ഏതാനും ദിവസങ്ങള്‍കൂടി കഴിഞ്ഞാല്‍ മരടില്‍ തലയുയര്‍ത്തിനിന്ന ഫ്ലാറ്റുകളുടെ സ്ഥാനത്ത് അവശിഷ്ടങ്ങള്‍ പോലുമുണ്ടാകില്ല... ഫ്‌ലാറ്റുകള്‍ നിലംപതിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ അവയുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കുന്ന ജോലികള്‍ അന്തിമഘട്ടത്തിലെത്തി. അഞ്ചുനില വരെ ഉയരത്തില്‍ നിറഞ്ഞിരുന്ന മാലിന്യങ്ങളാണ് ഇല്ലാതാകുന്നത്.
മാലിന്യനീക്കത്തില്‍ രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്:
1. കോണ്‍ക്രീറ്റില്‍നിന്ന് കമ്പികള്‍ വേര്‍തിരിക്കല്‍.
2. കമ്പി മാറ്റിയ കോണ്‍ക്രീറ്റ് അവശിഷ്ടം സ്ഥലത്തുനിന്ന് മാറ്റുക.
കമ്പികള്‍ മാറ്റി ഉപയോഗിക്കാന്‍ അവകാശമുണ്ടായിരുന്നത് ഫ്‌ലാറ്റ് പൊളിച്ച കമ്പനികള്‍ക്കാണ്. എന്നാല്‍, വിജയ് സ്റ്റീല്‍സിന് ചുമതല നല്‍കി എഡിഫിസ് എന്‍ജിനീയേഴ്‌സ് ഒഴിവായി. കമ്പികള്‍ പുനരുപയോഗിക്കാന്‍ കഴിയും. ഇത് പാലക്കാട് കഞ്ചിക്കോട്ട് കൊണ്ടുപോയി ഉരുക്കിയാണ് ഉപയോഗിക്കുന്നത്.
കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കുന്ന ചുമതല ആലുവ ആസ്ഥാനമായ പ്രോംപ്റ്റ് എന്റര്‍പ്രൈസിനാണ്. കുന്നുപോലെ കൂടിക്കിടന്ന കോണ്‍ക്രീറ്റില്‍നിന്ന് കമ്പികള്‍ നീക്കുന്നത് എളുപ്പമായിരുന്നില്ല. സമീപപ്രദേശങ്ങളിലേക്ക് പൊടിപറത്താതെ വേണം ചെയ്യാന്‍. വെള്ളം തളിച്ചാണ് ഇതിന്റെ ജോലികള്‍ ചെയ്തത്. എങ്കിലും ആക്ഷേപങ്ങള്‍ വന്നതോടെ, ദേശീയ ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതി ചെയര്‍മാര്‍ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള ഇടപെട്ട് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. വെള്ളം ചിതറിവീഴിക്കണം (സ്പ്രിങ്കിള്‍) എന്നായിരുന്നു പ്രധാന നിര്‍ദേശം. ലോഡ് ലോറികളില്‍ മൂടിയിട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഒടുവില്‍ നാല് ഫ്‌ലാറ്റുകളിലെയും ജോലികള്‍ തീരാറായിരിക്കുന്നു. കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ പൊടിച്ച് കട്ടയുണ്ടാക്കുകയാണ്. ഇതിന്റെ ജോലികളും അതിവേഗം നടക്കുകയാണ്. ഓരോ ഫ്‌ലാറ്റിലെയും ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കാം.
ജെയിന്‍ കോറല്‍ കോവ്
അഞ്ച് നിലയോളം ഉയരത്തില്‍ ഉണ്ടായിരുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാന്‍ കൊണ്ടുപിടിച്ച പണിയാണ് നടക്കുന്നത്. കമ്പികളുടെ വേര്‍തിരിക്കല്‍ പൂര്‍ത്തിയായിട്ടില്ല. നാല് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പണി നടക്കുന്നത്. വേര്‍തിരിച്ച കമ്പികള്‍ പലയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നു. ഇത് കൊണ്ടുപോകുന്ന മുറയ്ക്കാണ് മറ്റ് അവശിഷ്ടങ്ങള്‍ മാറ്റുന്നത്.
