'ല്‍ഫാ സെറീന്‍ ഫ്‌ളാറ്റിലെ സ്വമ്മിങ്പൂള്‍ പൊളിച്ച ദിവസമാണ് വീടിനകത്തെ ചുമരില്‍ വിള്ളല്‍വീണത്...' പൊട്ടിയടര്‍ന്ന ചുമര്‍ ചൂണ്ടിക്കാണിച്ച് കടേക്കുഴി ഇബ്രാഹിംകുട്ടി പറഞ്ഞു.

ഫ്‌ളാറ്റ് പൊളിക്കുന്നദിനം അടുത്തതിന്റെ ആശങ്കയിലാണ് സമീപത്തെ താമസക്കാര്‍. 200 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എല്ലാവരും ശനിയാഴ്ച 9 മണിക്കുള്ളില്‍ പ്രദേശത്തുനിന്ന് മാറണമെന്ന് നിര്‍ദേശം കിട്ടിയിട്ടുണ്ട്.

വ്യാഴാഴ്ചതന്നെ പലരും വീടൊഴിഞ്ഞുതുടങ്ങി. ബാക്കിയുള്ളവര്‍ അവസാനവട്ട ഒരുക്കത്തിലാണ്... വിലപ്പെട്ടതെല്ലാം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന്റെയും മാറ്റുന്നതിന്റെയും തിരക്കിലാണ്. പക്ഷേ, കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം വിട്ടുപോകാനുള്ള സങ്കടമാണ് എല്ലാവരും പങ്കുവെച്ചത്.

'ഫ്‌ളാറ്റ് പൊളിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ അവസ്ഥ ഇതാണെങ്കില്‍, സ്‌ഫോടനം കഴിയുമ്പോള്‍ സ്ഥിതിയെന്താകും...' എന്നാണ് മുഹമ്മദ് ചോദിക്കുന്നത്. 'ഇപ്പോള്‍ത്തന്നെ വീടിനകം മുഴുവന്‍ പൊടിനിറഞ്ഞിരിക്കുകയാണ്. കടുത്ത ചൂടും പൊടിയും മൂലം രണ്ടുദിവസമായി വലിയ അസ്വസ്ഥതയിലാണ്. 50 വര്‍ഷത്തിലേറെയായി കുടുംബക്കാര്‍ ഇവിടെ കഴിഞ്ഞുവരികയാണ്. ഭാര്യ ഐഷയും മകനും മരുമകളും ചെറിയ കുഞ്ഞുമാണ് വീട്ടിലുള്ളത്. കുഞ്ഞിനെ കഴിഞ്ഞദിവസം അമ്മയുടെ വീട്ടിലേക്ക് മാറ്റി. ഇപ്പോഴുള്ള ഈ പൊടിതന്നെ സഹിക്കാന്‍ കുഞ്ഞിന് കഴിയുന്നില്ല' ഇബ്രാഹിം പറഞ്ഞു.

ആഗ്രഹിച്ച് വാങ്ങിയ ഗ്‌ളാസും പ്ലേറ്റും

'പുതിയ വീടുവെച്ചിട്ട് അധികം നാളായിട്ടില്ല. പണി പൂര്‍ത്തിയായിട്ടുപോലുമില്ല...' വീട്ടിലെ വിള്ളല്‍പ്പാട് ചൂണ്ടിക്കാണിച്ച് കോണോത്തുപള്ളിയിലെ റാബിയ പറഞ്ഞു.

'ഒരുപാട് ആഗ്രഹിച്ച് വാങ്ങിയതാണ് ഷോക്കേസില്‍ ഇരിക്കുന്ന ഗ്‌ളാസും കപ്പുകളും പ്‌ളേറ്റുകളും. ആല്‍ഫ സെറീനിലെ ഭിത്തികള്‍ പൊളിച്ചദിവസം അതില്‍ പകുതിയും താഴെവീണ് പൊട്ടിപ്പോയി. ബാക്കിയുള്ളത് തുണിയില്‍ പൊതിഞ്ഞ് വെച്ചിട്ടുണ്ട്.

ചില്ലിട്ട് ഭിത്തിയില്‍ തൂക്കിയ പഴയ പടങ്ങളും കടലാസില്‍ പൊതിഞ്ഞ് കട്ടിലിന് താഴെ വെച്ചിട്ടുണ്ട്. ഫ്‌ളാറ്റ് നഷ്ടപ്പെട്ടവര്‍ കോടിയുടെ കണക്കുകള്‍ പറയുമ്പോള്‍ ഇതൊക്കെ ചെറിയ കാര്യമല്ലേ എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നുണ്ടാകും. പക്ഷേ, ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇതൊക്കെ വലിയകാര്യംതന്നെയാണ്...'

ഒരുഘട്ടം വരെ ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാത്തവരായിരുന്നു പ്രദേശത്തുള്ളവര്‍.

ജീവിതം സാധാരണ നിലയിലെത്താന്‍ എത്രദിവസം...?

'പൊളിക്കുന്ന ദിവസം കുറച്ച് മണിക്കൂര്‍ മാറിനിന്നാല്‍ മതിയെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. എവിടെ മാറിയിരുന്നാലും മനസ്സ് ഇവിടെത്തന്നെയാവും. ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ സ്‌ഫോടനം നടക്കുന്നിടത്ത് ഉപേക്ഷിച്ചിട്ട് എവിടെ സമാധാനമായിരിക്കാനാണ് പറയുന്നത്...' ചുറ്റുവട്ടത്തെ വീട്ടമ്മമാര്‍ ആശങ്ക മറച്ചുവെക്കുന്നില്ല.

