-
ബോളിവുഡിലെ ഇതിഹാസങ്ങളായിരുന്ന ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും പൈതൃക ഭവനങ്ങള്‍ക്ക് വില നിശ്ചയിച്ച് പാകിസ്താന്‍ സര്‍ക്കാര്‍. ചരിത്രപ്രാധാന്യമുള്ള ഇരു ഭവനങ്ങളും തകര്‍ച്ചാഭീഷണിയില്‍ നിന്ന് സംരക്ഷിക്കാനായാണിത്. ഇരുകെട്ടിടങ്ങളും തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ രണ്ടുകോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തുഗവേഷക വകുപ്പ് പ്രവിശ്യാ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു.
ദേശീയ പൈൃതകമായി പ്രഖ്യാപിക്കുകയും പെഷാവാര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഈ രണ്ട് കെട്ടിടങ്ങള്‍ വാങ്ങാനായി ഖൈബര്‍ പകഖ്തുന്‍ഖ്വായിലെ പുരാവസ്തുഗവേഷക വകുപ്പ് മതിയായ തുക നീക്കിവച്ചിരുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതുപ്രകാരം ദിലീപ് കുമാറിന്റെ ഭവനത്തിന് 80,56,000 രൂപയും രാജ് കപൂറിന്റെ ഭവനത്തിന് 1,50,00,000 രൂപയുമാണ് പെഷവാറിലെ ഡെപ്യൂട്ടി കമ്മീഷണര്‍ വില നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യാപാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളര്‍ന്ന ഭവനങ്ങളാണവ. കപൂര്‍ ഹവേലി എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ പൈതൃകഭവനം ഖിസാ ഖവാനി ബാറിലാണ് സ്ഥിതി ചെയ്യുന്നത്. 1918നും 1922നും ഇടയ്ക്ക് നടന്റെ മുത്തച്ഛനായ ദിവാന്‍ ബഷേശ്വര്‍നാഥ് കപൂറാണ് അത് നിര്‍മിച്ചത്. രാജ് കപൂറും അദ്ദേഹത്തിന്റെ അമ്മാവന്‍ ത്രിലോക് കപൂറും ജനിച്ചത് ഈ ഭവനത്തിലാണ്. പ്രവിശ്യാ സര്‍ക്കാര്‍ പ്രസ്തുത കെട്ടിടത്തെ ദേശീയ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നടന്‍ ദിലീപ് കുമാറിന്റെ 100 വര്‍ഷത്തോളം പഴക്കമുള്ള വീടും ഇതേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2014ലാണ് ഇദ്ദേഹത്തിന്റെ വീടിനെ ദേശീയ പൈതൃകപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചത്.
പ്രസ്തുത കെട്ടിടങ്ങളുടെ നിലവിലെ ഉടമകള്‍ നിരവധി തവണ അവ പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ മൂലം നടക്കാതെ വരികയായിരുന്നുവെന്നു. കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങള്‍ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാല്‍ ചരിത്രപ്രാധാന്യം പരിഗണിച്ച് അവയെ സംരക്ഷിക്കാന്‍ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു.
2018ല്‍ റിഷി കപൂറിന്റെ അഭ്യര്‍ഥനപ്രകാരം പാകിസ്താന്‍ സര്‍ക്കാര്‍ കപൂര്‍ ഹവേലിയെ മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ഭവനം പ്രേതാലയത്തിനു സമാനമായി മാറിയെന്ന് സമീപവാസികളും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും ഇക്കാര്യത്തില്‍ നടപടികളൊന്നുമുണ്ടായില്ല.
Content Highlights: Pakistan determines price of Dilip Kumar, Raj Kapoor’s ancestral houses in Peshawar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..