തവനൂര്‍: വര്‍ഷങ്ങള്‍ നീണ്ട മുറവിളി ഒടുവില്‍ അധികൃതര്‍ കേട്ടു. കേരള ഗാന്ധി കെ. കേളപ്പന്‍ താമസിച്ചിരുന്ന തവനൂരിലെ വീട് സംരക്ഷിക്കാന്‍ നടപടിയായി. 10 ലക്ഷം രൂപ ചെലവിട്ടാണ് വീടിന്റെ തനിമ നിലനിര്‍ത്തി പുനര്‍നിര്‍മിക്കുക.

കാര്‍ഷിക സര്‍വകലാശാല എന്‍ജിനീയറിങ് വിഭാഗമാണ് നവീകരണം നടത്തുന്നത്. പഴകിദ്രവിച്ച കഴുക്കോലുകളും മറ്റും മാറ്റി പുതിയത് സ്ഥാപിക്കും. അതിര്‍ത്തിതിരിച്ച് മുറ്റം ടൈല്‍ വിരിക്കുകയും ചെയ്യും.

മാര്‍ച്ചോടുകൂടി പണികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷിക എന്‍ജി. കോളേജ് വളപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ഓടിട്ട വീട്ടില്‍ താമസിച്ചാണ് കേളപ്പന്‍ പൊതുപ്രവര്‍ത്തനം നടത്തിയിരുന്നത്. കെ. കേളപ്പന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ-സര്‍വോദയ സംബന്ധമായ ചര്‍ച്ചകള്‍ക്കും ഈ വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സര്‍വോദയപ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ മിക്കവാറും തവനൂരിലായിരുന്നു അദ്ദേഹമുണ്ടായിരുന്നത്.

പ്രമുഖ സര്‍വോദയനേതാക്കളും പ്രവര്‍ത്തകരും ഇവിടെ ഒത്തുകൂടിയിരുന്നു. കേരളഗാന്ധിക്ക് തവനൂരില്‍ ഉചിതമായ സ്മാരകം നിര്‍മിക്കണമെന്ന ആവശ്യം ഉയരുമ്പോഴും അദ്ദേഹം താമസിച്ചിരുന്ന വീട് ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുന്നതിനെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന്, കെ. കേളപ്പന്‍ താമസിച്ചിരുന്ന വീട് ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ കെ. പ്രശാന്ത്കുമാര്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പുരാവസ്തുവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

Content highlights: provide 10 lakh to protect the house of kerala gandhi k kelappan