ബോളിവുഡ് താരം റിഷി കപൂറിന്റെ പൈതൃക ഭവനം ഇനി മ്യൂസിയമായി മാറും. പാകിസ്ഥാനിലെ പെഷവാറിലുള്ള ഖിസാ ഖവാനി ബസാറിലെ വീടാണ് മ്യൂസിയമാക്കി മാറ്റുന്നത്. 

പാകിസ്ഥാനിലെ വിദേശകാര്യമന്ത്രിയായ ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം പുറത്തുവിട്ടത്. റിഷി കപൂറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഭവനം മ്യൂസിയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

'' പേഷവാറിലുള്ള കുടുംബവീട് മ്യൂസിയമോ അതല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റെന്തെങ്കിലും സ്ഥാപനമോ ആക്കണമെന്ന് ആവശ്യപ്പെട്ട് റിഷി കപൂര്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യര്‍ഥന ഞങ്ങള്‍ സ്വീകരിച്ചു ''- ഖുറേഷി പറഞ്ഞു. 

വൈകാതെ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് പാകിസ്ഥാന്‍ ഇന്റീരിയര്‍ മന്ത്രി ഷെഹ് രിയാര്‍ ഖാന്‍ അഫ്രീദിയും വ്യക്തമാക്കി. 

ബോളിവുഡ് ഐക്കണ്‍ ആയിരുന്ന പൃഥിരാജ് കപൂറിന്‌റെ പിതാവായ ബഷേവര്‍നാഥ് കപൂര്‍ ആണ് കപൂര്‍ ഹവേലി നിര്‍മ്മിച്ചത്. 

പൃഥ്വിരാജ് കപൂറിന്റെ മകനായ രാജ് കപൂറിന്റെ മകനാണ് റിഷി കപൂര്‍. രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റീമ കപൂര്‍ എന്നിവരാണ് മറ്റു മക്കള്‍. 1947ല്‍ ഇന്ത്യാ-പാക് വിഭജനത്തോടെയാണ് കപൂര്‍ കുടുംബം പെഷവാര്‍ വിടുന്നത്.

Content Highlights: Raj Kapoor’s ancestral home in Pakistan to be made into museum