കുട്ടിക്കാലം മുതല്‍ സ്വപ്‌നങ്ങളിലുള്ള ഒരു വിവാഹം, ചന്ദനനിറമുള്ള സാരിയുടുത്ത്, ആഭരണങ്ങളണിഞ്ഞ്, മുല്ലപ്പൂചൂടി ഭരതന്‍ മാഷ്‌ കെട്ടുന്ന താലിയണിയാന്‍ മീര ഒരുങ്ങിനിന്നു. പക്ഷേ വിവാഹ ദിവസം ഭരതന്‍മാഷ് നാടുവിട്ടു.... കാഞ്ഞങ്ങാട്ടെ പുതിയവളപ്പ് മാളിക എന്ന ഈ വീടിന്റെ ജനലഴികളില്‍ കൂടി നോക്കിയാണ് മീര പിന്നീട് ഒരുപാട് നാള്‍ ഭരതന്‍ മാഷിനെ കാത്തിരുന്നത്. നാളുകള്‍ക്ക് ശേഷം ഭരതന്‍ മാഷ് തിരിച്ചുവരുമ്പോള്‍ അയാളെ മീര വീണ്ടും കാണുന്നതും ഈ വീടിന്റെ ജനലഴികളില്‍ കൂടിയാണ്. വിഭ്രാന്തിയും പ്രണയവും കാത്തിരിപ്പും നിറഞ്ഞ വടക്കുനാഥന്‍ എന്ന സിനിമയിലെ പ്രധാന ഭാഗമായ കാഞ്ഞങ്ങാട്ടെ പുതിയ വളപ്പ് മാളിക ഇന്നില്ല.

puthiyavalappumalika
പുതിയവളപ്പ് മാളിക -വടക്കുനാഥനില്‍ നിന്നുള്ള ദൃശ്യം 

വലുതും ചെറുതുമായി രണ്ടു മാളികകളാണ് സിനിമിയിലുണ്ടായിരുന്നത്. ഒന്ന് ഏച്ചിക്കാനം മാളികയും മറ്റൊന്ന് കാഞ്ഞങ്ങാട്ടെ പുതിയവളപ്പ് മാളികയുമാണ്. ഏച്ചിക്കാനം മാളികയായിരുന്നു ഭരത പിഷാരടിയായി വേഷമിട്ട മോഹന്‍ലാലിന്റെ വീട്. നായിക പത്മപ്രിയ താമസിച്ച വീടാണ് പുതിയവളപ്പ് മാളിക. ഈ വീട് പൂര്‍ണമായും പൊളിച്ചുനീക്കി.

കാഞ്ഞങ്ങാട് പട്ടണത്തില്‍ കോട്ടച്ചേരി റോഡരികിലാണ് പുതിയവളപ്പ് മാളിക. ഈ നാട്ടിലെ തലയെടുപ്പുള്ള വീടെന്ന വിശേഷണമാണ് പുതിയവളപ്പിലെ മാളികയ്ക്കുള്ളത്. വലിയ പത്തായവും പഴയ കാര്‍ഷിക ഉപകരണങ്ങളുമെല്ലാം ഇവിടെയുണ്ടായിരുന്നു. വടക്കിനിയും കൊട്ടിലകവും പടിഞ്ഞാറ്റയും ഒന്നിലേറെ വരാന്തകളുമുള്ള പഴയ ജന്മിപ്രതാപത്തിന്റെ അടയാളമായിരുന്നു ഈ മൂന്നുനില വീട്.

puthiyavalappu Malika
പുതിയവളപ്പ് മാളിക -വടക്കുനാഥനില്‍ നിന്നുള്ള ദൃശ്യം 

ഇവിടെ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ഏച്ചിക്കാനം മാളിക. ഈ മാളികയ്ക്ക് തൊട്ടടുത്ത് പടിഞ്ഞാറുവടക്കായി ഒരു വീടുണ്ട്. ഈ വീടും പുതിയവളപ്പ് മാളികയും സിനിമയില്‍ പത്മപ്രിയയുടെ വീടായിരുന്നു. അതായത് മോഹന്‍ലാല്‍ താമസിച്ച ഏച്ചിക്കാനം മാളികയില്‍നിന്ന് നോക്കുമ്പോള്‍ പത്മപ്രിയയുടെ വീടായി കാണുന്നത് അതിനടുത്തുള്ള വീട് തന്നെ. എന്നാല്‍, വീടിന്റെ മുന്‍ഭാഗവും അതിനകവുമെല്ലാമായി കണ്ടത് ഇപ്പോള്‍ പൊളിച്ചുമാറ്റിയ പുതിയവളപ്പ് മാളികയാണ്.

horizon
പുതിയവളപ്പ് മാളിക -വടക്കുനാഥനില്‍ നിന്നുള്ള ദൃശ്യം 

പഴയ ജന്മികുടുംബത്തിലെ കാരണവര്‍ മാവില ചന്തു നമ്പ്യാരുടെ വീടാണിത്. 72 വര്‍ഷം മുമ്പാണ് വീട് നിര്‍മിച്ചത്. അദ്ദേഹം പണികഴിപ്പിച്ച കാഞ്ഞങ്ങാട്ടെ കൈലാസ് തിേയറ്ററും ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമെല്ലാം പിറവിയെടുക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം നടന്നത് ഈ വീട്ടിലായിരുന്നു. കൈലാസ് തിേയറ്റര്‍ ഉദ്ഘാടനവേളയില്‍ ചെന്നൈയിയില്‍നിന്നും കര്‍ണാടകയില്‍നിന്നും ഉദ്യോഗസ്ഥരെത്തിയതിനും സിനിമാചര്‍ച്ചകളുടെ സ്ഥിരം വേദിയായതിനുമെല്ലാം ഈ മാളിക സാക്ഷിയായി.

puthiyavalappumalika
പുതിയവളപ്പ് മാളിക പൊളിച്ചു നീക്കിയ നിലയില്‍ 

മാവില ചന്തു നമ്പ്യാരുടെ മകന്‍ കെ.ജി.നമ്പ്യാരുടെ ഭാര്യ ദാക്ഷായണിയമ്മയും മക്കളുമാണ് ഇത്രയുംകാലം ഇവിടെ താമസിച്ചിരുന്നത്. ഒരേക്കറോളം സ്ഥലത്തായി നിലകൊള്ളുന്ന വീട് കാലപ്പഴക്കത്താല്‍ നാശോന്മുഖമായി തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും പൊളിച്ചുമാറ്റിയത്.