നരിക്കുനി : മടവൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ പൊയിൽ പ്രദേശത്ത് നാടൊരുമിച്ച് കുടുംബത്തിന് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറൽ ആഘോഷമായി.

വീടുനിർമാണം ഏറ്റെടുത്ത പൊയിൽ ചാരിറ്റബിൾ കൂട്ടായ്മയുടെ ലക്ഷ്യ സാക്ഷാത്കാരം മതസൗഹാർദവേദി കൂടിയായി. രണ്ട് പെൺമക്കളോടൊപ്പം കഴിയുന്ന ഹൃദ്രോഗിയായ കാവാട്ടുപറമ്പത്ത് ലീലയ്ക്കാണ് വീട് നിർമിച്ചുനൽകിയത്.

പൊയിൽ മഹല്ല് പ്രസിഡന്റ് കെ. ആലിക്കുട്ടി ഫൈസിയും മടവൂർ ശങ്കരൻകുന്നത്ത് ശിവക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. ജനാർദനനും ചേർന്ന് വീടിന്റെ താക്കോൽ കൈമാറി. വാർഡംഗം കെ. സന്തോഷ് അധ്യക്ഷനായി.

ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് വീട് നിർമിച്ചുനൽകാൻ മുന്നിട്ടിറങ്ങിയത്. അഞ്ചുസെന്റ് സ്ഥലത്ത് ചോർന്നൊലിക്കുന്ന കൂരയ്ക്കുകീഴിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീടെന്ന സ്വപ്നം അസ്തമിച്ച കുടുംബത്തിന് പുതുജീവൻ നൽകിക്കൊണ്ടാണ് കൂട്ടായ്മ ഈ ദൗത്യം ഏറ്റെടുത്തത്.

തറനിർമാണത്തിനുശേഷം ജൂലായ്‌ 11-ന് നടത്തിയ ബിരിയാണി ചലഞ്ചിലൂടെയാണ് വീടുനിർമാണം പൂർത്തീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്.

ചലഞ്ചിന് നാട്ടുകാർ കൈമെയ് മറന്ന് നൽകിയ പിൻതുണയാണ് വീടുനിർമാണം പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായമായത്.

വീട്ടമ്മയും പെൺമക്കളും തങ്ങളുടെ സന്തോഷം വീട്ടിലെത്തിയവരുമായി പങ്കുവെച്ചു. ചടങ്ങിൽ മഹല്ല് ഖത്തീബ് സാദിഖ് ഖുത്തുബി, പൊയിൽ ചാരിറ്റി കൂട്ടായ്മ അംഗങ്ങളായ കെ. സുബൈർ, ടി.പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Content highlights: new home handover to leela and her daughters made by help of local people