നിയമലംഘനം നടത്തി പടുത്തുയര്‍ത്തിയ മരടിലെ അഞ്ചു ഫ്‌ളാറ്റുകള്‍ മണ്ണടിഞ്ഞു കിടക്കുമ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു. എത്രയോ പേരുടെ, എത്രയോ കാലത്തെ അധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ സ്വപ്നം ഒരു നിമിഷംകൊണ്ട് സ്‌ഫോടനത്തിലൂടെ തകര്‍ക്കപ്പെട്ടപ്പോള്‍ അതു നിയമത്തിന്റെ കാര്‍ക്കശ്യമായാണ് എല്ലാവരും അംഗീകരിച്ചത്. എന്നാല്‍, മരടില്‍ നിയമലംഘനം നടത്തി ഫ്‌ളാറ്റു നിര്‍മിക്കാന്‍ അനുമതി കൊടുത്തത് ആരാണ്? 

ഈ നിയമലംഘനത്തിന് കൂട്ടുനിന്നവരില്‍ ചിലര്‍ ഇപ്പോള്‍ നിയമത്തിന്റെ പിടിയിലാണ്. എന്നാല്‍, പലരും ഇനിയും പിടിക്കപ്പെടാതെ പുറത്തുണ്ട്. ഈ നിയമലംഘനത്തിന് കൂട്ടുനിന്നവരും ശിക്ഷിക്കപ്പെടേണ്ടതല്ലേ? ഫ്‌ളാറ്റുകള്‍ മണ്ണടിഞ്ഞു കിടക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് ഉയരുന്ന ചോദ്യമിതാണ്.

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി കൊടുത്തത് ആരാണെന്ന് ചോദിച്ചാല്‍ അറിയില്ലെന്നാണ് സര്‍ക്കാര്‍പോലും നല്‍കുന്ന ഉത്തരം. ഇതു സംബന്ധിച്ച വിവരം ശേഖരിച്ചു വരുകയാണെന്നാണ് തദ്ദേശവകുപ്പ് മന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത്. അനധികൃത നിര്‍മാണത്തിനുപിന്നില്‍ സാമ്പത്തികത്തട്ടിപ്പും അഴിമതിയും രാഷ്ട്രീയ ഇടപെടലും ഉണ്ടായോയെന്ന ചോദ്യത്തിനും ഉത്തരമില്ല. എന്നാല്‍, ഫ്‌ളാറ്റ് പൊളിച്ചാല്‍ തീരുന്നതല്ല ഈ നിയമലംഘനമെന്നും അതിനു പിന്നിലെ ആളുകളെ ഇനിയും സത്യത്തിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവരാനുണ്ടെന്നും സുപ്രീംകോടതിയിലെ ന്യായാധിപന്‍ തന്നെ പറയുമ്പോള്‍ സര്‍ക്കാരിന് അധികകാലം മിണ്ടാതിരിക്കാനാകില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കുന്നുപോലെ ചോദ്യങ്ങള്‍

  •  ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി കൊടുത്തവര്‍ നിയമലംഘനം നടത്തിയോ
  •  പഞ്ചായത്ത് പ്രസിഡന്റും മറ്റും അറിയാതെയാണോ ഇതൊക്കെ നടന്നത്
  •  തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയാണോ പഞ്ചായത്ത് അനുമതി കൊടുത്തത്
  •  അഴിമതിയില്‍ കൂടുതല്‍ രാഷ്ട്രീയക്കാര്‍ക്കു പങ്കുണ്ടോ
  •  ഇപ്പോള്‍ പിടിയിലായവര്‍ക്കു പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കു നിയമലംഘനത്തില്‍ പങ്കുണ്ടോ
  •  ഉന്നതോദ്യോഗസ്ഥരുടെ അറിവില്ലാതെ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുമോ
  •  നിയമലംഘനത്തിന് കൂട്ടുനിന്നവരെ സഹായിച്ചവരെപ്പറ്റി കൂടുതല്‍ അന്വേഷണം നടക്കുമോ
  •  തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ നിര്‍ദേശം ലംഘിച്ച് ഫയല്‍ വെച്ചു താമസിപ്പിച്ചവര്‍ക്കെതിരേ നടപടിയില്ലാത്തതെന്തുകൊണ്ടാണ്.
  •  കേവലം ഫ്‌ളാറ്റ് പൊളിക്കലില്‍ തീരുന്നതാണോ ഈ നിയമലംഘനത്തിന്റെ ശിക്ഷാവിധി
  •  കീഴ്‌ക്കോടതിയില്‍ നിന്ന് രണ്ടുതവണ ഫ്‌ലാറ്റുടമകള്‍ക്ക് അനുകൂലമായി വിധിയുണ്ടാവാനുള്ള സാഹചര്യമെന്ത്

Content Highlights: maradu flat demolition