വസ്തുക്കളൊന്നുമില്ലാതെ പിന്നെങ്ങനെ വീടുണ്ടാക്കുമെന്നല്ലേ.. നോക്കാം. പനഞ്ചിറ ആദിവാസി കോളനിയിലാണ് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്ന ഈ പാളവീടുകള്‍. അതിര്‍ത്തിയില്‍, തമിഴ്നാടിന്റെ ഭാഗമാണ് കോളനി. ഇരുപത് കുടുംബങ്ങള്‍ ഉണ്ടിവിടെ. മിക്കവീടുകളും അടച്ചുറപ്പില്ലാത്തവ. കോളനിയിലേക്ക് വാഹനസൗകര്യമില്ലാത്തതിനാല്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ മാര്‍ഗമില്ല. അതുകൊണ്ട് സര്‍ക്കാര്‍ അനുവദിച്ച വീട് നിര്‍മിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

പാളവീടെന്ന ആശയം

കൂലിപ്പണിക്കാരനായ ബാബുവിന് സ്വന്തമായി ഒരു വീട് തട്ടിക്കൂട്ടാന്‍ പ്രാപ്തിയില്ല. കട്ടപിടിച്ചുവെക്കാന്‍ സ്ഥലമില്ല. തറയ്ക്കാവശ്യമായ കല്ല് കോളനിയിലേക്ക് കൊണ്ടുവരണമെങ്കില്‍ ഭാരിച്ച ചെലവുവരും. അപ്പോഴാണ് കോളനിയിലെ കാരണവരായ അമ്പു മൂപ്പന്‍ പാളവീടിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെ കോളനിക്കാരും ബാബുവിന്റെ ബന്ധുക്കളും വീടുപണിക്കായി ഒത്തുചേര്‍ന്നു. പരിസരത്തെ തോട്ടത്തിലെ പാളകള്‍ ശേഖരിച്ചു. പത്തുപേരുടെ രണ്ടാഴ്ചത്തെ അധ്വാനത്തിനൊടുവില്‍ മനോഹരമായ വീടുയര്‍ന്നു.

മുറികള്‍ മൂന്ന്, ഭിത്തികളും പാളകൊണ്ട്

ഭിത്തിമുഴുവന്‍ പാളകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. റൂമുകള്‍ തിരിക്കുന്ന ഇടഭിത്തികളും പാളയാണ്. ബലത്തിന് ഇടയ്ക്കിടെ തൂണുകളും പാളകളെ തമ്മില്‍ ബന്ധിപ്പിച്ച് മുളയും ഉപയോഗിച്ചിരിക്കുന്നു. പുറത്തേക്ക് ഒരു സണ്‍ഷേഡ് വേണമെങ്കിലോ അതും പാളയുടെ തണങ്ങുപയോഗിച്ച്. മൂന്നുവര്‍ഷം മുന്‍പ് നിര്‍മിച്ച വീടിന് ഇപ്പോഴും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തും ബാബുവിന്റെ പാളവീട് ഉലയാതെനിന്നു. അങ്ങിങ്ങ് ചില പാളകള്‍ക്ക് കേടുപറ്റിയെങ്കിലും അവ യഥാസമയത്ത് മാറ്റി വീട് പൊന്നുപോലെ സൂക്ഷിക്കുകയാണിവര്‍. അഞ്ചുവര്‍ഷം വരെ ഇതിന് ആയുസ്സുണ്ടെന്ന് ബാബു പറയുന്നു.

പനഞ്ചിറ കോളനിയിലെ മിക്ക വീടുകളുടെയും ഒരു ഭാഗമെങ്കിലും പാളകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. വേനല്‍ക്കാലത്തും വീടുകള്‍ക്കുള്ളില്‍ നല്ല കുളിര്‍മ. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ താമസക്കാര്‍ ചൂടേറ്റ് തളരുമ്പോള്‍ പ്രകൃതിനല്‍കുന്ന കുളിര്‍മ ആവോളം ആസ്വദിക്കുകയാണ് പാളവീട്ടില്‍ പാര്‍ക്കുന്ന പനഞ്ചിറ കോളനിവാസികള്‍.

Content Highlights: my home news