പാലോട്: തിരുവിതാംകൂറിന്റെ രാജപാരമ്പര്യം പേറുന്ന നക്ഷത്രക്കെട്ടുള്ള ബംഗ്ലാവുണ്ട് പാലോട്ട്. പക്ഷേ, നാട്ടുകാര്‍ സ്‌നേഹത്തോടെ മുസാവരി ബംഗ്ലാവെന്നു വിളിച്ചിരുന്ന ചരിത്രവിസ്മയം സംരക്ഷിക്കാന്‍ സംവിധാനങ്ങളില്ല. രാജപാരമ്പര്യത്തിന്റെ കൊടിയടയാളങ്ങളും സ്വാതന്ത്ര്യത്തിന്റെ പൊള്ളുന്ന സ്മരണകളും ഓടുമേഞ്ഞ ഈ മേല്‍ക്കൂരയ്ക്കു കീഴിലുണ്ട്. പുത്തന്‍തലമുറയ്ക്ക് ഈ ചരിത്രമെല്ലാം അന്യമാണ്. പാലോട് പോലീസ് സ്റ്റേഷനു സമീപത്തായി അധികമാരും ശ്രദ്ധിക്കാതെ കിടക്കുന്ന ഈ ചരിത്രസ്മാരകം ഇന്ന് പൊതുമരാമത്തിന്റെ കൈവശമാണ്.

12 ഏക്കറിനു മധ്യഭാഗത്തായി പണിതീര്‍ത്ത മണ്ഡപത്തിന് നക്ഷത്രക്കെട്ടുള്ള മേല്‍ക്കൂരയും പഴമയുടെ തലയെടുപ്പും ഇപ്പോഴുമുണ്ട്. ഒറ്റനോട്ടത്തില്‍ കൊട്ടാരസമാനമാണ് ഈ മന്ദിരം. ശ്രീമൂലം തിരുനാളിന്റെ കാലത്ത് കെട്ടിടം നവീകരിച്ചു. തുടര്‍ന്ന് ചിത്തിരതിരുനാളിന്റെ കാലത്ത് ആനാട്, ഇലവുപാലം, പാലോട് എന്നിവിടങ്ങളില്‍ വഴിയമ്പലവും ചുമടുതാങ്ങിയും പൗണ്ടും സൗജന്യ ഭക്ഷണശാലയും പണികഴിപ്പിച്ചതോടെ ചരിത്രമണ്ഡപത്തിന്റെ യശസ്സ് പതിന്മടങ്ങു വര്‍ധിച്ചു. രാജകീയ വിളംബരവും പേറി തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്നു വന്നിരുന്ന കുതിരവണ്ടികളുടെ ശബ്ദം ഇന്നും പഴമക്കാരന്റെ മനസ്സിലുണ്ട്.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളെ പിടിച്ചുകെട്ടി, അവയ്ക്കു ഭക്ഷണം നല്‍കി, തിരിച്ചുനല്‍കുമ്പോള്‍ ഉടമസ്ഥനില്‍നിന്നു പിഴയീടാക്കുന്ന പൗണ്ടും ഈ ചരിത്രമണ്ഡപത്തിന്റെ ഭാഗമായിരുന്നു. സര്‍ സി.പി., ഡോ. എസ്.രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖവ്യക്തികള്‍ വന്നു തങ്ങിയിട്ടുള്ള ഈ മണ്ഡപത്തിന് ചരിത്രപരമായ പ്രധാന്യം ഏറെയാണ്.

രാജപ്രതാപത്തിന്റെ ഇന്നലെകള്‍

1882ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുനാള്‍ ആണ് ഈ മണ്ഡപം പണികഴിപ്പിച്ചത്. രാജകുടുംബത്തിന് പൊന്മുടി, ചെങ്കോട്ട എന്നിവിടങ്ങളില്‍ ദീര്‍ഘദൂരയാത്ര വേണ്ടിവരുമ്പോള്‍ വിശ്രമിക്കുന്നതിനുള്ള ഇടത്താവളമായിരുന്നു ഇത്. ബംഗ്‌ളാവിന്റെ ഒരു ഭാഗം ആനാട് മുതല്‍ അരിപ്പ വരെയുള്ള ഭരണപ്രദേശത്തിന്റെ കണ്ടെഴുത്ത് ഓഫീസായും പാര്‍വത്യാര്‍, കരവാരം, നിയമകാര്യം എന്നിവയ്ക്കായും പകുത്തുനല്‍കിയിരുന്നു. രാജഭരണം അവസാനിച്ച് ജനകീയഭരണം വന്നതോടെ ബംഗ്‌ളാവിന്റെ പ്രൗഢിക്കു കോട്ടംവന്നു.

