ബോളിവുഡിലെ ഇതിഹാസതാരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങൾ വാങ്ങാൻ പാകിസ്താനിലെ ഖൈബർ പകഖ്തുൻഖ്വായിലെ പ്രവിശ്യാ സർക്കാർ തീരുമാനിച്ചു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ തകർച്ചാഭീഷണിയിൽ നിന്നും സംരക്ഷിച്ചെടുക്കാനാണ് സർക്കാർ തീരുമാനം.
ദേശീയ പൈൃതകമായി പ്രഖ്യാപിക്കുകയും പെഷാവാർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഈ രണ്ട് കെട്ടിടങ്ങൾ വാങ്ങാനായി ഖൈബർ പകഖ്തുൻഖ്വായിലെ പുരാവസ്തുഗവേഷക വകുപ്പ് മതിയായ തുക നീക്കിവച്ചിട്ടുണ്ട്.
ഇന്ത്യാ-പാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളർന്ന ഈ കെട്ടിടങ്ങളുടെ തുക വിലയിരുത്താൻ പെഷാവാറിലെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഔദ്യോഗിക കത്തയച്ചതായി പുരാവസ്തുവകുപ്പിന്റെ മേധാവിയായ ഡോ.അബ്ദുസ് സമദ് ഖാൻ അറിയിച്ചു.
കപൂർ ഹവേലി എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ പൈതൃകഭവനം ഖിസാ ഖവാനി ബാറിലാണ് സ്ഥിതി ചെയ്യുന്നത്. 1918നും 1922നും ഇടയ്ക്ക് നടന്റെ മുത്തച്ഛനായ ദിവാൻ ബഷേശ്വർനാഥ് കപൂറാണ് അത് നിർമിച്ചത്. രാജ് കപൂറും അദ്ദേഹത്തിന്റെ അമ്മാവൻ ത്രിലോക് കപൂറും ജനിച്ചത് ഈ ഭവനത്തിലാണ്. പ്രവിശ്യാ സർക്കാർ പ്രസ്തുത കെട്ടിടത്തെ ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
നടൻ ദിലീപ് കുമാറിന്റെ 100 വർഷത്തോളം പഴക്കമുള്ള വീടും ഇതേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2014ലാണ് ഇദ്ദേഹത്തിന്റെ വീടിനെ ദേശീയ പൈതൃകപ്പട്ടികയിൽ ഉൾക്കൊള്ളിച്ചത്.
പ്രസ്തുത കെട്ടിടങ്ങളുടെ നിലവിലെ ഉടമകൾ നിരവധി തവണ അവ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഇടപെടൽ മൂലം നടക്കാതെ വരികയായിരുന്നുവെന്ന് സമദ് ഖാൻ പറയുന്നു. കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങൾ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാൽ ചരിത്രപ്രാധാന്യം പരിഗണിച്ച് അവയെ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു.
2018ൽ റിഷി കപൂറിന്റെ അഭ്യർഥനപ്രകാരം പാകിസ്താൻ സർക്കാർ കപൂർ ഹവേലിയെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. ഭവനം പ്രേതാലയത്തിനു സമാനമായി മാറിയെന്ന് സമീപവാസികളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രണ്ടുവർഷങ്ങൾക്കിപ്പുറവും ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടായില്ല. നിലവിൽ നഗരത്തിലെ സ്വർണവ്യാപാരിയായ ഹാജി മുഹമ്മദ് ഇസ്രാറിന്റെ ഉടമസ്ഥതയിലാണ് ഹവേലിയുള്ളത്.
Content Highlights: Pak Government To Buy Ancestral Houses Of Raj Kapoor, Dilip Kumar