കോയമ്പത്തൂര്‍: തീപ്പിടിത്തമോ മറ്റപകടങ്ങളോ ഉണ്ടായാല്‍ ബഹുനിലക്കെട്ടിടങ്ങളില്‍ കുടുങ്ങുന്നവരെ എളുപ്പത്തില്‍ രക്ഷിക്കാന്‍ സംവിധാനം വരുന്നു. അഗ്‌നിരക്ഷാവിഭാഗത്തിനാണ് പുതിയ ലിഫ്റ്റ് സംവിധാനം വരുന്നത്. ഈ വര്‍ഷം അവസാനത്തോടെ വിദേശനിര്‍മിത ഹൈഡ്രോളിക് പ്ലാറ്റ്‌ഫോം വാഹനം എത്തും.

6.5 കോടി വിലയുള്ളതാണ് ലിഫ്റ്റ് സൗകര്യമുള്ള വാഹനം. 14 നില ഉയരത്തിലുള്ള കെട്ടിടത്തില്‍നിന്നുവരെ ആളെരക്ഷിച്ച് ഇറക്കിക്കൊണ്ടുവരാവുന്ന വാഹനമാണ് അഗ്‌നിരക്ഷാസേനയുടെ ഭാഗമാവുക. ഇതിന് 360 കിലോഗ്രാം വഹിക്കാനാവും. 55 മീറ്റര്‍വരെ ഉയരത്തിലെത്തും. 52 മീറ്റര്‍ ഉയരത്തില്‍നിന്നുവരെ ആളുകളെ ഇറക്കിക്കൊണ്ടുവരാനാവും.

കെട്ടിടങ്ങള്‍ക്കുപുറമേ മൊബൈല്‍, ടെലിഫോണ്‍ ടവറുകള്‍, വളരെ ഉയരമുള്ള പോസ്റ്റുകള്‍, പരസ്യബോര്‍ഡുകള്‍ തുടങ്ങിയവയിലും അപകടത്തിലും മറ്റുമായി കുടുങ്ങുന്നവരെ രക്ഷിക്കാനാവും. പൂര്‍ണമായും കംപ്യൂട്ടര്‍വത്കരിച്ചാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. നഗരത്തില്‍ ഇതുവരെ ഇത്തരത്തില്‍ ഒരു രക്ഷാപ്രവര്‍ത്തന സംവിധാനമില്ല.

2013-ല്‍ നഗരത്തിലെ ഒരു വാണിജ്യസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള ആധുനിക സംവിധാനങ്ങളുടെ അപര്യാപ്തത ചര്‍ച്ചയായത്. മൂന്നൂറോളം വലിയ ബഹുനിലക്കെട്ടിടങ്ങള്‍ നഗരത്തിലുണ്ട്. ചെന്നൈ ഐ.ഐ.ടി.യില്‍നിന്നുള്ള പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള സമിതി വിലയിരുത്തിയാണ് കോയമ്പത്തൂരിനാവശ്യമായ രീതിയിലുള്ള സംവിധാനം നിശ്ചയിച്ചത്.

കംപ്യൂട്ടര്‍വത്കൃത സംവിധാനമായതിനാല്‍ ചെറിയ തകരാറുകള്‍ വിദേശത്തെ നിര്‍മാതാക്കളില്‍നിന്നുതന്നെ സോഫ്റ്റ്‌വെയര്‍ സഹായത്തോടെ പരിഹരിക്കാവുന്ന വിധത്തിലാണ് നിര്‍മാണം. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിന് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.

Content Highlights: Multi Storey Building Security