പെഷവാർ: അന്തരിച്ച ബോളിവുഡ് സിനിമാതാരം രാജ് കപൂറിന്റെ പെഷാവറിലെ കുടുംബവീടായ ‘കപൂർ ഹവേലി’ പാക് സർക്കാർ നിശ്ചയിച്ച വിലയിൽ വിൽക്കാനാവില്ലെന്ന് ഉടമ. കെട്ടിടത്തിന് ഖൈബർ പഖ്‌തുൻക്വസർക്കാർ ഈമാസമാദ്യം ഒന്നരക്കോടി രൂപ വിലയിട്ടിരുന്നു. വീടേറ്റെടുത്ത് മ്യൂസിയമാക്കിമാറ്റാനായിരുന്നു സർക്കാരിന്റെ തീരുമാനം. എന്നാൽ, ഈ തുകയ്ക്ക് വിൽക്കാനാവില്ലെന്ന് കെട്ടിടത്തിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ ഹാജി അലി സാബിർ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കപൂർ ഹവേലിക്ക് 200 കോടിയോളം രൂപ വിലമതിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

1918-നും 22-നും ഇടയിൽ രാജ് കപൂറിന്റെ മുത്തച്ഛൻ പണികഴിപ്പിച്ചതാണ് കെട്ടിടം. ഖൈബർ പഖ്‌തുൻക്വ പ്രവിശ്യാ സർക്കാർ കപൂർ ഹവേലി ദേശീയ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിരുന്നു.

ദിലീപ് കുമാറിന്റെയും ബോളിവു‍ഡ് താരം രാജ് കപൂറിന്റെയും പൈതൃക ഭവനങ്ങൾ തകർച്ചാഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ അടുത്തിടെയാണ് പാകിസ്താൻ സർക്കാർ ഇരുകെട്ടിടങ്ങൾക്കും വിലനിശ്ചയിച്ചത്. ഇരുകെട്ടിടങ്ങളും തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ രണ്ടുകോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തുഗവേഷക വകുപ്പ് പ്രവിശ്യാ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. 

ദേശീയ പൈൃതകമായി പ്രഖ്യാപിക്കുകയും പെഷാവാർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുകയും ചെയ്യുന്ന ഈ രണ്ട് കെട്ടിടങ്ങൾ വാങ്ങാനായി ഖൈബർ പകഖ്തുൻക്വായിലെ പുരാവസ്തുഗവേഷക വകുപ്പ് മതിയായ തുക നീക്കിവച്ചിരുന്നുവെന്ന് നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു. ഇതുപ്രകാരം ദിലീപ് കുമാറിന്റെ ഭവനത്തിന് 80,56,000 രൂപയും രാജ് കപൂറിന്റെ ഭവനത്തിന് 1,50,00,000 രൂപയുമാണ് പെഷവാറിലെ ഡെപ്യൂട്ടി കമ്മീഷണർ വില നിശ്ചയിച്ചിരിക്കുന്നത്. 

ഇന്ത്യാപാക് വിഭജനത്തിന് മുമ്പ് ഇരുനടന്മാരും ജനിച്ച് വളർന്ന ഭവനങ്ങളാണവ. കപൂർ ഹവേലി എന്നറിയപ്പെടുന്ന രാജ്കപൂറിന്റെ പൈതൃകഭവനം ഖിസാ ഖവാനി ബാറിലാണ് സ്ഥിതി ചെയ്യുന്നത്. 1918നും 1922നും ഇടയ്ക്ക് നടന്റെ മുത്തച്ഛനായ ദിവാൻ ബഷേശ്വർനാഥ് കപൂറാണ് അത് നിർമിച്ചത്. രാജ് കപൂറും അദ്ദേഹത്തിന്റെ അമ്മാവൻ ത്രിലോക് കപൂറും ജനിച്ചത് ഈ ഭവനത്തിലാണ്. പ്രവിശ്യാ സർക്കാർ പ്രസ്തുത കെട്ടിടത്തെ ദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 

നടൻ ദിലീപ് കുമാറിന്റെ 100 വർഷത്തോളം പഴക്കമുള്ള വീടും ഇതേ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 2014ലാണ് ഇദ്ദേഹത്തിന്റെ വീടിനെ ദേശീയ പൈതൃകപ്പട്ടികയിൽ ഉൾക്കൊള്ളിച്ചത്. 

പ്രസ്തുത കെട്ടിടങ്ങളുടെ നിലവിലെ ഉടമകൾ നിരവധി തവണ അവ പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഇടപെടൽ മൂലം നടക്കാതെ വരികയായിരുന്നുവെന്നു. കെട്ടിടം പൊളിച്ച് വാണിജ്യ സമുച്ചയങ്ങൾ പണിയാനായിരുന്നു ഉടമകളുടെ പദ്ധതി. എന്നാൽ ചരിത്രപ്രാധാന്യം പരിഗണിച്ച് അവയെ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പ് മുന്നിട്ടിറങ്ങുകയായിരുന്നു. 

2018ൽ റിഷി കപൂറിന്റെ അഭ്യർഥനപ്രകാരം പാകിസ്താൻ സർക്കാർ കപൂർ ഹവേലിയെ മ്യൂസിയമാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. ഭവനം പ്രേതാലയത്തിനു സമാനമായി മാറിയെന്ന് സമീപവാസികളും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രണ്ടുവർഷങ്ങൾക്കിപ്പുറവും ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടായില്ല. 

Content Highlights: Owner of Raj Kapoor's ancestral home in Pakistan refuses to sell building at govt rate