രടില്‍ തലയുയര്‍ത്തി നിന്ന നാലു അംബരചുംബികളായ കെട്ടിടസമുച്ചയങ്ങളുടെ സ്ഥാനത്ത് തിങ്കളാഴ്ചയുണ്ടാവുക വെറും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളായിരിക്കും. നിയമയുദ്ധങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഈ ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ നിലംപൊത്തും

എക്‌സ്‌പ്ലോഷനല്ല, ഇംപ്ലോഷന്‍

മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ നിലംപതിക്കുന്നത് അടുത്ത ശനി, ഞായര്‍ ദിവസങ്ങളില്‍. ഇന്ത്യയിലാദ്യമായാണ് ഇത്രവലിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് എക്‌സ്‌പ്ലോഷനി(സ്‌ഫോടനം)ലൂടെയല്ല. പകരം ഇംപ്ലോഷനി(അകത്തേക്കുള്ള പൊട്ടല്‍)ലൂടെയാണ്. പുറത്തേക്ക് തെറിക്കുന്നതിനുപകരം അകത്തേക്കായിരിക്കും പൊട്ടല്‍. അടിയിലെ നിലകള്‍ തകരുന്നതോടെ ഗുരുത്വാകര്‍ഷണംമൂലം മുകള്‍നിലകള്‍ നിലംപതിക്കും. നേരിയ ചരിവോടെ താഴേക്ക് ഇരുന്നുപോകുമെന്നാണ് സ്‌ഫോടനവിദഗ്ധര്‍ പറയുന്നത്. അവശിഷ്ടങ്ങള്‍ ഭൂമിക്കടിയിലേക്ക് പോകില്ല. ഫ്‌ളാറ്റുകളുടെ ഭൂമിക്കടിയിലുള്ള ഭാഗത്ത് ഒന്നുംചെയ്യുന്നില്ല.

മുന്‍കരുതലായി ഇന്‍ഷൂറന്‍സ്

പ്രത്യാഘാതങ്ങളില്ലെന്നാണ് സ്‌ഫോടനവിദഗ്ധനായ എസ്.ബി. സര്‍വാതെ അടക്കമുള്ളവര്‍ പറയുന്നത്. കരുതല്‍ എന്നനിലയില്‍ സമീപത്തുള്ള വീടുകള്‍ക്ക് 95 കോടിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനുമുമ്പുള്ള ജോലികള്‍ തുടങ്ങിയപ്പോള്‍ത്തന്നെ സമീപത്തെ വീടുകളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. ഇത് സ്‌ഫോടനത്തിനുശേഷം പൊളിക്കല്‍ക്കമ്പനി നന്നാക്കിക്കൊടുക്കുമെന്നാണ് പറയുന്നത്. സ്‌ഫോടനത്തിലുണ്ടാകുന്ന കേടുപാടുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. തേവരകുണ്ടന്നൂര്‍ പാലം ഹോളിഫെയ്ത്തിനുമുന്നിലാണ്. ഇതിന് പൂര്‍ണ സുരക്ഷയുണ്ടെന്ന് അധികൃതര്‍. ഹോളിഫെയ്ത്തിനുമുന്നിലൂടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പൈപ്പ് ലൈന്‍ പോകുന്നുണ്ട്. 24 ഇഞ്ചിന്റെ രണ്ട് പൈപ്പുകള്‍. ഒന്നില്‍ പെട്രോളും മറ്റേതില്‍ ഡീസലും. ഇതിലൂടെയുള്ള പമ്പിങ് നിര്‍ത്തിയിട്ടുണ്ട്. പകരം കടല്‍വെള്ളം നിറച്ചിട്ടിരിക്കുകയാണ്. ഫ്‌ളാറ്റിനുമുന്നിലുള്ള പൈപ്പിന്റെ ഭാഗം മണല്‍ച്ചാക്കുകൊണ്ട് മറച്ചുകഴിഞ്ഞു.

ഒഴിപ്പിക്കല്‍

അടുത്തടുത്തുള്ള ആല്‍ഫയും ഹോളിഫെയ്ത്തും ഒറ്റയൂണിറ്റായി ചേര്‍ത്താണ് 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കുന്നത്. ആകെ 133 കുടുംബങ്ങള്‍. കായലോരത്തിന് സമീപം 61 കുടുംബങ്ങള്‍. ജെയിനുസമീപം 96 കുടുംബങ്ങള്‍ (ചെറിയ വ്യത്യാസങ്ങള്‍ വരാം). രാവിലെ ഒമ്പതിന് ഒഴിപ്പിക്കല്‍ തുടങ്ങും. 1212.30 വരെ മതി. പിറ്റേന്നുരാവിലെ ഒമ്പതുമണിക്കാണ് ജെയിനുസമീപമുള്ളവരെ ഒഴിപ്പിക്കുന്നത്. 12 മണിക്ക് ഗോള്‍ഡന്‍ കായലോരം പരിസരത്തുള്ളവരെയും. മൂന്ന്മൂന്നര മണിക്കൂര്‍ കണക്കാക്കിയാവും ഒഴിപ്പിക്കല്‍. തേവര എസ്.എച്ച്. കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളിലാണ് താത്കാലികവാസം ഒരുക്കിയിരിക്കുന്നത്. ലെ മെറിഡിയന്‍ ഹോട്ടല്‍ ഭാഗികമായി പ്രവര്‍ത്തിക്കും. ഹോട്ടലിന്റെ പകുതിഭാഗം എക്‌സ്‌ക്ലൂഷന്‍ സോണിലാണ്. 223 മുറികളുള്ള ഇവിടെ നാല്‍പ്പതോളം മുറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയുണ്ട്.

