കോഴിക്കോട്: മാതൃഭൂമി ഇന്റീരിയര്‍ എക്സ്റ്റീരിയര്‍ ബില്‍ഡിങ് എക്സ്പോ 'മൈ ഹോംമിന് വര്‍ണാഭമായ തുടക്കം.എരഞ്ഞിപ്പാലം സരോവരം ബയോപാര്‍ക്കിന് എതിര്‍വശത്തെ പി.വി.കെ. പ്രോപ്പര്‍ട്ടി മൈതാനത്ത് ഒരുക്കിയ എക്‌സ്‌പോ  വെള്ളിയാഴ്ച വൈകീട്ട് ആറിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വീടിനുവേണ്ടിയുള്ളതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കാന്‍ മൈ ഹോം എക്‌സ്‌പോയ്ക്ക് കഴിയുന്നുവെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മേയര്‍ അഭിപ്രായപ്പെട്ടു. എക്‌സ്‌പോയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച ശേഷമാണ് മേയര്‍ മടങ്ങിയത്. 

expo

സ്‌പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച്  സെറാ സാനിറ്ററിവെയര്‍ മാര്‍ക്കെറ്റിങ്ങ് മാനേജര്‍ വി. ശബരീഷ്,സെറാസാനിറ്ററിവെയര്‍  സെയില്‍സ്  മാനേജര്‍ സുരേഷ് ബാബു,ഇസ്‌വിയ ഡെപ്യൂട്ടി മാനേജര്‍ ഷെര്‍ജിന്‍ അഗസ്റ്റിന്‍. എസ്ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബി.വി രാമണ്ണ, കോണ്‍ഫിഡന്റ് ഗ്രൂപ്പ് സെയില്‍സ് മാനേജര്‍ സിജു ജോര്‍ജ്ജ്, തുടങ്ങിയര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

myhome

വെള്ളിയാഴ്ച പതിനൊന്നുമണിയോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത സ്റ്റാളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം മുന്‍നിര ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. അറുപതോളം സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുള്ളത്. വീടുനിര്‍മാണത്തിനും പുതുക്കിപ്പണിയുന്നതിനും പുതിയത് വാങ്ങാനും ഉള്ള അവസരമാണിവിടെയുള്ളത്. ഒട്ടുമിക്ക സ്ഥാപനങ്ങളും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്.

വിവിധതരം ഗൃഹനിര്‍മാണ രീതികള്‍, നിര്‍മാണത്തിന് സഹായിക്കുന്ന വായ്പകള്‍, ബജറ്റ് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് മൈ ഹോം. ഭവനനിര്‍മാണ വായ്പ നല്‍കുന്ന സ്ഥാപനങ്ങളും മേളയില്‍ പങ്കാളികളാകുന്നുണ്ട്. പലിശ നിരക്കുകള്‍ താരതമ്യംചെയ്യാനും യോജിച്ചവ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും.

ഇറ്റാലിയന്‍ സാനിറ്ററി ലക്ഷ്വറി ബ്രാന്‍ഡായ ഇസ്വിയയാണ് മൈ ഹോമിന്റെ മുഖ്യപ്രായോജകര്‍. കേരളത്തിലെ പ്രമുഖ സാനിറ്ററി ബ്രാന്‍ഡായ സെറയാണ് ഇസ്വിയയുടെ ഇന്ത്യയിലെ വിതരണക്കാര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് പാര്‍ട്ണറും കോണ്‍ഫിഡന്റ് ഗ്രൂപ്പ് അസോസിയേറ്റ് സ്പോണ്‍സറുമാണ്.

സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലിഫ്റ്റ്, എസ്‌കലേറ്റര്‍ എന്നിവയും മേളയിലുണ്ട്. സാധാരണ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലിഫ്റ്റിനെക്കാള്‍ മിതമായ നിരക്കിലാണ് സോളാര്‍ ലിഫ്റ്റ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. വീടിന്റെ മോടി കൂട്ടാന്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ്സ് ഹാന്‍ഡ് റെയില്‍ സ്റ്റാളും മേളയുടെ ആകര്‍ഷണമാണ്.

ഇന്ത്യയിലാദ്യമായി ഫുഡ് എച്ച്.ഡി.പി.ഇ. മെറ്റീരിയല്‍ കൊണ്ടുണ്ടാക്കിയ വിവിധ തരം ക്യാപ്സൂള്‍ വാട്ടര്‍ടാങ്കുകള്‍ പരിചയപ്പെടാനുള്ള അവസരമുണ്ട്. ഇതിനുപുറമേ ഫര്‍ണിച്ചര്‍, മാട്രസ്, കസേര, അലമാര തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ട്. നൂതനസാങ്കേതികവിദ്യയിലൂടെ നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ഈടുറ്റ പ്ലാസ്റ്റിക് ബാത്ത്റൂം ഫിറ്റിങ്സുകളും മേളയിലെ പ്രത്യേകതയാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത, പരാതിക്കിട നല്‍കാത്ത രീതിയിലുള്ളവയാണ് ഇത്തരം ഉത്പന്നങ്ങള്‍. ഇവയ്ക്ക് ഗാരന്റിയും നല്‍കുന്നുണ്ട്. വീടു നിര്‍മാണത്തിനാവശ്യമായ ഇലക്ട്രിക്കല്‍ കേബിളുകള്‍, സോളാര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സെമിനാറുകളും മേളയുടെ പ്രത്യേകതയാണ്. 30-ന് വൈകീട്ട് ആറിന് ചെലവ് കുറഞ്ഞ വീട് നിര്‍മാണ രീതികളെ കുറിച്ച് ഷിബു പൈങ്കിന്റവിട ക്ലാസെടുക്കും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ആറിന് ഹോം ലോണുകളെക്കുറിച്ച് എസ്.ബി.ഐ. ലോക്കല്‍ ഹെഡ് ഓഫീസ് പേഴ്സണല്‍ ബാങ്കിങ് ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ലാല്‍സണ്‍ വി. ജേക്കബും രണ്ടിന് വൈകീട്ട് ആറിന് വാസ്തുവിനെ കുറിച്ച് ചെറുവള്ളി നാരായണന്‍ നമ്പൂതിരിയും ക്ലാസെടുക്കും.

രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് പ്രദര്‍ശനം. പൂര്‍ണമായും ശീതീകരിച്ച പവലിയനിലാണ് പ്രദര്‍ശനം. ഫുഡ് കോര്‍ട്ടും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.