തിരുവനന്തപുരം: വീടിന് വേണ്ടിയുള്ളതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കുന്ന മാതൃഭൂമി മൈ ഹോം ഇന്റീരിയര്‍ - എക്സ്റ്റീരിയര്‍ ബില്‍ഡര്‍ എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. വഴുതക്കാട് ശ്രീമൂലം ക്ലബില്‍ മേയര്‍ വി.കെ പ്രശാന്താണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. പരിപാടിയുടെ ബാങ്കിങ് പാര്‍ട്ണറായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ മുഖ്യാതിഥിയായി.

കെട്ടിട നിര്‍മ്മാണച്ചട്ടങ്ങള്‍ പാലിക്കാനുള്ള അവബോധം കൂടി മാതൃഭൂമി ഒരുക്കുന്ന എക്സ്പോയിലൂടെ നല്‍കണമെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ടതെല്ലാം ഒരുക്കുന്ന സമഗ്രമായ എക്സ്പോയാണ് ഇതെന്നായിരുന്നു എസ്.വെങ്കിട്ടരാമന്റെ അഭിപ്രായം. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജി.ശേഖരന്‍ നായര്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. 

എസ്.ബി.ഐ ജനറല്‍ മാനേജര്‍ അലോക് കുമാര്‍ ശര്‍മ്മ, പരിപാടിയുടെ മുഖ്യ പ്രായോജകരായ ഇസ്വിയയുടെ ഡെപ്യൂട്ടി മാനേജര്‍ ഷെര്‍ജിന്‍ അഗസ്റ്റിന്‍, അസോസിയേറ്റ് സ്പോണ്‍സര്‍ വി ഫൈവ് ഹോംസിന്റെ സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ എസ്.ശിവപ്രസാദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ഇന്ത്യയിലെ മുന്‍നിര ബില്‍ഡര്‍മാര്‍ക്കൊപ്പം ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ മേഖലകളിലെ പ്രമുഖരും പ്രദര്‍ശനത്തില്‍ പങ്കാളികളാകും. അമ്പതോളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വീടുനിര്‍മ്മാണത്തിനും പുതിയത് വാങ്ങാനും പുതുക്കി പണിയാനും ഉള്ള അവസരം ഇവിടെയുണ്ടാകും. മികച്ച ഓഫറുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

ഹോം ലോണ്‍, വാസ്തു, ബജറ്റ് ഹോം തുടങ്ങിയ വിഷയങ്ങളിലെ സെമിനാറുകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും. ഫുഡ് കോര്‍ട്ടും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്.