ഏറ്റവുമധികം ജോലികള്‍ ബാക്കിയുള്ളതും ഇവിടെയാണ്. 200 ലോഡോളം കോണ്‍ക്രീറ്റാണ് ഇനി മാറ്റാനുള്ളതെന്ന് പ്രോംപ്റ്റ് പ്രതിനിധി അച്യുത് ജോസഫ് പറഞ്ഞു. ഫ്‌ലാറ്റ് പൂര്‍ണമായും വീണിട്ടും അവിടത്തെ പഴയ സെക്യൂരിറ്റി കാബിന്‍ അതുപോലെ ബാക്കിയുണ്ട്. കമ്പികള്‍ പൂര്‍ണമായി കൊണ്ടുപോയാല്‍ മൂന്ന് പ്രവൃത്തിദിവസത്തെ ജോലിയേ അവശേഷിക്കുന്നുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
55 മീറ്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍+16) ആയിരുന്നു ഈ ഫ്‌ലാറ്റിന്റെ ഉയരം. ഭൂമിക്കടിയിലേക്കുള്ള ആഴം 4045 മീറ്റര്‍. ആകെ വിസ്തീര്‍ണം 79,655.36 ചതുരശ്രയടി. 122 അപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായിരുന്നെങ്കിലും 40 കുടുംബങ്ങളേ താമസമുണ്ടായിരുന്നുള്ളു. 86 ലക്ഷം രൂപയാണ് പൊളിക്കാനുള്ള ചെലവായി കണക്കാക്കിയിരുന്നത്.
ആല്‍ഫ സെറീന്‍
ജെയിനിലേതിനെക്കാള്‍ അവശിഷ്ടങ്ങള്‍ ഇവിടെ നീക്കിയിട്ടുണ്ട്. ഇവിടെയും കോണ്‍ക്രീറ്റില്‍നിന്ന് കമ്പി വേര്‍തിരിക്കുന്നത് തീര്‍ന്നിട്ടില്ല. ഇവിടെനിന്ന് പുറത്തേക്കുള്ള റോഡുകള്‍ ചെറുതായതാണ് മാലിന്യനീക്കം സാവകാശമാകാന്‍ മറ്റൊരു കാരണം. കൊറോണ വൈറസ് ബാധയുടെ ഭീതിമൂലം ഏതാനും ഡ്രൈവര്‍മാര്‍ വരുന്നില്ല. ഇതിന് പകരം വണ്ടികള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ചുറ്റും മൂടിയിട്ടുള്ളതിനാല്‍ സമീപത്തേക്ക് ഇപ്പോള്‍ പൊടി കാര്യമായി ബാധിക്കുന്നില്ല. നനയ്ക്കലും നടക്കുന്നുണ്ട്. സമീപത്തുനിന്ന് തത്കാലത്തേക്ക് താമസം മാറിപ്പോയവരെല്ലാം തിരിച്ചെത്തി.
ആല്‍ഫ സെറീന് രണ്ടു ടവറുകളാണ് ഉണ്ടായിരുന്നത്. ഉയരം 55 മീറ്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍+16). ഭൂമിക്കടിയിലേക്കുള്ള ആഴം 4045 മീറ്ററായി കണക്കാക്കുന്നു. ആകെ വിസ്തീര്‍ണം 59,946.52 ചതുരശ്രയടിയായിരുന്നു. 73 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. പൊളിക്കാനുള്ള ചെലവ് 61 ലക്ഷം രൂപയായിരുന്നു.
ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.
