മുംബൈ : കഴിഞ്ഞ പത്തുവർഷത്തിനിടെ ഫ്ളാറ്റ് വിൽപ്പന ഏറ്റവും കൂടുതൽ നടന്ന വർഷമാണ് കടന്നുപോയത്. 1.1 ലക്ഷം വസ്തു രജിസ്‌ട്രേഷനാണ് 2021-ൽ നടന്നത്. 2020-നെ അപേക്ഷിച്ച് 70 ശതമാനത്തോളം വർധനയാണിതെന്ന് സ്ഥിതിവിവരകണക്കുകൾ വ്യക്തമാക്കുന്നു. ഡിസംബറിൽ മാത്രം 9406 രജിസ്‌ട്രേഷനുകളാണ് നടന്നത്. ഈ ഇടപാട് മുഖേന സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ സർക്കാരിന് ലഭിച്ചത് 741.53 കോടി രൂപയായിരുന്നു.

വമ്പൻ ഫ്ളാറ്റ് വിൽപ്പനകൾ നടന്ന വർഷമായിരുന്നു 2021. സിനിമതാരങ്ങളും ക്രിക്കറ്റ്താരങ്ങളും ബിസിനസുകാരും കോടികണക്കിന് രൂപയുടെ വസ്തുക്കച്ചവടം നടത്തി. ബോളിവുഡ് താരം അമിതാഭ് ബച്ചൻ വാങ്ങിയത് 31 കോടിയുടെ ഫ്ളാറ്റായിരുന്നു. അന്ധേരി വെസ്റ്റിലാണ് അദ്ദേഹം ഫ്ളാറ്റ് വാങ്ങിയത്. മകൻ അഭിഷേക് ബച്ചൻ തന്റെ ഒബ്‌റോയ് ടവറിലെ ഫ്ളാറ്റ് 41.14 കോടിക്ക്‌ വിറ്റു. നടി ദിഷാപട്ടാനി 5.55 കോടി രൂപ മുടക്കി ഖാർ വെസ്റ്റിൽ ഫ്ളാറ്റ് വാങ്ങി. റഹേജ കുടുംബം 427 കോടിയുടെ ഫ്ളാറ്റുകളാണ് റഹേജ ആർട്ടേഷ്യ എന്ന വമ്പൻ പാർപ്പിടസമുച്ചയത്തിൽ വാങ്ങിയത്.

പോളി കാബ് എന്ന സ്ഥാപനത്തിന്റെ പ്രമോട്ടർ 34.5 കോടിയുടെ ഫ്ളാറ്റും നടി റാണി മുഖർജി 7.12 കോടിയുടേതും സ്വന്തമാക്കി. ഹരികൃഷ്ണ എക്സ്‌പോർട്ട്‌സ് ഉടമകൾ 185 കോടിയുടെ ബംഗ്ലാവാണ് വാങ്ങിയത്. ബാന്ദ്ര മുതൽ അന്ധേരിവരെയുള്ള മേഖലയിലാണ് ഫ്ളാറ്റ് വിൽപ്പന കൂടുതലായി നടന്നത്. 1000 ചതുരശ്രയടി ഫ്ളാറ്റുകളായിരുന്നു കൂടുതൽ വിറ്റുപോയത്. മൊത്തം വിൽപ്പനയുടെ 83 ശതമാനം വരുമിത്. 500 ചതുരശ്രയടി ഫ്ളാറ്റുകളുടെ വിൽപ്പന 42 ശതമാനമായിരുന്നു.

ഒരു കോടിവരെ വിലയുള്ള ഫ്ളാറ്റുകൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. മൊത്തംവിൽപ്പനയുടെ 53 ശതമാനത്തോളം വരുമിത്. ഒരുകോടി മുതൽ അഞ്ചുകോടിവരെ വിലവരുന്ന ഫ്ളാറ്റുകളുടെ വിൽപ്പന 42 ശതമാനമായിരുന്നു. വിലകുറഞ്ഞ്‌ നിൽക്കുന്നതും പലിശനിരക്ക് കുറഞ്ഞിട്ടുള്ളതും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി നിരക്കും റിയൽ എസ്റ്റേറ്റ് മേഖലയിൽ ചലനം സൃഷ്ടിച്ചിട്ടുണ്ടെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ ശിശീർ ബൈജൽ അഭിപ്രായപ്പെടുന്നു.

മുംബൈയിലെ താമസക്കാർക്ക് ആശ്വാസമായി വസ്തുനികുതി ഇളവ്

മുംബൈ: മുംബൈയിലെ 500 ചതുരശ്ര അടി വരെ വിസ്തീർണമുള്ള പാർപ്പിടങ്ങൾക്കു വസ്തുനികുതി പൂർണമായും ഒഴിവാക്കുന്ന സർക്കാർ തീരുമാനം നഗരവാസികൾക്ക് ആശ്വാസം. നഗരത്തിലെ ഇടത്തരക്കാരുടെ ഭൂരിപക്ഷം ഫ്ളാറ്റുകളും വീടുകളും ഈ പരിധിയിൽ വരുന്നതാണ്. കെട്ടിടങ്ങൾക്കും പ്ലോട്ടുകൾക്കും കോവിഡ് വ്യാപന സാഹചര്യത്തിലാണ് വസ്തുനികുതി വർധന ഒഴിവാക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്.

പൊതുനികുതി, ജലനികുതി, മലിനജലനികുതി, വിദ്യാഭ്യാസ സെസ്, ട്രീ സെസ് എന്നിവയുൾപ്പെടെ എട്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് വസ്തുനികുതി. നേരത്തെ വസ്തുനികുതി ബില്ലിലെ പൊതുനികുതി ഇളവുചെയ്തിരുന്നു. ഇതേക്കുറിച്ച് പ്രതിപക്ഷനേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് മുഴുവൻ വസ്തുനികുതിയും ഒഴിവാക്കുമെന്നു സർക്കാർ അറിയിച്ചത്.

500 ചതുരശ്രയടി വരെ വിസ്തീർണമുള്ള പാർപ്പിടങ്ങൾക്കു വസ്തുനികുതി ഒഴിവാക്കുമെന്നു 2017-ൽ ബി.എം.സി. തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ ശിവസേന വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, പൊതുനികുതി മാത്രം ഒഴിവാക്കുകയും വസ്തുനികുതിയിലെ മറ്റു ഘടകങ്ങളെല്ലാം ഈടാക്കുന്നതു തുടരുകയും ചെയ്തതിന്റെ പേരിൽ ശിവസേന വിമർശനം നേരിട്ടിരുന്നു. നികുതിയിളവിലൂടെ ബി.എം.സി.ക്കു 1042 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രി എക്‌നാഥ് ഷിൻഡെ പറഞ്ഞു.

Content Highlights: real estate registration mumbai, celebrity homes in mumbai, home plans kerala