കല്പറ്റ: 108 വീടുകള്‍, വെറും കെട്ടിടങ്ങളല്ല, തലമുറകളായി ഒരു ജനത കണ്ട സ്വപ്നം യാഥാര്‍ഥ്യമാവുകയാണ് തൃക്കൈപ്പറ്റ പരൂര്‍ക്കുന്നില്‍. അടച്ചുറപ്പുള്ള, സൗകര്യമുള്ള 108 വീടുകളാണ് ആദിവാസി കുടുംബങ്ങള്‍ക്കായി പരൂര്‍ക്കുന്നില്‍ ഉയരുന്നത്. നിക്ഷിപ്ത വനഭൂമി ഏറ്റെടുത്തുള്ള ആദ്യ ഗോത്രഗ്രാമമാണ് ഇവിടെ പണിയുന്നത്.

കാരാപ്പുഴ ഡാമിനോടുചേര്‍ന്ന പ്രകൃതിരമണീയമായ പ്രദേശത്ത് പത്തുസെന്റ് സ്ഥലമാണ് ഓരോ കുടുംബത്തിനുമുള്ളത്. ആദിവാസി വികസന, പുനരധിവാസ പദ്ധതിയിലാണ് സ്ഥലത്തിനുള്ള തുക അനുവദിച്ചത്. സര്‍ക്കാര്‍ അനുവദിച്ച ആറുലക്ഷം രൂപയില്‍ 510 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വീടുയരുന്നത്.

ഹാള്‍, സിറ്റൗട്ട്, അടുക്കള, രണ്ട് കിടപ്പുമുറി, ശുചിമുറി എന്നീ സൗകര്യങ്ങളോടെയാണ് വീടുകളൊരുങ്ങുന്നത്. നിലം ടൈല്‍സാണിടുന്നത്. കാരാപ്പുഴ പദ്ധതിപ്രദേശത്തോട് ചേര്‍ന്ന സ്ഥലങ്ങളായതിനാല്‍ മറ്റു മലിനീകരണ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണവകുപ്പിനാണ് നിര്‍മാണച്ചുമതല.

കഴിഞ്ഞ നവംബറിലാണ് വീടുകളുടെ നിര്‍മാണം തുടങ്ങിയത്. പത്ത് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 80 ഓളം വീടുകളുടെ മേല്‍ക്കൂരയുടെ വാര്‍പ്പും കഴിഞ്ഞു.

കോവിഡ് പ്രതിസന്ധിയിലും നീണ്ടുനിന്ന മഴയെ തുടര്‍ന്നുമാണ് നിര്‍മാണം വൈകിയത്. ഇപ്പോള്‍ തകൃതിയായി നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുണ്ട്.

വീടുകളുടെ നിര്‍മാണം മാര്‍ച്ച് മാസത്തോടെ തീര്‍ത്ത് മുഖ്യമന്ത്രിയെ എത്തിച്ച് ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതി

ഗോത്രവിഭാഗങ്ങളില്‍തന്നെ പിന്നാക്കം നില്‍ക്കുന്ന പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കാണ് വീടനുവദിച്ചിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളിലെ ഭൂരഹിതരുടെ പട്ടികയില്‍നിന്ന് നറുക്കെടുത്താണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. വീടുകള്‍ക്കൊപ്പം പദ്ധതിപ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പദ്ധതിയുണ്ട്.

വൈദ്യുതി, കുടിവെള്ള സൗകര്യം, റോഡ് എന്നിവയ്ക്കുവേണ്ടിയുള്ള ശുപാര്‍ശ സമര്‍പ്പിച്ചുകഴിഞ്ഞു. ഒരേക്കര്‍ കളിസ്ഥലത്തിനായി അനുവദിക്കണമെന്നും ചികിത്സാ സൗകര്യാര്‍ഥം ഹെല്‍ത്ത് സബ്‌സെന്റര്‍, കമ്യൂണിറ്റി ഹാള്‍ എന്നിവയ്ക്കായും ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ സ്വയംതൊഴില്‍ പദ്ധതികള്‍, അടുക്കളത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളും ആലോചനയിലുണ്ട്. ഗോത്രകുടുംബങ്ങളുടെ സമൂലമായ വികസനത്തിന് അടിത്തറയൊരുക്കുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

Content highlights: new home for tribal community at wayanad paroorkunnu