ഗൂഡല്ലൂര്‍: അയ്യന്‍കൊല്ലിയിലെ ആദ്യകാല കര്‍ഷക, രാഷ്ട്രീയ പ്രവര്‍ത്തകന്‍ സി.ടി. പാപ്പച്ചനും (പൈലി) ഭാര്യ ലീലയ്ക്കും ഇനി സങ്കടകഥകള്‍ മറന്ന് അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാം.

സി.പി.എം. നേതാക്കള്‍ മുന്‍കൈയെടുത്ത് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ പാപ്പച്ചന് കൈമാറി. ഇതോടെ ജീര്‍ണിച്ച്, ഇടിഞ്ഞുവീഴാറായ, ചോര്‍ന്നൊലിക്കുന്ന മണ്‍വീട്ടില്‍ നിന്നും കെട്ടുറപ്പുള്ള വീട്ടിലേക്ക് പാപ്പച്ചന്റെ ജീവിതവും പറിച്ചുനട്ടു.

കോവിഡ് പടര്‍ന്നുപിടിച്ച 2019 മാര്‍ച്ചിലെ ലോക്ഡൗണ്‍ കാലത്ത് പച്ചക്കറിക്കിറ്റുമായി എത്തിയ സി.പി.എം. നേതാവ് കെ. അച്യുതന്‍മാസ്റ്ററോടും കൂടെയുള്ളവരോടും വീടിന്റെ ദുരവസ്ഥയെക്കുറിച്ച് പറഞ്ഞതോടെയാണ് പാപ്പച്ചന് പുതിയ വീടൊരുങ്ങിയത്.

ആദ്യകാല കര്‍ഷകനും 1973-ലെ ഗൂഡല്ലൂര്‍ കുടിയിറക്ക് സമരനായകനും പോലീസിന്റെ ക്രൂരമായ മര്‍ദനത്തിനിരയുമായിരുന്നു സി.ടി. പാപ്പച്ചന്‍. പാപ്പച്ചന്റെയും കുടുംബത്തിന്റെയും ദുരവസ്ഥ മാതൃഭൂമി 2020 ജനുവരി 28-ന് വാര്‍ത്തയായി നല്‍കിയിരുന്നു. സി.പി.എം. എരുമാട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടു നിര്‍മിക്കാന്‍ സഹായധനശേഖരണം നടത്തിയത്. സി.പി.എം. നേതാവ് കെ. അച്യുതന്‍മാസ്റ്റര്‍, അയ്യന്‍കൊല്ലി ബ്രാഞ്ച് സെക്രട്ടറി കെ. വേലായുധന്‍, കര്‍ഷകസംഘം നേതാവ് എ. യോഹന്നാന്‍ എന്നിവരാണ് മുന്‍കൈയെടുത്തത്.

സി.പി.എം. ജില്ലാ സെക്രട്ടറി വി.എ. ഭാസ്‌കരന്‍ താക്കോല്‍ കൈമാറി. എരുമാട് ഏരിയാസെക്രട്ടറി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം പി.എം. ഹനീഫ, വി.എ. ഭാസ്‌കരന്‍, യു. ചന്ദ്രബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

''ഊണും ഉറക്കവുമില്ലാതെ രാപകല്‍ പണിചെയ്ത് എനിക്ക് വീടുപണിതു തന്നവരോട്, സഹായിച്ചവരോട് നന്ദിപറയാന്‍ വാക്കുകളില്ല'' -പാപ്പച്ചന്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ സമ്മാനമാണ് ഈ വീടെന്ന് പാപ്പച്ചന്റെ ഭാര്യ ലീലയും പറഞ്ഞു.

Content highlights: pappachan and his wife leela got new house by the help of cpm local leaders in wayanad