കുട്ടപ്പനും നിർമലയും വീടിന് മുന്നിൽ
തൃശ്ശൂർ: ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയ്ക്ക് മുകളില്‍ ടാര്‍പാളിന്‍. കീറിയ മറയ്ക്കുള്ളിലൂടെ കയറുന്ന പൂച്ചയും ഇഴജന്തുക്കളും... ചേര്‍ക്കരയില്‍ ചേന്ദങ്ങാട്ട് കുട്ടപ്പ(76)നും ഭാര്യ നിര്‍മല(65)യും താമസിക്കുന്ന കൂരയുടെ സ്ഥിതിയാണിത്. അടച്ചുറപ്പുള്ള വീടിനായി ഓടിനടന്നിട്ട് ചെരുപ്പ് തേഞ്ഞതല്ലാതെ ഫലമുണ്ടായില്ലെന്ന് ഇരുവരും പറയുന്നു. മുറ്റിച്ചൂര്‍ പാലത്തിന് തെക്ക് നാട്ടിക ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലാണ് ഇവര്‍ താമസിക്കുന്നത്.
വീട്ടു നമ്പറും വൈദ്യുതിയും കുടിവെള്ള കണക്ഷനും റേഷന്‍കാര്‍ഡുമുണ്ട്. എന്നിട്ടും ലൈഫ് പദ്ധതിയില്‍പോലും വീട് ലഭിച്ചില്ല. അറ്റകുറ്റപ്പണിക്കും സഹായം ലഭിച്ചില്ല.
സമീപത്ത് പുഴയുണ്ടെന്ന് പറഞ്ഞാണ് അപേക്ഷ നിരസിക്കുന്നതത്രേ. ഒട്ടേറെ ടെറസ് വീടുകള്‍ പുഴയ്ക്കടുത്തുണ്ടെങ്കിലും പാവപ്പെട്ട തങ്ങളെ മാത്രം അവഗണിക്കുകയാണെന്ന് നിര്‍മല പറയുന്നു. ഉള്ളുതുളയ്ക്കുന്ന മഞ്ഞുകാലത്തും ഭയപ്പെടുത്തുന്ന വര്ഷക്കാലത്തുംം തണുത്തുവിറച്ച് ഷീറ്റില്‍ മറച്ച കൂരയില്‍ ജീവിതം തള്ളിനീക്കുകയാണ് ഈ വയോധികര്‍. മകനും മരുമകളും രോഗത്തെത്തുടര്‍ന്ന് മരിച്ചതോടെയാണ് ഇവര്‍ ഒറ്റപ്പെട്ടത്.
കുട്ടപ്പന് രോഗിയാണ്. നിര്‍മല പണിക്കുപോയാണ് ഇരുവരും പട്ടിണികൂടാതെ കഴിഞ്ഞിരുന്നത്. എന്നാല്‍ നാല് വര്‍ഷം മുന്‍പ് നിര്‍മലയ്ക്ക് ഹൃദയശസ്ത്രക്രിയ കഴിഞ്ഞതോടെ പണിക്കുപോകാന്‍ പറ്റുന്നില്ല.
സി.പി.ഐ.യുടെ ബ്രാഞ്ച് അംഗമായ നിര്‍മല പാര്‍ട്ടിയുടെ മഹിളാ വിഭാഗം നേതാവാണ്. നേരത്തെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ അവശതകള്‍മൂലം മാറി നില്‍ക്കുകയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് മാസങ്ങളായി ടാപ്പില്‍ വെള്ളം എത്തിയിട്ട്. രോഗം വകവെയ്ക്കാതെ വഞ്ചി തുഴഞ്ഞാണ് വീതിയുള്ള കനോലിപുഴ കടന്ന് മുറ്റിച്ചൂര്‍ ഭാഗത്തുനിന്ന് നിര്‍മല വെള്ളം ശേഖരിക്കുന്നത്.
അതേ സമയം ലൈഫ് പദ്ധതിയുടെ പുതിയ ലിസ്റ്റില്‍ ഇവരുടെ പേരുണ്ടെന്നും പുതിയ ലിസ്റ്റ് പരിഗണിക്കുമ്പോള്‍ ഇവര്‍ക്ക് വീട് ലഭിക്കുമെന്നും വാര്‍ഡംഗവും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ രജനി ബാബു പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..