കൊച്ചി: ലോക്ക്ഡൗണ്‍കാലത്ത് പുഴകള്‍ മാലിന്യമൊഴിഞ്ഞ് തെളിനീര്‍ വാഹിനികളാവുകയാണെങ്കില്‍, കിണറുകള്‍ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആളുകളെല്ലാം വീടുകളില്‍. സ്വാഭാവികമായും വീടുകളില്‍ മാലിന്യം കൂടിക്കൊണ്ടിരിക്കുന്നു. ശരിയായ സംസ്‌കരണ മാര്‍ഗങ്ങളില്ലാത്തതിനാല്‍ മാലിന്യം കിണര്‍വെള്ളത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളാണ് ഇപ്പോഴുള്ളതെന്ന് ജലവിഭവ വിനിയോഗ കേന്ദ്രത്തിലെ (സി.ഡബ്ല്യു.ആര്‍.ഡി.എം.) ശാസ്ത്രജ്ഞന്‍ ഡോ. പി.എസ്. ഹരികുമാര്‍ പറഞ്ഞു.

'പരാതി പറയാന്‍ ജനങ്ങള്‍ ഫോണില്‍ വിളിക്കുന്നുണ്ട്. പക്ഷേ, അവിടെ പോയി പരിശോധന നടത്താന്‍ ഇപ്പോള്‍ കഴിയാത്ത അവസ്ഥയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ ചില സ്ഥലങ്ങളില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വീട്ടിലെ മാലിന്യം കൂടിവരുന്നതുകൊണ്ട് കിണര്‍വെള്ളം ശുദ്ധമായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം' അദ്ദേഹം പറയുന്നു.

കിണറുകള്‍ നന്നായി പരിപാലിക്കണം. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ അവ ഉപയാഗശുന്യമാകുന്ന അവസ്ഥയുണ്ടാകരുതെന്ന് എസ്.സി.എം.എസ്. വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സണ്ണി ജോര്‍ജ് പറഞ്ഞു.

ചെയ്യേണ്ടത് ഇവയൊക്കെയാണ്

* മൂന്നുമാസം കൂടുമ്പോള്‍ കിണറുകള്‍ ബ്ലീച്ചിങ് പൗഡറോ പൊട്ടാസ്യം പെര്‍മാംഗനേറ്റോ ഉപയോഗിച്ച് ശുചിയാക്കണം. ഇവ കുറഞ്ഞ അളവില്‍ ഒരു ബക്കറ്റില്‍ കലക്കി അതിന്റെ തെളിവെള്ളം തൊട്ടിയിലാക്കി, കിണറ്റിലിറക്കി, വെള്ളം തുടിപ്പിച്ച് ലയിപ്പിക്കണം. അടുത്ത മഴയ്ക്കുമുമ്പ് ഇത് എല്ലായിടത്തും നിര്‍ബന്ധമായും ചെയ്യണം.

* മാലിന്യം ഇടുന്ന സ്ഥലവും കിണറും തമ്മില്‍ 10 മീറ്ററെങ്കിലും ദൂരമുണ്ടായിരിക്കണം. കിണറിനടുത്ത് മലിനജലമൊഴുകുന്ന ചാലോ കാനയോ പാടില്ല.

* സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ഏഴര മീറ്ററെങ്കിലും ദൂരമുണ്ടായിരിക്കണം.

* കൂടെക്കൂടെ കിണറിലെ ചപ്പുചവറുകള്‍ നീക്കം ചെയ്യണം. കിണര്‍ വലകൊണ്ട് മൂടണം.

* മഴവെള്ള സംഭരണം നിര്‍ബന്ധമായും വേണം. പുരയിടത്തില്‍ വീഴുന്ന മഴവെള്ളം മഴക്കുഴികളും തടയണകളുമുണ്ടാക്കി കിണറിലെത്തിക്കണം. (പോയിന്റ് റീച്ചാര്‍ജിങ്) ജലസമൃദ്ധി കിണര്‍ വെള്ളത്തിന്റെ ഗുണം കൂട്ടും. മേല്‍ക്കൂരകളില്‍ നിന്നുള്ള വെള്ളവും അരിച്ചെത്തിക്കാം.

* ഇടക്ക് ജലപരിശോധന നടത്തി വെള്ളത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുന്നുണ്ടോ എന്നറിയണം.

* ഇടയ്ക്കിടെയെങ്കിലും തൊട്ടി ഉപയോഗിച്ച് കിണറ്റില്‍നിന്ന് വെള്ളം കോരിയെടുക്കണം. അപ്പോള്‍ കിണറ്റിലെ വെള്ളത്തിന് കാര്യമായ അനക്കമുണ്ടാവും. അപ്പോഴേ ഓക്‌സിജന്‍ വിതരണം കാര്യമായി നടക്കൂ.

Content Highlights: proper waste management during lockdown