ലോകമെമ്പാടും ഹാലോവീന്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. ഹാലോവീന്‍ ആഘോഷങ്ങള്‍ കൂടുതല്‍ നടക്കുന്നത് അമേരിക്കയിലാണ്. ഇവിടെയുള്ളവര്‍ ആഘോഷങ്ങള്‍ക്കായി വീടുകളും അപ്പാര്‍ട്ട്‌മെന്റുകളും ഒരുക്കുന്നതിന്റെ തിരക്കിലാണ്. 

ഹാലോവീന്‍ ആഘോഷത്തിനായി ഒരുക്കിയ ഓഹിയോയിലുള്ള ഒരു വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിനേക്കാള്‍ ഉയരമുള്ള അസ്ഥികൂടം. മേല്‍ക്കൂരയില്‍ വലിയ കണ്ണ്. മുറ്റത്തും വീടിന്റെ മേല്‍ക്കൂരയിലുമായി അസ്ഥികൂടമായ വലിയ കൈകള്‍. ശരിക്കും പേടി തോന്നും ഈ വീട് കണ്ടാല്‍. 

40 ദിവസമെടുത്താണ് താന്‍ ഇതെല്ലാം സജ്ജമാക്കിയതെന്ന് അലന്‍ പറഞ്ഞു. സെപ്റ്റംബറിലാണ് ഹാലോവീനിനുവേണ്ടി ഇതൊക്കെ തയ്യാറാക്കി തുടങ്ങിയത്. ഏകദേശം 200 മണിക്കൂറോളമെടുത്താണ് പണികള്‍ പൂര്‍ത്തിയാക്കിയത്. ഒരുതരം റബ്ബറും പി.വി.സി. പൈപ്പും ചേര്‍ത്താണ് അസ്ഥികൂടം ഉണ്ടാക്കിയത്. 

അസ്ഥികൂടങ്ങളൊക്കെ തയ്യാറാക്കി കഴിഞ്ഞ് അവ വീടിനുമുന്നില്‍ സ്ഥാപിച്ചതോടെ പ്രദേശവാസികളൊക്കെ ഇവിടേക്ക് കാണാനായി എത്തിത്തുടങ്ങി. വീട് കാണാന്‍ ആളുകള്‍ എത്തിത്തുടങ്ങുകയും പ്രശസ്തമാകുകയും ചെയ്തതോടെ കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി പണം സ്വരൂപിക്കുന്ന ഫണ്ട് റൈസിങ് പരിപാടിയുടെ ഭാഗാമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് അലന്‍.

45 സ്റ്റേറ്റുകളില്‍ നിന്നായി 300 വീടുകള്‍ ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ടെന്ന് അലന്‍ പറഞ്ഞു. ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി താന്‍ ഇത്ര വലിയ സ്റ്റില്‍സ് ഒരുക്കുന്നത് ആദ്യമായാണെന്നും അടുത്തവര്‍ഷം ഇതിനേക്കാള്‍ വലിയ സ്റ്റില്‍സ് ഒരുക്കാനാണ് പദ്ധതിയിടുന്നതെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: massive halloween skeleton as large as a house becomes viral sensation