Representative Image | Photo: Gettyimages.in
ന്യൂഡൽഹി: കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണച്ചട്ടങ്ങളുടെ കരടുവിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. 5000 ചതുരശ്രമീറ്ററിന് മുകളിൽ വിസ്തീർണമുള്ള ഭവനസമുച്ചയങ്ങളോ വാണിജ്യ കെട്ടിടങ്ങളോ നിർമിക്കുമ്പോൾ നിർമാണപരിധിയുടെ 10 ശതമാനം പ്രദേശത്തെങ്കിലും മരങ്ങൾ നടണമെന്ന് വിജ്ഞാപനം നിർദേശിക്കുന്നു.
അറ്റകുറ്റപ്പണിയോ പുതുക്കിപ്പണിയലോ നടത്തുമ്പോഴും ഈ വ്യവസ്ഥ ബാധകമായിരിക്കും. കരട് വിജ്ഞാപനത്തെക്കുറിച്ച് 60 ദിവസത്തിനുള്ളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
നിലവിലുള്ള നിയമങ്ങൾ പുതുക്കി പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ലളിതമാക്കി കെട്ടിടനിർമാണം സുഗമമാക്കുന്നതിനാണ് നിർദേശങ്ങൾ. ഇതിനായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം 2021 ജനുവരിയിൽ ഒരു വിദഗ്ധസമിതിക്ക് രൂപംകൊടുത്തിരുന്നു. ഈ സമിതി നൽകിയ ശുപാർശപ്രകാരമാണ് ബിൽഡിങ് കൺസ്ട്രക്ഷൻ എൻവയോൺമെന്റ് മാനേജ്മെന്റ് റെഗുലേഷൻസ്-2022 എന്ന കരടുവിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്.
അയ്യായിരം ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ, ഓരോ 80 ചതുരശ്രമീറ്റർ ഭൂമിയിലും ഒരു മരമെങ്കിലും നടണം. ഇങ്ങനെ മൊത്തം പ്ലോട്ടിന്റെ പത്തുശതമാനമെങ്കിലും മരങ്ങളുണ്ടെന്ന് ഉറപ്പാക്കണം. നിർമാണഭൂമിയിൽ നിലവിലുള്ള മരങ്ങളെയും ഇതിൽ ഉൾപ്പെടുത്താം.
കെട്ടിടങ്ങളിൽ മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. കുറഞ്ഞത്, ഒരുദിവസത്തെ മഴയിൽ ലഭിക്കുന്ന വെള്ളമെങ്കിലും ശേഖരിക്കാനുള്ള സൗകര്യം ഇവയ്ക്കുണ്ടാകണം. കെട്ടിടങ്ങളിൽ ശുദ്ധജലം ലഭിക്കുന്നതിനും സംസ്കരിച്ച വെള്ളം (ട്രീറ്റഡ് വാട്ടർ)ലഭിക്കുന്നതിനും വെവ്വേറെ സംവിധാനമുണ്ടായിരിക്കണം. കുടിക്കാനും കുളിക്കാനും പാചകത്തിനും ശുദ്ധജലവും ശുചിമുറിയിൽ ഫ്ളഷ് ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ട്രീറ്റഡ് വാട്ടർ ഉപയോഗിക്കുന്നതിനും രണ്ടു ടാപ്പുകൾ ഉണ്ടായിരിക്കണമെന്നും നിർദേശിക്കുന്നു.
നീർത്തടങ്ങളിലും ജലാശയങ്ങളിലും ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. നിർമാണപ്രവർത്തനങ്ങൾക്കായി ഭൂഗർഭജലം ഉപയോഗിക്കരുത്. ഉപയോഗിക്കണമെങ്കിൽ ഇതിന് കേന്ദ്ര ഭൂഗർഭജല അതോറിറ്റിയുടെ മുൻകൂർ അനുമതിവാങ്ങണം. കെട്ടിടനിർമാണസമയത്ത് പൊടി, പുക, മറ്റ് വായുമലിനീകരണം എന്നിവ തടയാൻ നടപടി സ്വീകരിക്കണം. ഇതിനായി സ്ക്രീൻ കവർ ഏർപ്പെടുത്തണമെന്നും വ്യവസ്ഥ ചെയ്യുന്നു.
Content Highlights: ministry of environment forest and climate change, conditions for the construction of big buildings
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..