കൊച്ചി: ’’ഓടിട്ട ഞങ്ങടെ വീടും നിലംപൊത്തുമോ... കയറിക്കിടക്കാൻ മറ്റിടമില്ല ഞങ്ങൾക്ക്’’ - മരട് ഹോളി ഫെയ്ത്ത് ഫ്ളാറ്റിനു സമീപത്ത് താമസിക്കുന്ന വയോധികരായ ദമ്പതിമാരുടെ വാക്കുകളാണ്. മരട് ആൽഫ ഫ്ളാറ്റിന്റെ പൊളിക്കൽ ജോലികൾ നടക്കുന്നതിനിടെ സമീപത്തെ വീടിന് വിള്ളലുണ്ടായി എന്ന വാർത്തയാണ് ഇവരെ അസ്വസ്ഥരാക്കുന്നത്.

നെടുമ്പറമ്പിൽ എൻ.വി. ജോസഫും (75), ഭാര്യ മേരി(68)യുമാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റിനു സമീപത്ത് താമസിക്കുന്നത്. 20 വർഷം മുമ്പാണ് കുടികിടപ്പ് കിട്ടിയ സ്ഥലത്ത് ഒരു ഓട് പുര പണിതത്. കടമെടുത്താണ് വീടുപണി പൂർത്തിയാക്കിയത്. ഇതിനുശേഷം വലിയ വികസനം സമീപത്ത് വന്നു. ചുറ്റും ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു. ഇതിനിടെ വാഹനാപകടങ്ങളിൽ ഇവരുടെ രണ്ട് ആൺമക്കളും മരണപ്പെട്ടു. മക്കളുടെ ദാരുണ മരണ ശേഷം ദമ്പതിമാർ തളർന്നു. ശേഷം ജോസഫിന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ ജീവിതം കഷ്ടത്തിലുമായി.

മരട് നഗരസഭാ അധികൃതരെത്തി സ്ഫോടനം വഴി ഫ്ലാറ്റ് പൊളിക്കുമെന്ന വിവരം നേരത്തെ ഇവരെ അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും നൽകാമെന്നാണ് ഇവർ അറിയിച്ചിട്ടുള്ളത്. എന്നാൽ ഫ്ളാറ്റ് സ്ഫോടനം വഴി തകർക്കുമ്പോഴുണ്ടാകുന്ന തീവ്രത എത്രത്തോളം ഉണ്ടാകുമെന്നാണ് ഇവർക്കറിയില്ല. ’’സ്ഫോടനം നടക്കും മുമ്പ് ടെറസ് വീടിന് വിള്ളൽ വീണു. അപ്പോൾ പിന്നെ ഞങ്ങടെ ഓടിട്ട പഴയ വീടിന്റെ കാര്യം പറയണോ. സ്ഫോടനത്തോടെ വീട് തകർന്നു വീഴുമോ എന്നാണ് പേടി’’ - മേരി പറഞ്ഞു.

പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നുണ്ട്. തനിച്ചായതിനാൽ വീടിനെന്തെങ്കിലും സംഭവിച്ചാൽ കൂടി സഹായിക്കാൻ ആരുമില്ലെന്നാണ് ദമ്പതിമാർ പറയുന്നത്. ’’മക്കളുടെ മരണത്തോടെ ഞങ്ങളുടെ ആഗ്രഹങ്ങളും അവസാനിച്ചു. പൊടിയും ശബ്ദവുമെല്ലാം സഹിക്കാം. മരണംവരെ ഒരു കൂരയ്ക്കു കീഴിൽ കഴിഞ്ഞാൽ മതി.. ഇതിനുള്ള സഹായം മാത്രമേ അധികാരികളോട് ചോദിക്കുന്നുള്ളു...’’ ജോസഫ് പറഞ്ഞു. വീടിനെന്തെങ്കിലും തകരാർ പറ്റിയാൽ ഇത് നഗരസഭ പരിഹരിച്ചു നൽകുമെന്ന പ്രതീക്ഷയിലാണ് ഇവരിപ്പോൾ കഴിയുന്നത്.

പൊളി തുടരുന്നു, ആശങ്കയിൽ സമീപവാസികൾ

ഹോളിഫെയ്ത്ത് ഫ്ളാറ്റ് പൊളിക്കുന്ന ജോലികൾ തുടരുകയാണ്. ചുമരുകൾ ചുറ്റികയും മറ്റു മെഷീനുകളും ഉപയോഗിച്ച് തകർക്കുകയാണ്. ജെ.സി.ബി. ഉപയോഗിച്ച് ബീമുകളും പൊളിക്കുന്നുണ്ട്. ഫ്ളാറ്റ് പരിസരമാകെ പൊടിപടലങ്ങളാണ്. എന്നാൽ ഇതിനു പുറത്തേക്ക് പൊടിപടലങ്ങൾ പടരുന്നില്ലെന്നതാണ് ആകെയുള്ള ആശ്വാസം. എന്നാൽ ഇത് വരും നാളുകളിലും ഇങ്ങനെ തന്നെ തുടരുമോ എന്ന് സമീപത്ത് താമസിക്കുന്നവർക്ക് പേടിയുണ്ട്. പ്രദേശത്ത് കുലുക്കമോ പൊടിശല്യമോ ഒന്നും ഇല്ലെന്നാണ് സമീപത്ത് ‘അമ്പാടി’ ഹോട്ടൽ നടത്തുന്ന ബാബുരാജ് പറയുന്നത്. എന്നാൽ ആൽഫ ഫ്ലാറ്റ് പൊളിക്കുന്നതിനിടെ വീടിന് വിള്ളൽ വീണു എന്ന വാർത്ത കേട്ടതുമുതൽ എല്ലാവരിലും പേടി മുളയിട്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നാളെ തങ്ങളുടെ സ്വത്തിനും എന്തെങ്കിലും അത്യാഹിതം സംഭവിക്കുമോ എന്ന് പേടിച്ച് കഴിയേണ്ട സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: maradu flat demolition case