കോഴിക്കോട്: ഗൃഹനിര്‍മാണത്തിന് വഴികാട്ടിയായി മാതൃഭൂമി 'മൈഹോം' വെള്ളിയാഴ്ച ആരംഭിക്കും. കോഴിക്കോട് പി.വി.കെ. പ്രോപ്പര്‍ട്ടി ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ഗൃഹനിര്‍മാണ രംഗത്തെ ഒട്ടനവധി ചേരുവകള്‍ ഒരുമിച്ച് ലഭിക്കും. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നടക്കുന്ന പ്രദര്‍ശനം ഒട്ടേറെ വിഷയങ്ങളിലാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകള്‍, ബജറ്റ്ഹോം, ലോണുകള്‍ എന്നിങ്ങനെ വീടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകും. 

ഇന്ന് പുത്തന്‍രീതികളും താത്പര്യങ്ങളുമാണ് എല്ലാവര്‍ക്കും. പണ്ട് തീരുമാനങ്ങളെല്ലാം ആര്‍ക്കിടെക്റ്റുകളാണ് എടുത്തിരുന്നതെങ്കില്‍ ഇന്ന് വീട് നിര്‍മിക്കുന്ന ആളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് നിര്‍മാണം. ഈ ആവശ്യങ്ങള്‍ക്ക് വേണ്ട എളുപ്പവഴികള്‍ കണ്ടെത്തുക എന്നതാണ് ആര്‍കിടെക്റ്റിന്റെ ഉത്തരവാദിത്വം. ജനങ്ങളുടെ മാറിയ താത്പര്യങ്ങളിലൊന്നാണ് നിറങ്ങള്‍. ഇളം നിറങ്ങളോടാണ് ഇന്ന് ജനങ്ങള്‍ക്ക് പ്രിയം. കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയില്‍ നിറങ്ങള്‍ പെട്ടെന്ന് മങ്ങിപ്പോകും എന്നതിനാലാണിത്. നാട്ടിന്‍പുറങ്ങളിലെ സാധാരക്കാര്‍പോലും ആധുനിക ഗൃഹങ്ങള്‍ക്ക് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തകര്‍ന്നത് കടുത്ത നിറങ്ങളോടുള്ള ജനപ്രീതിയാണ്. വീടിന് മോഡേന്‍ ട്രെന്‍ഡി ??െസ്റ്റെല്‍ നല്‍കുന്നതിന് ഇളം നിറങ്ങളായ വെള്ള, ഗ്രേ, ഇളം തവിട്ട് തുടങ്ങിയ നിറങ്ങളോടാണ് ഏവര്‍ക്കും പ്രിയം. സ്റ്റെന്‍സില്‍ ഡിസൈന്‍, മെറ്റാലിക് നിറങ്ങള്‍, സ്റ്റോണ്‍ ഫിനിഷിങ് പെയിന്റുകള്‍ എന്നിവയ്ക്കും പ്രചാരം കൂടുന്നുണ്ട്. ചുവരില്‍ മാത്രമല്ല സീലിങ്ങില്‍ അടിക്കുന്ന പെയിന്റുകളും വാട്ടര്‍പ്രൂഫ് പെയിന്റുകളും ജനങ്ങളുടെ പ്രിയപട്ടികയില്‍ ഇടംനേടുന്നുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 5.30ന് ബജറ്റ് ഹോംസിനെക്കുറിച്ച് ആര്‍കിടെക്റ്റ് വിവേക് പി.പി. (ഫൗണ്ടര്‍ പാര്‍ട്ണര്‍ ഡി-എര്‍ത്ത് കാലിക്കറ്റ്, വൈസ് ചെയര്‍മാന്‍ ഐ.ഐ.എ. കാലിക്കറ്റ് സെന്റര്‍) ക്ലാസുകള്‍ നയിക്കും. ശനിയാഴ്ച വൈകീട്ട് 6-ന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് ആധുനിക ഗൃഹനിര്‍മാണത്തില്‍ വാസ്തുവിന്റെ പ്രശസ്തിയെക്കുറിച്ച് സെമിനാര്‍ നടത്തും.

ആധുനിക വീട് നിര്‍മാണരംഗത്തെ ഏതൊരു ചോദ്യത്തിനും ഉത്തരമാണ് മാതൃഭൂമി 'മൈഹോം'. ഇതോടൊപ്പംതന്നെ വീടുനിര്‍മാണത്തിലെ വിവിധവശങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറുകളാണ്'മൈഹോമി'ന്റെ പ്രത്യേകത. സെമിനാറുകള്‍ക്ക് പുറമേ കുട്ടികള്‍ക്കായുള്ള ആകര്‍ഷകമായ മത്സരങ്ങളും 'മൈഹോമി'ല്‍ ഉണ്ട്. 

മാതൃഭൂമി ഒരുക്കുന്ന 'മൈഹോം' ഇന്റീരിയല്‍, എക്സ്റ്റീരിയല്‍ ബില്‍ഡേഴ്സ് എക്സിബിഷനില്‍ ഗൃഹനിര്‍മാണത്തെക്കുറിച്ച് ഏതുതരം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ് നല്‍കുന്നത്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റാളുകളാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഫുഡ്കോര്‍ട്ട് സഹിതമാണ് പ്രദര്‍ശനം നടത്തുന്നത്. ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. ഇതിനുപുറമേ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫര്‍ണിച്ചര്‍, സാനിറ്ററി സാമഗ്രികള്‍ തുടങ്ങിയവയെല്ലാം ഒരു മേല്‍ക്കൂരയ്ക്ക് താഴെ അണിനിരക്കും.