‍ക്ക് വരുന്നു. തുടര്‍ന്ന് താഴെയും പൊട്ടിത്തുടങ്ങും. ഇങ്ങനെ മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഫ്ലാറ്റ് താഴേക്ക് പതിക്കുക. ഒന്നോ ഒന്നരയോ മിനിറ്റില്‍ പ്രക്രിയ പൂര്‍ത്തിയാകും.

* ചുറ്റുമുള്ള പ്രദേശങ്ങള്‍ ചതുപ്പായതിനാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?

ചുറ്റും അധികം സ്ഥലമില്ലാത്തതിനാല്‍ നേരേ താഴേക്ക് (വെര്‍ട്ടിക്കല്‍ ഫോള്‍) പതിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. ഘട്ടം ഘട്ടമായി വരുന്നതിനാല്‍ ഭൂമിയിലെ ആഘാതം വളരെ ചെറുതായിരിക്കും. ചതുപ്പാണോ ഉറച്ച സ്ഥലമാണോ എന്നതൊന്നും പ്രസക്തമല്ല. ഞങ്ങള്‍ ഭൂമിക്കടിയിലേക്ക് ഒന്നും ചെയ്യുന്നില്ല. ഭൂനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ മുകള്‍ വരെയെ ഞങ്ങളുടെ ജോലികള്‍ എത്തുന്നുള്ളൂ.

* സ്‌ഫോടനം ഒന്നു വിശദീകരിക്കാമോ?

നിയന്ത്രിത സ്‌ഫോടനത്തില്‍ കൃത്യമായ ഒരു ചട്ടക്കൂടൊന്നുമില്ല. കെട്ടിടത്തിന്റെ വലിപ്പം, പ്രായം, തൂണുകളുടെ വലിപ്പം തുടങ്ങിയവ കണക്കിലെടുത്താണ് സ്‌ഫോടനം തയ്യാറാക്കുന്നത്. ഏതൊക്കെ നിലകളില്‍ സ്‌ഫോടകവസ്തു നിറയ്ക്കണം, ഏതെല്ലാം തൂണുകളിലും ഭിത്തികളിലും വേണം, ഏത് ഭിത്തികള്‍ ഒഴിച്ചിടണം, സ്‌ഫോടകവസ്തുവിന്റെ അളവ്, എത്ര സുഷിരങ്ങള്‍ വേണം തുടങ്ങിയവയെല്ലാം ഓരോ ഫ്ലാറ്റിനും വ്യത്യസ്തമായിരിക്കും. നൈട്രേറ്റ് മിശ്രിതങ്ങളാണ് സ്‌ഫോടകവസ്തുവായി ഉപയോഗിക്കുന്നത്. ഇത് സുഷിരങ്ങളില്‍ നിറച്ച് മില്ലി സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പൊട്ടിക്കുന്നത്.

* 250-ഓളം സ്‌ഫോടനങ്ങള്‍ നടത്തിയ ആളാണ് താങ്കള്‍. മരടിലേതാണോ ഏറ്റവും വലുത്?

അതെ. ഇതുവരെ പൊളിച്ചതില്‍ വലുത് 11 നിലയായിരുന്നു. ഇത് 18-19 നിലയുള്ളതല്ലേ. പക്ഷേ വളരെ അനുഭവസമ്പത്തുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നത്. പൂര്‍ണമായും സുരക്ഷിതമായിരിക്കും. എന്റെ ഇത്രയുംകാലത്തെ അനുഭവംവെച്ചാണിത് പറയുന്നത്.

* താങ്കള്‍ എങ്ങനെയാണ് ഈ പ്രോജക്ടിലേക്ക് എത്തിയത്?

അതൊരു അദ്ഭുതമായിരുന്നു. സാധാരണ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഏതെങ്കിലും സ്‌ഫോടനം നടത്തുമ്പോള്‍ എന്നെ കണ്‍സള്‍ട്ടന്റായി വിളിക്കാറുണ്ട്. ഇവിടെ സംസ്ഥാന സര്‍ക്കാര്‍ അവരുടെ പ്രതിനിധിയായി സ്‌ഫോടനങ്ങളുടെ മേല്‍നോട്ടം വഹിക്കാന്‍ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു. സര്‍ക്കാരിന്റെയും സാധാരണ ജനങ്ങളുടെയും എന്നിലുള്ള വിശ്വാസം കാക്കും.

* നിയന്ത്രിത സ്‌ഫോടനം ഒരു പാഠ്യവിഷയമാക്കേണ്ടതുണ്ടോ?

സിവില്‍ എന്‍ജിനീയര്‍മാരെ നിര്‍ബന്ധമായും പഠിപ്പിക്കണം. നിയമവിരുദ്ധ കെട്ടിടങ്ങള്‍ മാത്രമല്ല പൊളിക്കുന്നത്. വിപുലീകരണത്തിനായി പഴയ കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരാറുണ്ട്. കുറഞ്ഞ ചെലവില്‍, കുറഞ്ഞ സമയത്തിനുള്ളില്‍ ഇംപ്ലോഷന്‍ നടത്താനാകും.

സര്‍വാതെ സ്‌ഫോടന വിദഗ്ദ്ധനായത് ഇങ്ങനെ

1996-ല്‍ ഇന്ദോര്‍ ഹൈക്കോടതി ഒരു അഞ്ചുനില കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടു. ആളുകളെ ഉപയോഗിച്ച് പൊളിക്കാന്‍ തുടങ്ങിയെങ്കിലും ഇത് നീണ്ടുപോയി. ആരോ പറഞ്ഞാണ് മൈനിങ് എന്‍ജിനീയറായ സര്‍വാതെയെ ജില്ലാ ഭരണകൂടം അന്വേഷിച്ചത്. ഹൈദരാബാദില്‍നിന്ന് ഇന്ദോര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉദ്യോഗസ്ഥര്‍ 'പിടികൂടി'യപ്പോള്‍ അദ്ദേഹം പേടിച്ചുപോയി. തനിക്ക് മുന്‍പരിചയമില്ലെന്ന് പറഞ്ഞുനോക്കി. പക്ഷേ ജില്ലാ ഭരണകൂടം നിര്‍ബന്ധിച്ചപ്പോള്‍ ഒരു പരീക്ഷണമെന്ന നിലയ്ക്ക് ഏറ്റെടുത്തു. മുകള്‍ നില മുതല്‍ നാല് ഘട്ടമായാണ് പൊട്ടിച്ചുതീര്‍ത്തത്. ചുറ്റുപാടും ഒന്നും സംഭവിക്കാതെ ചെയ്തതിനാല്‍ ധൈര്യമായി. ഇതോടെ ആളുകള്‍ അന്വേഷിച്ചുവരാന്‍ തുടങ്ങി. ഇപ്പോള്‍ 250-ലധികമായി.

Content Highlights: sarwate on maradu flat controlled implosion