കോഴിക്കോട്: രാത്രികാലങ്ങളില്‍ വെളിച്ചമില്ലാത്ത വീടുകള്‍ നോക്കിവെച്ച് കവര്‍ച്ച നടത്തുന്ന തസ്‌കരവീരന്‍മാരുടെ ശ്രദ്ധയ്ക്ക്-ആള്‍ത്താമസമില്ലെങ്കിലും സമയാസമയം അണയുകയും തെളിയുകയും ചെയ്യുന്ന ലൈറ്റുകളുമായാണ് ഇനി പല വീടുകളും നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാവുക.

വെളിച്ചത്തിനൊപ്പം എഫ്.എം. റേഡിയോവില്‍ നിന്നുള്ള പാട്ടും കൂടി വീട്ടിനകത്ത് മുഴങ്ങുന്നതോടെ വീട്ടില്‍ ആളുണ്ടെന്ന് കരുതി കള്ളന്മാര്‍ക്ക് 'ദൗത്യ'ത്തില്‍ നിന്ന് പിന്തിരിയേണ്ടി വരും. കോഴിക്കോട് സരോവരം ബയോപാര്‍ക്കിന് എതിര്‍വശത്തെ പി.വി.കെ. പ്രോപ്പര്‍ട്ടി ഗ്രൗണ്ടില്‍ തുടക്കമായ മാതൃഭൂമിയുടെ 'മൈ ഹോം' ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍, ബില്‍ഡിങ് എക്‌സ്പോയാണ് ഇത്തരം ഒട്ടേറെ പുതുമകള്‍ നിരത്തി ശ്രദ്ധേയമാവുന്നത്.

ലോകത്ത് എവിടെനിന്ന് വേണമെങ്കിലും നമ്മുടെ വീടുകളിലെ സ്വിച്ച് ബോര്‍ഡുമായി ബന്ധപ്പെടുത്തിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമാണ് 'പെര്‍ട്ട്' എന്ന ആപ്ലിക്കേഷന്‍. മുന്‍കൂട്ടി ചിട്ടപ്പെടുത്തിയതിനനുസരിച്ച് ബള്‍ബും ഫാനും ടെലിവിഷനും എയര്‍ക്കണ്ടീഷണറുമെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സാധിക്കും.

മാത്രമല്ല ഓരോ യൂണിറ്റിലെയും വൈദ്യുതി ഉപഭോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങളും ആപ്ലിക്കേഷന്‍ വഴി ലഭ്യമാവും. സ്വിച്ച് ബോര്‍ഡിനുള്ളില്‍ വൈഫൈ മൊഡ്യൂള്‍ വഴി ബന്ധിപ്പിച്ച ഹോം ഓട്ടോമേഷന്‍ ഉപകരണമുപയോഗിച്ചാണ് പെര്‍ട്ട് ആപ്പ് പ്രവര്‍ത്തനസജ്ജമാക്കുന്നത്. സ്വിച്ച് ബോര്‍ഡിന്റെ നിയന്ത്രണത്തിനനുസരിച്ചാണ് പെര്‍ട്ട് ആപ്ലിക്കേഷന്റെയും ഓട്ടോമേഷന്‍ സംവിധാനത്തിന്റെയും വില നിശ്ചയിച്ചിരിക്കുന്നത്.

മഴവെള്ള സംഭരണി കൂടിയായി പ്രവര്‍ത്തിച്ച് കിണര്‍ 'റീച്ചാര്‍ജ്' ചെയ്യുന്ന പ്ലാസ്റ്റിക് രഹിത പി.വി.സി.കൊണ്ട് നിര്‍മിച്ച 'മഴവെള്ള പാത്തി', എണ്ണയില്‍ വറുത്ത് മാത്രം കണ്ടുപരിചയിച്ച ധാന്യങ്ങളും പയറുമെല്ലാം എണ്ണയില്ലാതെ വറുത്ത് സ്‌നാക്‌സ് ആക്കി മാറ്റുന്ന 'സ്‌നാക്ക് മേക്കര്‍', ഒരു മിനിറ്റില്‍ ഒരു മുറിത്തേങ്ങ ചിരകുന്ന യന്ത്രച്ചിരവ, വൈദ്യുതി ആവശ്യമില്ലാത്ത ട്രെഡ്മില്ലുകള്‍, രക്തചംക്രമണം കൂട്ടുന്ന വ്യായാമ ഉപകരണങ്ങള്‍...എന്നിങ്ങനെ നിരവധി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് മൈഹോമിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.

പ്യുവര്‍ഹോം എന്ന പേരിലുള്ള വാട്ടര്‍പ്യൂരിഫയറും, നാനോ യുഎഫും മേളയിലെത്തുന്നവര്‍ക്ക് നവ്യാനുഭവമാകുന്നു. ജര്‍മനിയില്‍ നിന്നുള്ള പ്രത്യേകതരം കല്ലുകളും കാര്‍ബണ്‍ ഫില്‍ട്ടറുമെല്ലാം ഉള്‍ക്കൊണ്ട പ്യൂവര്‍ഹോം ഹാനികരമായ ധാതുക്കളും മൂലകങ്ങളുമെല്ലാം അരിച്ചെടുത്ത് ഘനജലത്തെവരെ ശുദ്ധീകരിച്ചാണ് ഉപയോഗ യോഗ്യമാക്കുന്നത്. വീട്ടാവശ്യത്തിനും, വ്യാവസായിക ആവശ്യത്തിനുമുതകുന്ന തരത്തിലാണ് ഇവ ഒരുക്കിയിട്ടുള്ളത്.

ഉന്നതനിലവാരമുള്ള ഹൗസ് വയറിങ് കേബിളുമായി പൊതുമേഖലയില്‍ ശ്രദ്ധേയമാവുന്ന ട്രാക്കോ കേബിള്‍ ലിമിറ്റഡും രാജ്യത്തെ മുന്‍നിര ബില്‍ഡര്‍മാരും ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈന്‍ രംഗങ്ങളിലെ പ്രമുഖ കമ്പനികളുമെല്ലാം മേളയിലെ അന്‍പത് സ്റ്റാളുകളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍  പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. 

 മികച്ച ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ്കോര്‍ട്ടും മൈഹോമിലുണ്ട്. പ്രവേശനം സൗജന്യമായ മേളയില്‍ പ്രത്യേക ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി വിവിധ സ്റ്റാളുകളില്‍ ലഭ്യമാക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് എട്ട് വരെയുള്ള പ്രദര്‍ശനം 27-ന് സമാപിക്കും.