പെരിങ്ങത്തൂർ: സഹപാഠികൾ രാപകൽ അധ്വാനിച്ച് ഉണ്ടാക്കിക്കൊടുത്ത സ്നേഹഭവനത്തിന്റെ ഗൃഹപ്രവേശത്തിനുള്ള ഒരുക്കത്തിലാണ് പാനൂർ അണിയാരത്തെ മീത്തൽ പറമ്പത്ത് സ്വരാഗ്.

മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് അവിടത്തെ എൻ.എസ്.എസ്. യൂനിറ്റ് പാർപ്പിടമില്ലാത്ത സ്വരാഗിന്റെ വീട് നിർമാണം ഏറ്റെടുക്കുന്നത്. അത്ര എളുപ്പമുള്ള കാര്യമല്ല ഏറ്റെടുത്തത് എന്ന് പ്രോഗ്രാം ഓഫീസറായ സജീവ് ഒതയോത്തിനും ക്ലാസിലെ കുട്ടികൾക്കും നന്നായി അറിയാം. ഒടുവിൽ അവർ 10.20 ലക്ഷത്തിന് വീട് നിർമാണം പൂർത്തിയാക്കി.

ഫണ്ട് സ്വരൂപിക്കലായിരുന്നു തുടക്കം. 100 രൂപയുടെ കൂപ്പണുകൾ രണ്ട് ബാച്ചിലെ 200-ഓളം കുട്ടികൾക്ക് നൽകി. നാലായിരത്തി എണ്ണൂറോളം വീടുകളിൽ ഇവർ കൂപ്പണുകളുമായെത്തി. പൊതുജനങ്ങളുടെ സഹകരണം കുട്ടികൾക്കും ആവേശം പകർന്നു. ഇതിനിടെ കുറ്റിയടിച്ച് തറ കെട്ടി നിർമാണമാരംഭിച്ചു. ഒഴിവുസമയങ്ങളിൽ മണ്ണ് നീക്കിയും കല്ല് ചുമന്നും വെള്ളം നനച്ചും എൻ.എസ്.എസ്. വൊളണ്ടിയർമാരായ കുട്ടികൾ പഠിച്ചത് അധ്വാനത്തിന്റെയും വിയർപ്പിന്റെയും പാഠം. നഗരസഭ കൗൺസിലർ പറമ്പത്ത് ഹരീന്ദ്രൻ ചെയർമാനായി രൂപവത്കരിച്ച സമിതിയുടെ സഹായവും പദ്ധതിക്ക് തുണയായി. പലപ്പോഴും പണം പ്രശ്നമായി വന്നു. പിന്നെ നിർമാണ സാമഗ്രികൾ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു.

നിർമാണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോഴാണ് കൊറോണയുടെ വരവ്. ചെറിയ ഇടവേളയ്ക്കുശേഷം ആവേശം ചോരാതെ അകലം പാലിച്ചും നിയന്ത്രണങ്ങളോടെയും കുട്ടികൾ നിർമാണത്തിൽ സജീവമായി. കോവിഡ് കാലത്തെ അതിജീവിച്ച് വീട് നിർമാണം പൂർത്തിയാക്കിയ ചാരിതാർഥ്യത്തിലാണ് രാജീവ് ഗാന്ധി ഹയർ സെക്കൻഡറിയിലെ എൻ.എസ്.എസ്. യൂനിറ്റ്. . അഭിയുക്ത്, ആകാശ്, വിസ്മിൻ, ആഗ്നേയ്, അരുൺ തുടങ്ങിയ വിദ്യാർഥികൾ നേതൃത്വം വഹിച്ചു. തെയ്യംകലാകാരൻ കൂടിയായ സ്വരാഗും രണ്ട് സഹോദരങ്ങളും അച്ഛനും അമ്മയും ഇനി പുതിയ വീട്ടിലേക്ക്. ഞായറാഴ്ച രാവിലെ ഒമ്പതിന് കെ. മുരളീധരൻ എം.പി.യാണ് വീട്ടിൽ അതിഥിയായെത്തുന്നത്.

Content Highlights: mokeri rajeev gandhi higher secondary school students built house for classmate