നിര്‍മാണത്തിന് പഴമയുടെ തനിമ

കെട്ടിടത്തിന്റെ നിര്‍മാണത്തിനും പഴയ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മുട്ടയും ശര്‍ക്കരയും ചുണ്ണാമ്പും ചേര്‍ത്ത മിശ്രിതത്തില്‍ പാകിയ തറയോട്, വൈദ്യുതിയുടെ സഹായമില്ലാതെ കറങ്ങിയിരുന്ന പങ്ക, പഴയകാലത്തെ ലൈറ്റുകള്‍ എന്നിവയെല്ലാം മണ്ഡപത്തിന്റെ സവിശേഷതകളായിരുന്നു. എന്നാല്‍, ആധുനികീകരണത്തിന്റെ ഭാഗമായി ഇന്ന് അവയില്‍ പലതും അപ്രത്യക്ഷമായി. ചുരുക്കത്തില്‍ പാലോടിനു തിലകക്കുറിയായി ഇങ്ങനെയൊരു ചരിത്രമണ്ഡപം ഉണ്ടെന്നറിയുന്നവര്‍ ഇന്നു ചുരുക്കം. പുരാവസ്തുവകുപ്പിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് മണ്ഡപം സംരക്ഷിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്.

ചരിത്രത്തെ കാത്തുസൂക്ഷിക്കുന്നതില്‍ അലംഭാവം കാട്ടരുത്. മുന്നില്‍ നശിക്കുന്ന ചരിത്രശേഷിപ്പിനെക്കുറിച്ച് പുതുതലമുറയെ പരിചയപ്പെടുത്തണം. ഒപ്പം പാലോടിന്റെ പ്രത്യേകതയായ മഴവില്‍പ്പാലവും മൂക്കുപാലവും സംരക്ഷിക്കാനും സംവിധാനമൊരുക്കണം.

എം.പി.വേണുകുമാര്‍

പൊതുപ്രവര്‍ത്തകന്‍, പാരലല്‍ കോളേജ് അധ്യാപകന്‍

പഴയ തലമുറ ഇന്നും ആവേശത്തോടെ കാണാനും ഓര്‍ക്കാനും ഇഷ്ടപ്പെടുന്ന പേരാണ് മുസാവരി ബംഗ്ലാവ്. എന്റെ കുട്ടിക്കാലത്ത് ഇവിടെ വന്നുപോയിരുന്ന രാജകുടുംബാംഗങ്ങളെയും കൊട്ടാരം കാര്യക്കാരെയും ഇന്നും ഓര്‍ക്കുന്നുണ്ട്. മണ്ഡപത്തിന്റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കണം.

വിദ്യാധരന്‍ നായര്‍

റിട്ട. അധ്യാപകന്‍

പാലോട് മേഖലയില്‍ രാജാവുമായി ബന്ധപ്പെട്ട ഏക ശേഷിപ്പാണ് മുസാവരി ബഗ്ലാവ്. പൊതുമരാമത്ത് മുന്‍കൈയെടുത്ത് ഈ മനോഹരനിര്‍മിതിയെ സംരക്ഷിക്കാനും തകര്‍ന്നുപോകാതെ നിലനിര്‍ത്താനും ശ്രമിക്കണം.

സാജി

നാട്ടുകാരന്‍, പാലോട്

ഇന്നത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു ബംഗ്ലാവ് ഇവിടെയുണ്ടെന്നറിയില്ല. നാടിന്റെ ചരിത്രം പരിചയപ്പെടുത്താന്‍ ക്ലബ്ബുകളോ വായനശാലകളോ മുന്‍കൈയെടുത്ത് ഇത്തരം കേന്ദ്രങ്ങളില്‍ പഠനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം.

ആരതി ആര്‍.ഗോപാല്‍, പ്‌ളസ്ടു വിദ്യാര്‍ഥിനി

Content Highlights: Musavari Bungalow