'ഒരു തെറ്റും ചെയ്യാതെ ആധിയനുഭവിക്കേണ്ടി വന്നരാണ് ഞങ്ങള്‍. തലമുറകളായി ഇവിടെ ജീവിച്ചുവരികയാണ്. ഞങ്ങള്‍ ആരും ഒന്നും കൈയേറിയിട്ടില്ല... ഒരു നിയമവും ലംഘിച്ചിട്ടില്ല... ആരു?െടയൊക്കയോ അനാസ്ഥയ്ക്ക് ദുരിതം അനുഭവിക്കേണ്ടിവന്നത് ഞങ്ങളാണ്... ആരും ഞങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുന്നില്ല.'

'വീടിന് എന്തെങ്കിലും സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വാസം ഇല്ല. വീട് മൊത്തം നഷ്ടപ്പെട്ടവര്‍ പ്രളയസഹായത്തിനായി ഇപ്പോഴും ഓഫീസുകള്‍ കയറിയിറങ്ങുകയല്ലേ...?'

ആശങ്കകള്‍ക്ക് മറുപടിയില്ല

പൊളിച്ചുതുടങ്ങിയപ്പോഴെ എല്‍സിയും കുടുംബവും വാടകവീട് മാറി. ഫ്‌ളാറ്റിന് സമീപത്ത് തന്നെയായിരുന്നു എല്‍സിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്.

'സ്വിമ്മിങ്പൂള്‍ പൊളിച്ച ദിവസമാണ് കൂടുതല്‍ വീടുകള്‍ക്ക് വിള്ളല്‍വീണത്. അതോടെ ഇനി ഇവിടെ നില്‍ക്കുന്നത് അപകടമാണെന്ന് മനസ്സിലായി. ചെറിയ കുഞ്ഞ് കൂടെയുണ്ട്. പഴയ കെട്ടിടത്തിലാണ് ആദ്യം താമസിച്ചിരുന്നത്. മുകളിലേക്ക് നോക്കിക്കിടന്ന് നേരം വെളുപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഭര്‍ത്താവും മകനും വീടൊഴിയാമെന്ന് പറഞ്ഞത്...'

തൊട്ടടുത്ത് താമസിച്ചിരുന്ന അധ്യാപിക റീജ മേനോനും പങ്കുവെച്ചത് അതേ ആശങ്കതന്നെ. 'ആധി കൂടി ഉറക്കം നഷ്ടപ്പെട്ടപ്പോഴാണ് സ്വന്തം വീട് ഒഴിഞ്ഞ് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മാറിയത്.' പൊളിക്കലിന്റെ ആദ്യദിവസങ്ങളില്‍ത്തന്നെ റീജയുടെ വീട്ടില്‍ വിള്ളല്‍ വീണിരുന്നു.

വീടുകള്‍ ഷീറ്റിട്ട് മൂടി

200 മീറ്റര്‍ ചുറ്റളവിലുള്ള ഭൂരിഭാഗം വീടുകളിലും ഷീറ്റിട്ട് മൂടിയിട്ടുണ്ട്. വീട് മുഴുവന്‍ മൂടാന്‍ കഴിഞ്ഞില്ലെങ്കിലും പറ്റാവുന്ന ഇടങ്ങളിലൊക്കെ ഷീറ്റിട്ടിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാവുന്ന പൊടിയെക്കുറിച്ച് ആര്‍ക്കും ഒരുറപ്പും പറയാന്‍ കഴിയാത്തതുകൊണ്ട് എത്രയാവും ഇതിന്റെ വ്യാപ്തിയെന്ന ആശങ്കയാണ് വീട്ടുകാര്‍ക്ക്.

ജനാലച്ചില്ലുകള്‍, ഷോക്കേസ്, ടി.വി.യുടെ ചില്ല് ഇതൊക്കെ പൊട്ടിപ്പോകുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്. വീടിന് ഒന്നും പറ്റില്ലെന്ന് പറയുന്നുണ്ടെങ്കിലും തിരിച്ച് വന്നുകഴിഞ്ഞാല്‍ എത്ര നാള്‍ കെട്ടിടാവശിഷ്ടങ്ങളുടെ പൊടിയില്‍ കഴിയേണ്ടി വരുമെന്ന് ഒരുറുപ്പുമില്ല. സമീപത്തുള്ള കിടപ്പുരോഗികളെയും കുഞ്ഞുങ്ങളെയും ആദ്യം മാറ്റി. പക്ഷേ, തിരിച്ചുവരുമ്പോള്‍ പൊടി അലര്‍ജിയെക്കുറിച്ചാണ് എല്ലാവര്‍ക്കും പേടി. കിണര്‍വെള്ളം ഉപയോഗിക്കാനാവുമോ എന്നും അറിയില്ല. ഇപ്പോള്‍ത്തന്നെ മേശപ്പുറത്ത് ഒരു ഗ്‌ളാസ് വെള്ളം എടുത്തുവെച്ചാല്‍ അപ്പോള്‍ത്തന്നെ പൊടിയുടെ പാട വന്ന് മൂടുകയാണ്.

ടെറസ്സില്‍ തുണി കഴുകി വിരിക്കാതായിട്ട് ആഴ്ചകളായി കഴുകിയതിനേക്കാള്‍ കൂടുതല്‍ പൊടിയും അഴുക്കുമാണ് തിരിച്ചെടുക്കുമ്പോള്‍.

നിസ്സാരമെന്ന് തോന്നുമെങ്കിലും വീട്ടമ്മമാര്‍ പങ്കുവെക്കുന്നത് ദൈനംദിന ജീവിതത്തിന്റെ താളംതെറ്റിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്. അവശിഷ്ടം പൂര്‍ണമായി നീക്കുംവരെ ജീവിതം ദുരിതത്തിലാകുമോ എന്നാണ് ഇവരുടെയൊക്കെ പേടി.

Content Highlights: maradu flat demolition