നൂറ്റിഅന്‍പത് വര്‍ഷം പഴക്കമുണ്ട് ഞായറാഴ്ച തകര്‍ന്ന കെട്ടിടമുത്തച്ഛന്. കോര്‍പ്പറേഷന്റെ ഉമസ്ഥതയിലുള്ള ഹൈറോഡിലെ പഴക്കംചെന്ന കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത്. തൃശ്ശൂരിന് ആധുനിക മുഖം ഉണ്ടായപ്പോള്‍ അന്ന് ഏറ്റവും വലിയ സ്വകാര്യ കെട്ടിടമായിരുന്നു ഇത്. തൃശ്ശൂരിലെ പ്രമുഖ കുടുംബമായ മേനാച്ചേരി തറവാട്ടുകാര്‍ 'ബിഷപ്പ് മേനാച്ചേരി മെമ്മോറിയല്‍ ബില്‍ഡിങ്ങ്' എന്ന പേരില്‍ നിര്‍മിച്ച മൂന്ന് നില കെട്ടിടമാണിത്. പിന്നീട് കെട്ടിടം തൃശ്ശൂര്‍ രൂപതയ്ക്ക് കൈമാറി. തുടര്‍ന്ന് രൂപത കെട്ടിടം കോര്‍പ്പറേഷന് നല്‍കി. ഏതാണ്ട് 40 വര്‍ഷം മുമ്പാണ് ഇത് കോര്‍പ്പറേഷന് കിട്ടിയത്. അന്ന് മുതല്‍ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല.

സീതാറാം മില്ലിന്റെ കഥ

രൂപതയുടെ ഉടമസ്ഥതയിലുള്ള സമയത്ത് കെട്ടിടത്തിന് വരുമാനം കുറവായിരുന്നു. പ്രതാപത്തില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന സീതാറാം മില്ല് ഈ കെട്ടിടത്തില്‍ ഒരു മുറിയെടുക്കണമെന്ന് രൂപത ആവശ്യപ്പെട്ടു. മുറി എടുത്തെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല.ഇതിനിടെ സീതാറാം മില്ല് ക്ഷയിച്ചു. മില്ല് വാടകയ്ക്ക് എടുത്ത മുറി അന്ന് വസ്ത്ര വ്യാപാരം നടത്തിയിരുന്ന ടി.എസ്.സീതാരാമയ്യര്‍ വാടകയ്ക്ക് വാങ്ങി വ്യാപാരം തുടങ്ങി. അച്ഛന്റെ പേരായ ടി.എസ്.കല്യാണരാമന്‍ എന്ന പേരിലായിരുന്നു തുണിക്കട. അതാണ് പിന്നീട് പരമ്പര കൈമാറി കല്യാണ്‍ സില്‍ക്‌സ് ആയത്. ടി.എസ്.പട്ടാഭിരാമന്റെ ഉടമസ്ഥതയിലുള്ള കല്യാണ്‍ സില്‍ക്‌സിന്റെ സ്ഥാപനം ഈ കെട്ടിടത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

പൈതൃക മന്ദിരം

നൂറുകണക്കിന് വ്യാപാര-വ്യവസായ പ്രമുഖരെ സൃഷ്ടിച്ച ഈ പൈതൃക മന്ദിരം ഇനി ഓര്‍മയാകാന്‍ അധിക നാള്‍ വേണ്ടിവരില്ല. ബലക്ഷയത്താല്‍ ഇടിഞ്ഞുവീണ ഭാഗത്ത് ബാക്കിയുണ്ടായിരുന്ന ഓടുകള്‍ നീക്കി അത്രയും ഭാഗം പൊളിച്ചു കളഞ്ഞു. ഇനി ബാക്കി എന്തെന്ന് കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ തീരുമാനിക്കും. ബലക്ഷയം രൂക്ഷമായ ഈ കെട്ടിടം ഇനി നിലനിര്‍ത്താനാകില്ലെന്ന് ഉറപ്പ്. ലോക പൈതൃകപ്പട്ടികയിലിടം പിടിച്ച വടക്കുന്നാഥ ക്ഷേത്രാങ്കണത്തിന്റെ പരിസരങ്ങളില്‍ പുതിയ നിര്‍മാണത്തിന് കര്‍ശന നിബന്ധനകളുണ്ടെന്നതിനാല്‍ ഇവിടെ പുതിയ കെട്ടിടമുയരാനും സാധ്യതയില്ല.

thrissur
ഹൈറോഡിലെ കെട്ടിടം പൊളിച്ചുമാറ്റുന്നു

ഏറ്റവും പഴയത്

ഹൈറോഡില്‍ നിന്ന് റൗണ്ടിലേക്ക് കയറുന്ന ഭാഗത്ത് തലയുയര്‍ത്തി നിന്നിരുന്ന കെട്ടിടം പലതുകൊണ്ടും വ്യത്യസ്തമായിരുന്നു. കുമ്മായക്കൂട്ട് ഉപയോഗിച്ച് വെട്ടുകല്ലുകള്‍ കമാനാകൃതിയില്‍ പിടിപ്പിച്ചാണ് കെട്ടിടത്തിന് ബലം കൂട്ടിയിരുന്നത്. ഈ ശക്തിയാലാണ് ഒന്നര നൂറ്റാണ്ട് പതറാതെ നിന്നിരുന്നത്.

ഇപ്പോള്‍ 28 കടകള്‍

കെട്ടിടത്തില്‍ ഇപ്പോള്‍ 28 കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഭാഗം ഇടിഞ്ഞതോടെ ആ വശത്തെ കടക്കാര്‍ സാധനങ്ങളെടുത്ത് കട കാലിയാക്കി. കാലിയായ ഭാഗമാണ് കൂറ്റന്‍ യന്ത്രസഹായത്തോടെ പൊളിച്ച് നീക്കിയത്. അടുത്തകാലത്ത് നഗരത്തിലെ ബലക്ഷയമുള്ള കെട്ടിടങ്ങളുടെ കണക്ക് കോര്‍പ്പറേഷന്‍ എടുത്തിരുന്നു. അതില്‍ നഗര പരിധിയില്‍ 121 കെട്ടിടങ്ങള്‍ ബലക്ഷയമുള്ളതായി കണ്ടെത്തിയിരുന്നു. അവയെല്ലാം പൊളിച്ചുമാറ്റണമെന്ന് തീരുമാനിച്ചിരുന്നു. അതിലൊന്നായിരുന്നു കോര്‍പ്പറേഷന്റെ ഈ കെട്ടിടവും.

ബാക്കിയുള്ള 120 എണ്ണം

ബാക്കിയുള്ള 120 എണ്ണവും സ്വകാര്യ വ്യക്തികളുടേതാണ്. പൊളിച്ചാല്‍ പുതിയത് പണിയുമ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നതിനാല്‍ നിലനിര്‍ത്തുകയാണ്. പഴയതാണെന്ന് അറിയാതിരിക്കാന്‍ അലൂമിനിയം പാനലുകള്‍ കൊണ്ടും ചില്ലിട്ട് അലങ്കരിച്ചും പഴമ മറയ്ക്കുകയാണ്.

കോര്‍പ്പറേഷന്റെ കെട്ടിടം ദുരന്തമുണ്ടാക്കാതെ ഒരു സൂചനയാണ് നല്‍കിയത്. അത് കണ്ട് പഠിച്ചില്ലെങ്കില്‍ എന്തുണ്ടാകുമെന്ന് ആലോചിക്കാന്‍ പോലും സമയമുണ്ടാകില്ല.

(തൃശ്ശൂര്‍ നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: old building collapse thrissur kerala flood 2019