കോണ്‍ക്രീറ്റ് മാലിന്യനീക്കം ഏതാണ്ട് പൂര്‍ണമാകാറായി. ഒരു പ്രവൃത്തിദിനം കൂടി മതിയെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പണികള്‍ ഏറ്റവും തീര്‍ന്നതും ഇവിടെയാണ്. വേര്‍തിരിച്ച കമ്പികള്‍ വിറകുപോലെ കെട്ടിവെച്ചിട്ടുണ്ട്. ഇത് കൊണ്ടുപോയിക്കഴിഞ്ഞാല്‍ നിരത്തല്‍ പൂര്‍ണമായി തുടങ്ങും. കമ്പി മാറ്റിയ ഭാഗത്ത് ഈ ജോലികള്‍ നടക്കുന്നുണ്ട്. ഇവിടത്തെ ജോലികള്‍ തീരുന്ന മുറയ്ക്ക് ജോലിക്കാരെ മറ്റിടങ്ങളിലേക്ക് നിയോഗിക്കും. ചുറ്റുമതിലിന്റെ ഒരുഭാഗത്ത് കേടുപാടുകളില്ല.
60 മീറ്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍+19) ആയിരുന്നു ഹോളിഫെയ്ത്തിന്റെ ഉയരം. ഭൂമിക്കടിയിലേക്കുള്ള ആഴം 4045 മീറ്റര്‍. ആകെ വിസ്തീര്‍ണം 58,785.56 ചതുരശ്രയടി. 90 അപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെയുണ്ടായിരുന്നത്. 64 ലക്ഷം രൂപയായിരുന്നു പൊളിക്കാനുള്ള ചെലവ്.
ഗോള്‍ഡന്‍ കായലോരം
ഹോളിഫെയ്ത്ത് കഴിഞ്ഞാല്‍ ജോലികള്‍ മിക്കവാറും പൂര്‍ത്തിയായത് ഇവിടെയാണ്. കമ്പികള്‍ നീക്കി കെട്ടുകളാക്കി വെച്ചിട്ടുണ്ട്. ഇത് ലോഡുകളായി കൊണ്ടുപോകുന്നുമുണ്ട്. ഇത് പൂര്‍ത്തിയായാല്‍ നിരത്തല്‍ വൈകില്ല. ഏറിയാല്‍ ഒന്നോ രണ്ടോ പ്രവൃത്തിദിനം മതിയെന്ന് പ്രോംപ്റ്റ് അധികൃതര്‍ പറയുന്നു. പൊളിച്ചതില്‍ ഏറ്റവും ചെറിയ ഫ്‌ലാറ്റ് ഇതായിരുന്നു.
16 നിലകളിലായി 40 അപ്പാര്‍ട്ട്‌മെന്റുകളളേ ഉണ്ടായിരുന്നുള്ളു. 55 മീറ്ററായിരുന്നു ഉയരം. ഭൂമിക്കടിയിലേക്കുള്ള ആഴം 4045 മീറ്റര്‍. 19,304.38 ചതുരശ്രയടിയായിരുന്നു ആകെ വിസ്തീര്‍ണം.
21 ലക്ഷം രൂപയാണ് പൊളിക്കാനായി കണക്കാക്കിയത്. ഇതിന്റെ മതിലിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി തത്കാലത്തേക്ക് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. മാലിന്യങ്ങള്‍ പൂര്‍ണായി നീക്കി ഇവിടം നിരപ്പാക്കിയാലെ ഇവിടെ പ്രവര്‍ത്തിക്കാനാകൂ.
പണികള്‍ വൈകിയില്ലെന്ന് പ്രോംപ്റ്റ്
വിജയ് സ്റ്റീല്‍സ് സ്ഥലം ഒഴിഞ്ഞതിന് ശേഷം 25 ദിവസമാണ് തങ്ങള്‍ക്ക് മരട് നഗരസഭ അനുവദിച്ചിരിക്കുന്നതെന്ന് പ്രോംപ്റ്റ് പ്രതിനിധി അച്യുത് ജോസഫ് പറഞ്ഞു. മുഴുവന്‍ കമ്പികളും കൊണ്ടുപോകാത്തതിനാല്‍ അവര്‍ ഇതുവരെ ഒഴിഞ്ഞിട്ടില്ല. അതിനാല്‍ കോണ്‍ക്രീറ്റ് അവശിഷ്ടം നീക്കി സ്ഥലം പൂര്‍വസ്ഥിതിയിലാക്കുന്ന ജോലികള്‍ക്ക് ഇനിയും സമയമുണ്ട്.
