കോട്ടയ്ക്കല്‍: മാസങ്ങള്‍ക്കുമുമ്പ് മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഒരു മണ്‍വീടായിരുന്നു ഇവിടെ. ഇന്നത് മേല്‍ക്കൂരയുടെ സുരക്ഷിതത്വമുള്ള മനോഹരമായ ഒരു വീടാണ്. ബുധനാഴ്ച ഈവീട്ടില്‍ പാലുകാച്ചുമ്പോള്‍ ഇതിനുപിന്നിലെ കരുണയുടെയും കൂട്ടായ്മയുടെയും പാഠങ്ങള്‍ക്ക് ഒരു സല്യൂട്ട് നല്‍കിയേ പറ്റൂ. എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. എസിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് സല്യൂട്ട് അര്‍ഹിക്കുന്നത്.

കഴിഞ്ഞ ഏപ്രിലിലാണ് എടരിക്കോട് പൊട്ടിപ്പാറ സ്വദേശിയായ സ്വര്‍ണകുമാരിയുടെ ഭര്‍ത്താവ് ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാനായി വീടിനുമുകളില്‍ കയറിയപ്പോള്‍ വീണ് മരിച്ചത്. ഇതോടെ സ്വര്‍ണകുമാരിക്കും മൂന്നുമക്കള്‍ക്കും ആശ്രയമില്ലാതായി. മണ്‍കട്ട കൊണ്ടുണ്ടാക്കിയ വീട് കനത്തമഴയില്‍ നനഞ്ഞുകുതിര്‍ന്ന് നിലംപൊത്തി.

തുടര്‍ന്ന് ബന്ധുവീട്ടില്‍ താമസിക്കുന്ന ഇവരുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ പി.കെ.എം.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്വര്‍ണകുമാരിയുടെ കുടുംബത്തെ ഏറ്റെടുത്തു.

തകര്‍ന്ന വീടിന്റെ സ്ഥാനത്ത് പുതിയ വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുംചെയ്തു; സ്‌കൂളിലെ എന്‍.എസ്.എസ്. ടീമിന്റെ നേതൃത്വത്തില്‍. ഹൈസ്‌കൂള്‍ വിഭാഗത്തിലെ 'സഹപാഠിക്കൊരു കൈത്താങ്ങ്' പദ്ധതിയില്‍ ഇതുള്‍പ്പെടുത്തി. ഏഴുമാസംകൊണ്ട് ഒന്‍പതുലക്ഷം രൂപ സമാഹരിച്ച് മികച്ച സൗകര്യങ്ങളുള്ള വീട് നിര്‍മിച്ചുകൊടുത്തു.

ഒപ്പം സ്വര്‍ണകുമാരിക്ക് എടരിക്കോട് പി.കെ.എം.എം.എച്ച്. എസ്.എസില്‍ സഹായിയായി ജോലിനല്‍കുകയും ചെയ്തു.

ബുധനാഴ്ച രാവിലെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും.

വീടിന്റെ താക്കോല്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ബുധനാഴ്ച രാവിലെ 11-ന് കുടുംബത്തിനു കൈമാറും.

പത്രസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ കെ. മുഹമ്മദ്ഷാഫി, സ്റ്റാഫ് സെക്രട്ടറി പി. ഹബീബ്, നിര്‍മാണകമ്മിറ്റി കണ്‍വീനര്‍ പി.എം. ആശിഷ്, ഡി.പി. അന്‍വര്‍, കെ. നിഷ എന്നിവര്‍ പങ്കെടുത്തു.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: pkmm school built home for swarnakumari home plans budget home