.jpg?$p=f0b49be&f=16x10&w=856&q=0.8)
ആയിരം രൂപയ്ക്ക് അഞ്ചുസെന്റ് സ്ഥലവും വീടും വിൽപ്പന പരസ്യ ഭാഗം
കാളികാവ്: ആയിരം രൂപയ്ക്ക് അഞ്ചുസെന്റ് സ്ഥലവും വീടും. ഇത് വെറും വാക്കല്ല. മലയോരത്ത് സ്ഥലക്കച്ചവടം നടക്കാതെവന്നപ്പോള്‍ ആവിഷ്കരിച്ച പുത്തന്‍ മാര്‍ഗമാണ്. തനി ഭാഗ്യക്കുറി മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാല്‍ സ്ഥലമുടമയ്ക്കും ലഭിക്കുന്ന ആള്‍ക്കും നേട്ടം. അതായത് പത്തുലക്ഷം രൂപ വിലവരുന്ന സ്ഥലമാണെങ്കില്‍ ആയിരം രൂപയുടെ ആയിരം ടോക്കണുണ്ടാകും. ഈ ടോക്കണ്‍ വാങ്ങുന്നവരെ ചേര്‍ത്ത് നറുക്കിടും. നറുക്ക് കിട്ടുന്നയാള്‍ക്ക് സ്ഥലം.
രണ്ടായിരം രൂപയുടെ ടോക്കണാണെങ്കില് 500 പേര് നറുക്കിനുണ്ടാകും. ഭാഗ്യവാന് ആയിരമോ രണ്ടായിരമോ രൂപയ്ക്ക് പത്തുലക്ഷം വിലയുള്ള സ്ഥലം കിട്ടുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാളികാവിന്റെ പരിസരപ്രദേശങ്ങളില്‍ രണ്ടിടങ്ങളിലായി പുതിയ രീതിയിലുള്ള കച്ചവടത്തിനു തുടക്കമിട്ടിട്ടുണ്ട്. പുല്ലങ്കോട്ട് അഞ്ചുസെന്റ് നറുക്ക് ഒന്നിന് ആയിരം രൂപയ്ക്കാണ് വില്‍പ്പന ആരംഭിച്ചിട്ടുള്ളത്. അടയ്ക്കാക്കുണ്ടില്‍ 20 സെന്റ് സ്ഥലം നാലുസെന്റ് വീതമുള്ള അഞ്ച് ഭാഗങ്ങളാക്കി തിരിച്ച് നറുക്കിന് രണ്ടായിരം രൂപയും നിശ്ചയിച്ചാണ് ടോക്കണ്‍ വില്‍പ്പന നടത്തുന്നത്. രണ്ട് സ്ഥലമുടമകളും കടബാധ്യതകൊണ്ട് പ്രയാസപ്പെടുന്നവരാണ്.
പോയാല്‍ 1000 രൂപ, കിട്ടിയാല്‍ വീടും സ്ഥലവും എന്ന നിലയിലാണ് ആളുകള്‍ പദ്ധതിയെ കാണുന്നത്. ഭാഗ്യപരീക്ഷണം എന്നനിലയില്‍ ഒന്നിലധികം ടോക്കണ്‍ വാങ്ങിക്കുന്നവരുമുണ്ട്. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം ഇവിടെ നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുണ്ട്. നോട്ടീസിലൂടെയും വാട്സാപ്പ് വഴിയുമാണ് നൂതന സ്ഥലക്കച്ചവടരീതിക്ക് പ്രചാരണം കൊടുക്കുന്നത്. കണ്ണൂരില്‍ ജപ്തിനടപടി നേരിട്ട സ്ഥലമുടമയുടെ സ്ഥലം വിറ്റഴിക്കാന്‍ ഈ രീതി പരീക്ഷിച്ചിരുന്നു.
2016-ന് ശേഷം ചെറുകിട സ്ഥലക്കച്ചവടം നടക്കുന്നില്ലെന്നാണ് പുല്ലങ്കോട്ടെ സ്ഥലമുടമ പറയുന്നത്. അഞ്ചുസെന്റ് സ്ഥലത്തിനും വീടിനും 30 ലക്ഷം രൂപയാണ് വില കണക്കാക്കിയിട്ടുള്ളത്. 1000 രൂപയുടെ 3000 ടോക്കണ്‍ വിറ്റഴിച്ചാല്‍ തുക സമാഹരിക്കാന്‍ കഴിയും. ടോക്കണ്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് ഉടമ അബ്ദുല്‍നാസറിന്റെ പ്രതീക്ഷ. വീട് നിര്‍മിച്ചു മറിച്ചുവില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുല്‍നാസര്‍ പുല്ലങ്കോട്ട് സ്ഥലമെടുത്തത്. പ്രളയവും കോവിഡും കാരണം വില്‍പ്പന നടന്നില്ല. ജപ്തിസാധ്യത മുന്‍കൂട്ടിക്കണ്ടാണ് പുതിയ രീതിയിലേക്കു തിരിഞ്ഞത്. പ്രതീക്ഷിച്ച ടോക്കണ്‍ വിറ്റഴിക്കാതെവരുന്ന സാഹചര്യത്തില്‍ നറുക്കെടുപ്പ് ഉപേക്ഷിച്ച് പണം തിരിച്ചുനല്‍കുമെന്ന വ്യവസ്ഥയും ഉടമകള്‍ വെച്ചിട്ടുണ്ട്. അടയ്ക്കാക്കുണ്ടില്‍ 2000 രൂപയ്ക്ക് നാലുസെന്റ് വിറ്റിരുന്നു.
വിശദ പഠനം വേണം
ഈ രീതിയില്‍ സ്ഥലവില്പ്പനയെക്കുറിച്ച് കേട്ടിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നടന്നതായി അറിവില്ല. നിയമപരമായ സാധുത എത്രത്തോളമെന്ന് വിശദമായി പഠിച്ചാലേ പറയാനാകൂ. ലോട്ടറി നിയമത്തോട് കൂടുതല്‍ അടുത്തുനില്ക്കുന്ന രീതിയാണിത്.
ഷാജി കെ. ജോര്‍ജ്
(ജില്ലാ രജിസ്ട്രാര്‍, മലപ്പുറം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..