പൊടി എന്തുചെയ്യും?

സ്‌ഫോടനം കഴിയുമ്പോള്‍ വെള്ളം തളിക്കാന്‍ അഗ്‌നിശമനസേനയെ നിയോഗിക്കും. റോഡുകള്‍ കഴുകും. കനത്തപൊടിയുണ്ടാകുമെങ്കിലും പെട്ടെന്ന് ശമിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. വീടുകള്‍ പൊടികയറാത്ത രീതിയില്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മൃഗങ്ങളെ മാറ്റുകയോ പൊടികയറാത്തവിധം സൂക്ഷിക്കുകയോ ചെയ്യണം. വീടുകളുടെ ശുചീകരണം വെല്ലുവിളിയായേക്കാം.

ശബ്ദം പ്രശ്‌നമാകുമോ?

ശബ്ദം അളക്കാന്‍ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസ് ഉപകരണം സ്ഥാപിക്കും. നിലത്തുനിന്ന് ഉയരത്തില്‍വേണം ഇതുവെക്കാന്‍. സ്‌ഫോടനസ്ഥലത്ത് 130 ഡെസിബെല്‍വരെ ശബ്ദമുണ്ടാകാമെന്ന് ചെന്നൈ ഐ.ഐ.ടി. നേരത്തേ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. തൃശ്ശൂര്‍പൂരം വെടിക്കെട്ട് 125 ഡെസിബല്‍ വരുന്നതാണ്. മരടില്‍ മില്ലിസെക്കന്‍ഡ് ഇടവിട്ടുള്ള വിവിധ സ്‌ഫോടനങ്ങളായതിനാല്‍ ശബ്ദം പ്രശ്‌നമാകില്ലെന്ന് കരുതുന്നു. 250 മീറ്റര്‍ ദൂരെ 80 ഡെസിബെല്‍ ശബ്ദംവരാമെന്നാണ് ഐ.ഐ.ടി. റിപ്പോര്‍ട്ടിലുള്ളത്. ആളുകളുടെ സാധാരണസംസാരം 60 ഡെസിബെലാണ്.

പ്രകമ്പനം

ഫ്‌ളാറ്റുകള്‍ വീഴുമ്പോഴുള്ള പ്രകമ്പനം (വൈബ്രേഷന്‍) അളക്കാന്‍ ചെന്നൈ ഐ.ഐ.ടി. സംഘം എത്തിയിട്ടുണ്ട്. പത്തിടങ്ങളില്‍ ഇതിന് ഉപകരണം സ്ഥാപിക്കും. പ്രകമ്പനം ഉണ്ടാകുമ്പോള്‍ സ്രോതസ്സില്‍നിന്നുണ്ടാകുന്ന തരംഗം ഭൂമിയിലെ കണികകളിലുണ്ടാക്കുന്ന ചലനമാണ് പഠിക്കുന്നത്. ഈ ചലനത്തിന്റെ പരമാവധിവേഗം പീക്ക് പാര്‍ട്ടിക്കിള്‍ വെലോസിറ്റി (പി.പി.വി.) എന്നറിയപ്പെടുന്നു. ഇത് അളക്കുന്നത് മില്ലീമീറ്റര്‍/സെക്കന്‍ഡിലാണ്. സെക്കന്‍ഡില്‍ 25 മില്ലീമീറ്റര്‍ വരെയുള്ള പ്രകമ്പനം പഴയ വീടുകള്‍ക്കുപോലും പ്രശ്‌നങ്ങളുണ്ടാക്കില്ല. സെക്കന്‍ഡില്‍ 55 മില്ലീമീറ്റര്‍വരെയായാല്‍ വീടുകള്‍ക്ക് വിള്ളലുണ്ടാകാം. പ്രകമ്പനം കുറയ്ക്കാന്‍, സമീപത്ത് കൂടുതല്‍ വീടുകളുള്ള ഭാഗത്ത് കിടങ്ങുകള്‍ കുഴിക്കുന്നുണ്ട്.

Content Highlights: maradu flat demolition