തൃശൂര്‍/മൂരിയാട്: പ്രളയപുനരധിവാസത്തിന്റെ ഭാഗമായി ആദ്യത്തെ പ്രീ-ഫാബ്രിക്കേറ്റഡ് വീട് മുരിയാട് പഞ്ചായത്തില്‍ സ്ഥാപിച്ചു. മുരിയാട് പത്താം വാര്‍ഡില്‍ പുല്ലൂരില്‍ കൊളത്താപറമ്പില്‍ ചന്ദ്രന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനാണ് യൂറോപ്യന്‍ ശൈലിയിലുള്ള വീട് നിര്‍മിച്ചുനല്‍കുന്നത്. 

ജര്‍മന്‍ സാങ്കേതികവിദ്യയോടുകൂടിയ വീട്ടില്‍ രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമടക്കമുള്ള സൗകര്യങ്ങളുണ്ട്. 400 ചതുരശ്ര അടിയിലുള്ള വീടിന്റെ ചെലവ് പത്ത് ലക്ഷത്തോളം രൂപയാണ്. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് തൃശ്ശൂര്‍ നിര്‍മിതികേന്ദ്രയാണ് വീടിന്റെ അടിത്തറ നിര്‍മിച്ചത്. തറപണി പൂര്‍ത്തിയാക്കിയതോടെ ഞായറാഴ്ച രാവിലെയാണ് ട്രെയിലറുകളില്‍ പല ഭാഗങ്ങളാക്കി വീട് കൊണ്ടുവന്നത്. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച വീടിന്റെ ചുമരുകള്‍ ക്രെയിന്റെ സഹായത്തോടെയാണ് പിടിപ്പിച്ചത്. രാത്രിയോടെയാണ് ഇത് പൂര്‍ത്തിയായത്. 

പൂന്തോട്ടം, വാട്ടര്‍ ടാങ്ക് എന്നിവയും ഫര്‍ണീച്ചറുകളും കമ്പനി തിങ്കളാഴ്ച സജ്ജമാക്കും. അവസാന മിനുക്കുപണി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വീട് കൈമാറും. കെട്ടിടനമ്പറും വൈദ്യുതിയും തിങ്കളാഴ്ച നല്‍കും. എല്ലാ പഞ്ചായത്തുകളിലേക്കും ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് ഫൗണ്ടേഷന്‍ കത്തുകള്‍ അയച്ചിരുന്നു. മുരിയാട് പഞ്ചായത്തില്‍നിന്നു ലഭിച്ച അപേക്ഷകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് യോജിച്ചതാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീട് അനുവദിച്ചത്. 

പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, അജിത രാജന്‍, ഗംഗാദേവി സുനില്‍, ബ്ലോക്ക് അംഗം തോമസ് തത്തംപിള്ളി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ലിന്‍സ്, കമ്പനി സി.ഇ.ഒ. റിച്ചാഡ് പാറ്റ്‌ലെ, പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാര്‍ തുടങ്ങിയവര്‍ വീടുനിര്‍മാണം കാണാന്‍ എത്തിയിരുന്നു.