ത്തര്‍പ്രദേശിലെ നോയിഡയില്‍ ആരംഭിക്കുന്ന പുതിയ ഓഫീസിന്റെ അകത്തളങ്ങള്‍ക്ക് താജ്മഹല്‍ ഡിസൈന്‍ നല്‍കി മൈക്രോസോഫ്റ്റ്. താജ്മഹലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ഇന്ത്യ ഡവലപ്‌മെന്റ് സെന്റര്‍ (ഐഡിസി) സൗത്ത് ഡെല്‍ഹി എന്‍സിആര്‍ കേന്ദ്രത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. 

കൊത്തു പണികളുള്ള വാതില്‍, കമാനങ്ങള്‍, താജ്മഹല്‍ പണിത ശില്‍പികളോടുള്ള ആദരസൂചകമായി ഒരുക്കിയ മാര്‍ബിളില്‍ തീര്‍ത്ത കുടീരങ്ങള്‍, ഐവറി നിറത്തിലുള്ള ഇടനാഴികളില്‍ മുഗള്‍ കാലഘട്ടത്തിലെ ജാളി വര്‍ക്കുകള്‍, കുടീരങ്ങള്‍ പോലെയുള്ള സീലിങ്ങുകള്‍... ഉള്ളിലെത്തിയാല്‍ ചെറിയൊരു താജ്മഹല്‍ തന്നെ. 

ആറ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്ന് നിലകളിലായാണ് മൈക്രോസോഫ്റ്റ് ഡെവലപ്പ്‌മെന്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ഓഫീസുകളുടെയെല്ലാം ഉള്‍വശം കുടീരങ്ങളും വെളുത്ത മാര്‍ബിളുകളും കൊണ്ടാണ് ഭംഗിയാക്കിയിരിക്കുന്നത്. 

പ്രധാന ഓഫീസ് ചാര്‍ ബാഗ് ഗാര്‍ഡനെ അനുകരിച്ചുള്ള നിറങ്ങള്‍ നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. അവിടെ ഇരിക്കുമ്പോള്‍ ഔട്ട്‌ഡോറില്‍ ഇരുന്ന് ജോലി ചെയ്യുന്നപോലെ തോന്നുമെന്നാണ് കമ്പനിയുടെ അഭിപ്രായം. പരമ്പരാഗതമായ ഓഫീസ് സങ്കല്‍പങ്ങളെ ഇല്ലാതാക്കാനാണ് തങ്ങളുടെ ശ്രമമെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

Content Highlights: Microsoft's New Office in Noida is Inspired by Taj Mahal