അരീക്കോട്: കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് രൂപം നല്‍കുകയും മുസ്‌ലിംലീഗിനെ മുന്നില്‍നിന്ന് നയിക്കുകയുംചെയ്ത പ്രമുഖര്‍ പിറന്ന വീട് ഇനി ഓര്‍മയാകും.
എന്‍.വി. ആബ്ദുസ്സലാം മൗലവി, പ്രൊഫ. എന്‍.വി. ബീരാന്‍, എന്‍.വി. മുഹമ്മദ് കുട്ടി, എന്‍.വി. ഇബ്രാഹീം തുടങ്ങിയവരുടെ പിറവികൊണ്ടും സാമൂതിരിരാജാവുമായി ബന്ധപ്പെട്ട ചരിത്രംകൊണ്ടും പ്രശസ്തമായ വീടാണ് പൊളിക്കുന്നത്. കൊയിലാണ്ടിഎടവണ്ണ സംസ്ഥാനപാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായാണ് വാഴയില്‍ പള്ളിക്ക് എതിര്‍വശമുള്ള വീട് പൊളിക്കുന്നത്.
വാഴയില്‍ പള്ളി സ്ഥിതിചെയ്യുന്ന ഇടുങ്ങിയഭാഗം വീതി കൂട്ടുന്നതിനായി പള്ളി പൊളിച്ചുമാറ്റാന്‍ അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ അനുമതി നല്‍കിയിട്ടുണ്ട്. പകരം എതിര്‍വശത്ത് പള്ളി നിര്‍മിക്കാനായാണ് ചരിത്രത്തിലിടം നേടിയ 'എന്‍.വി. തറവാടും' പൊളിക്കുന്നത്.
അരീക്കോട്ടെ പഴക്കമേറിയ കെട്ടിടം
വാഴയില്‍ രായീന്‍കുട്ടി 1850ല്‍ പണിത വീടാണ് ഇതെന്ന് കരുതുന്നതായി കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗവും എന്‍.വി. കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരുമായ എന്‍.വി. അബ്ദുറഹിമാന്‍ പറഞ്ഞു.
1944ല്‍ രൂപവത്കരിച്ച അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്റെ സ്ഥാപക പ്രസിഡന്റും 1950ല്‍ രൂപംകൊണ്ട കേരള നദ്!വത്തുല്‍ മുജാഹിദീന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും മുസ്!ലിംലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എന്‍.വി. അബ്ദുസ്സലാം മൗലവിയുടെ മകനാണ് അബ്ദുറഹിമാന്‍. ഇദ്ദേഹത്തിന്റെ പിതാമഹന്മാരിലൊരാളായ നൊട്ടന്‍ വീടന്‍ രായീന്‍കുട്ടിയാണ് ചെങ്കല്ല് ചെത്തിപ്പടുത്ത പുല്ലു മേഞ്ഞ വീട് പണിതത്.
അക്കാലത്ത് അരീക്കോട് പ്രദേശം ഭരിച്ചിരുന്ന സാമൂതിരി രാജാവിന്റെ ഉദ്യോഗസ്ഥര്‍ രായിന്‍കുട്ടിയോട് വീടിന് പ്രത്യേകം നികുതി ആവശ്യപ്പെട്ടു.
എന്നാല്‍ രായീന്‍കുട്ടി നികുതി നല്‍കാന്‍ തയ്യാറായില്ല. താന്‍ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് പണിത വീടിന് എന്തിന് നികുതി നല്‍കണം എന്ന നിലപാടിലായിരുന്നു അദ്ദേഹം. കോപാകുലരായ ഉദ്യോഗസ്ഥര്‍ രായിന്‍കുട്ടിയുടെ പുല്ലിട്ട വീടിന് തീയിട്ടു.
വീട് നിശ്ശേഷം കത്തിയതോടെ രായിന്‍കുട്ടിക്കും കലി കയറി. തൊട്ടടുത്തദിവസം ചരക്കെടുക്കാന്‍ തോണിയില്‍ കോഴിക്കോട്ടുപോയ രായിന്‍കുട്ടി സാമൂതിരി രാജാവിനെ നേരില്‍ കാണാനുള്ള അനുമതി കരസ്ഥമാക്കി. അദ്ദേഹത്തിന്റെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ട രാജാവ് ഇന്നത്തെ അരീക്കോട് ടൗണിന്റെ ഹൃദയഭാഗമായ വാഴയില്‍ ഭാഗത്ത് ഏക്കര്‍കണക്കിന് ഭൂമി സൗജന്യമായി നല്‍കുകയുംചെയ്തു.
ഇങ്ങനെ അരീക്കോട്ടെ വലിയൊരുപങ്ക് ഭൂമിയുടെ ഉടമയായി നൊട്ടന്‍ വീടന്‍ രായീന്‍കുട്ടി മാറി. പില്‍ക്കാലത്ത് രായീന്‍കുട്ടിയുടെ പേരക്കുട്ടിയായ മോയീന്‍കുട്ടിയാണ് വീടടക്കമുള്ള 45 സെന്റ് സ്ഥലം 1925ല്‍ വാഴയില്‍ പള്ളിക്ക് സൗജന്യമായി നല്‍കിയത്. കത്തിച്ച വീട് പിന്നീട് ഓടിട്ടു.
അതാണ് ഇപ്പോള്‍ കാണുന്ന വീട്. മോയീന്‍കുട്ടിയുടെ മകനായിരുന്ന മമ്മദിന്റെ മകനാണ് മുജാഹിദ് പ്രസ്ഥാനത്തിന് വിത്തിടുകയും മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് ചുമതല വഹിക്കുകയുംചെയ്ത എന്‍.വി. അബ്ദുസ്സലാം മൗലവി.
കൂടുതല്‍ സൗകര്യമുള്ള പള്ളി പണിയും
2000 പേര്‍ക്ക് നമസ്‌കരിക്കാന്‍ കഴിയുന്ന അരീക്കോട് മേത്തലങ്ങാടി ജുമാ മസ്ജിദിലും 500 പേര്‍ക്ക് നമസ്‌കരിക്കാവുന്ന ടൗണ്‍ പള്ളിയിലും ജുമുഅ നമസ്‌കാരത്തിന് ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നതാണ് അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്റെ മുമ്പിലുള്ള ഇന്നത്തെ വലിയപ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാനായി വീട് പൊളിച്ചുമാറ്റുന്നിടത്ത് പുതിയ പള്ളി പണിയും.
പാര്‍ക്കിങ് സൗകര്യത്തോടെ അത്യാധുനികരീതിയില്‍ 2500 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാന്‍ കഴിയുന്ന പള്ളിയായിരിക്കും ഉയരുകയെന്ന് ജംഇയ്യത്തുല്‍ മുജാഹിദീന്റെ പ്രസിഡന്റ് കൂടിയായ എന്‍.വി. അബ്ദുറഹിമാന്‍ പറഞ്ഞു.
Content Highlights: NV Tharavadu of veteral muslim league leaders set to be demolished