എന്നാല്‍, മാര്‍ച്ച് 25ഓടെ തീര്‍ക്കാവുന്ന രീതിയിലാണ് എല്ലായിടത്തും പണി നടക്കുന്നത്. 31ന് അപ്പുറത്തേക്ക് പോകില്ല. കോണ്‍ക്രീറ്റ് മാലിന്യം തള്ളുന്ന യാര്‍ഡില്‍ 'റബ്ബിള്‍ മാസ്റ്റര്‍' എന്ന യന്ത്രം ഉപയോഗിച്ച് ഇത് പൊടിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിന്റെ ആവശ്യം വേണ്ടിവന്നില്ല.
മാസങ്ങള്‍ നീണ്ട വിവാദം
കഴിഞ്ഞ മേയ് എട്ടിനാണ് ഫ്‌ലാറ്റ് പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഇതുസംബന്ധിച്ചുവന്ന ഹര്‍ജികളൊന്നും കോടതി പരിഗണിച്ചില്ല. പൊളിക്കാന്‍ വൈകുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്നാണ് കൃത്യമായി ഷെഡ്യൂള്‍ കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍ പൊളിക്കല്‍ നടപടി തുടങ്ങിയത്. ഇതിനായി ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ചുമതല നല്‍കുകയും ചെയ്തു.
ജനുവരി 11, 12 തീയതികളിലാണ് ഫ്‌ലാറ്റുകള്‍ പൊളിച്ചത്. ഷെഡ്യൂള്‍ അനുസരിച്ച് ഫെബ്രുവരി 10ന് ഫ്‌ലാറ്റുകള്‍നിന്ന സ്ഥലം പൂര്‍വസ്ഥിതിയില്‍ ആക്കേണ്ടതായിരുന്നു. എന്നാല്‍, മാലിന്യനീക്കം ഉദ്ദേശിച്ച വേഗത്തില്‍ നടന്നില്ല. ആദ്യദിവസങ്ങളിലെ വിവാദങ്ങളും ഇതിന് കാരണമായി.
ആല്‍ഫയുടെ സമീപത്തെ വീടുകളുടെ അറ്റകുറ്റപ്പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് പരാതിയുണ്ട്. കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളുടെ ഇന്‍ഷുറന്‍സ് കാര്യങ്ങളും നടക്കുന്നില്ല. പൊളിക്കലിന് ശേഷമുള്ള നടപടികള്‍ക്ക് ഒരു ഉദ്യോഗസ്ഥനെ നിയമിക്കാഞ്ഞതാണ് വീഴ്ചയായത്. സ്‌നേഹില്‍കുമാറിന് തുടര്‍ചുമതല നല്‍കുകയോ മറ്റാരെയെങ്കിലും നിയോഗിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്നാണ്, ആളുകള്‍ ഓരോ ആവശ്യത്തിനായി നഗരസഭയില്‍ കയറിയിറങ്ങേണ്ടി വന്നത്.
ഇക്കാലയളവിനിടയില്‍ നഗരസഭാ ഭരണാധികാരികളും മാറി. പരാതികള്‍ പൂര്‍ണമായും പരിഹരിക്കാനായില്ലെങ്കിലും ലോകമാകെയുള്ള മലയാളികള്‍ ഉറ്റുനോക്കിയ ഫ്‌ലാറ്റ് പൊളിക്കല്‍ കൃത്യതയോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞത് സ്‌നേഹില്‍കുമാറിനും സര്‍ക്കാരിനും നേട്ടമായി.
ആല്‍ഫയുടെ സമീപത്തുള്ള ഏതാനും പേരുടെ പരാതികള്‍കൂടി പരിഹരിച്ചാലേ മാസങ്ങള്‍ നീണ്ടുനിന്ന ഈ വിവാദങ്ങള്‍ക്ക് പൂര്‍ണവിരാമമാകൂ.
Content Highlights: maradu flat demolition