വായനയെ പ്രണയിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്ര വാങ്ങിക്കൂട്ടിയാലും മതിയാവില്ല. അവ മനോഹരമായി അടുക്കിവെക്കാനും പ്രത്യേക വൈദഗ്ധ്യം കാണിക്കുന്നവരുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ് ചെയ്യുമ്പോള്‍ ബുക് ഷെല്‍ഫില്‍ പരീക്ഷണങ്ങള്‍ തേടുന്നവര്‍ക്കു മുന്നില്‍ ഒരു വ്യത്യസ്ത ആശയമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

ഇദാഹോ സ്വദേശിയായ ഷാരളീ ആര്‍മിറ്റേജ് ഹൊവാര്‍ഡ് എന്ന യുവതി സൃഷ്ടിച്ച ലൈബ്രറി കണ്ടു ഞെട്ടിയിരിക്കുകയാണ് പലരും. കാരണം വീടിനുള്ളിലല്ല മറിച്ച് പുറത്താണ് കക്ഷി അസ്സലൊരു ലൈബ്രറി സൃഷ്ടിച്ചിരിക്കുന്നത്. തന്റെ വീടിനു സമീപത്തുള്ള കാലപ്പഴക്കമുള്ള മരക്കുറ്റിയിലാണ് ലൈബ്രറി ഒരുക്കിയിരിക്കുന്നത്. 

നൂറ്റിപത്തു വര്‍ഷം പഴക്കമുള്ള മരം മുറിച്ചു മാറ്റേണ്ട സാഹചര്യം വന്നിരുന്നു. അതില്‍ നിന്നു ശേഷിച്ച മരക്കുറ്റി കണ്ടപ്പോഴാണ് ലൈബ്രറി ഒരുക്കാമെന്ന് ചിന്തിച്ചതെന്ന് ഷാരളീ പറയുന്നു. 

tree

അതിരുകളില്ലാത്ത വായനയാണ് ഇത്തരമൊരു ആശയത്തിലൂടെ ഷാരളീ ഉദ്ദേശിച്ചത്. അയല്‍പക്കക്കാര്‍ക്കും പുസ്തകങ്ങള്‍ എടുക്കുകയും വായിക്കുകയും ചെയ്യാം. തന്റെ ട്രീ ലൈബ്രറിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ ഷാരളീയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

വെറുതെ മരം തുളച്ച് പേരിനൊരു ലൈബ്രറിയുണ്ടാക്കുകയല്ല മറിച്ച് മനോഹരമായൊരു ഷെല്‍ഫ് ഡിസൈന്‍ ചെയ്ത് ലൈറ്റിങ്ങും പെയിന്റുമൊക്കെ നല്‍കി കിടിലന്‍ ലുക്ക് നല്‍കുകയും ചെയ്തു ഇവര്‍. 

Content Highlights: old dead tree turns to library