കൊച്ചി: മരടിലെ ആല്‍ഫ സെറീന്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കാന്‍ ബ്ലാസ്റ്റര്‍മാര്‍ നിലയുറപ്പിക്കുന്നത് കായലിന് മറുകരയിലുള്ള ബി.പി.സി.എല്‍. ഓഫീസിന്റെ സമീപത്ത്. കായലിന് മുകളിലൂടെ ഇപ്പോഴുള്ള കേബിളുകളിലൂടെയാകും ഡിറ്റണേറ്റിങ് കോഡ് (വയറുകള്‍) വലിക്കുക. കായലിന് അടിയിലൂടെ ലൈനിടാനായിരുന്നു ആദ്യ ആലോചന.

കുണ്ടന്നൂര്‍ ജങ്ഷനില്‍നിന്ന് ഹോളിഫെയ്ത്തിലേക്കുള്ള റോഡിലാണ് ഈ ഫ്‌ലാറ്റ് തകര്‍ക്കുന്നതിനുള്ള ബ്ലാസ്റ്റര്‍മാര്‍ ഉണ്ടാകുക. ഫ്‌ലാറ്റില്‍നിന്ന് 100 മീറ്റര്‍ ദൂരെ കുണ്ടന്നൂര്‍തേവര പാലം തുടങ്ങുന്നതിന് സമീപത്താകും ഇത്. രണ്ട് ഫ്‌ലാറ്റുകളും കുണ്ടന്നൂര്‍ തേവര പാലത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് തകര്‍ക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. എക്‌സ്‌പ്ലോഡറില്‍ സ്വിച്ചമര്‍ത്തുന്ന ജോലിയേ ബ്ലാസ്റ്റര്‍മാര്‍ക്കുള്ളൂ. ലൈസന്‍സുള്ള ബ്ലാസ്റ്റര്‍മാരും ഉയര്‍ന്ന ഉദ്യോഗസ്ഥ സംഘവുമാണ് ബ്ലാസ്റ്റിങ് കേന്ദ്രത്തിലുണ്ടാകുക. മറ്റ് ഫ്‌ലാറ്റുകളിലെ സ്‌ഫോടന കേന്ദ്രങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തീരുമാനിക്കും.

ആല്‍ഫ പൊളിക്കാന്‍ 500 കിലോ

ആല്‍ഫ സെറീനിന്റെ രണ്ട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ 500 കിലോ (250 കിലോ വീതം) സ്‌ഫോടകവസ്തുക്കള്‍ ആവശ്യമുള്ളപ്പോള്‍ ഗോള്‍ഡന്‍ കായലോരത്തിന് വേണ്ടത് 15 കിലോ മാത്രം. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യ്ക്ക് 215 കിലോയാണ് ആവശ്യം. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ജെയിന്‍ കോറല്‍കോവിനാണ്, 400 കിലോ. ആകെ വേണ്ടത് 1,130 കിലോ.

അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്. 950 കിലോ ഇതുവരെ നാഗ്പുരില്‍നിന്ന് എത്തിയിട്ടുണ്ട്. ബാക്കിയുള്ളത് അടുത്ത ദിവസം എത്തും.

സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന്റെ ക്രമം ഇങ്ങനെ

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.മൂന്നാം തീയതി765 ദ്വാരം, നാലാം തീയതി 706 ദ്വാരം.

ജെയിന്‍ കോറല്‍കോവ്അഞ്ചാം തീയതി774 , ആറാം തീയതി702, ഏഴിനും എട്ടിനും592 വീതം

ഗോള്‍ഡന്‍ കായലോരം ഒമ്പതിന്492, പത്തിന് 468.

ആല്‍ഫ സെറീന്‍6, 7, 8 തീയതികളിലാണ് സ്‌ഫോടകവസ്തു നിറയ്ക്കല്‍. ഓരോ ദിവസവും എത്രയെന്ന് ഉടന്‍ തീരുമാനിക്കും. ആല്‍ഫയുടെ ബി ടവറില്‍ (പിന്നിലുള്ളത്) 1,498 ദ്വാരങ്ങളും എ ടവറില്‍ 2,100 ദ്വാരങ്ങളുമാണുള്ളത്.

സ്‌ഫോടകവസ്തു നിറയ്ക്കുന്നത് ഈ നിലകളില്‍

ജെയിന്‍ കോറല്‍കോവ്ഗ്രൗണ്ട് ഫ്‌ളോര്‍, തൊട്ടുമുകളിലുള്ള ചെറിയ നില, ഒന്ന്, രണ്ട്, എട്ട്, 14

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.ലോവര്‍ ഗ്രൗണ്ട് ഫ്‌ളോര്‍, അപ്പര്‍ ഗ്രൗണ്ട് ഫ്‌ളോര്‍, 2, 4, 10, 15

ഗോള്‍ഡന്‍ കായലോരംഗ്രൗണ്ട് ഫ്‌ളോര്‍, 1, 2, 3, 7, 13

ആല്‍ഫ സെറീന്‍ഗ്രൗണ്ട് ഫ്‌ളോര്‍, 1, 2, 5, 7, 9, 11, 14

വിജയ് സ്റ്റീല്‍സിന് സ്‌ഫോടനത്തിന് അനുമതി

കൊച്ചി: ആല്‍ഫ സെറീന്‍ ഫ്‌ലാറ്റ് തകര്‍ക്കുന്ന വിജയ് സ്റ്റീല്‍സിന് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) സ്‌ഫോടനത്തിന് അനുമതി നല്‍കി. ചില രേഖകളില്‍ തിരുത്തലുകള്‍ ആവശ്യമായി വന്നതിനാലാണ് കളക്ടറുടെ എതിര്‍പ്പില്ലാ രേഖ

(എന്‍.ഒ.സി.) ലഭിച്ചിട്ടും സ്‌ഫോടനാനുമതി വൈകിയത്. ബുധനാഴ്ച സന്ധ്യക്ക് പെസോ െഡപ്യൂട്ടി കണ്‍ട്രോളര്‍ എസ്. ശരവണനാണ് അനുമതി നല്‍കിയത്. മറ്റ് ഫ്‌ലാറ്റുകള്‍ തകര്‍ക്കുന്ന എഡിഫിസ് കമ്പനിയുടെ രേഖകളിലും തിരുത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന മുറയ്ക്ക് അനുമതി നല്‍കും.

കിടങ്ങ് കുഴിക്കുന്നില്ല

ഫ്‌ലാറ്റുകള്‍ നിലംപതിക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ ചുറ്റും കിടങ്ങുകള്‍ കുഴിക്കുന്നത് ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്നു വെച്ചു. ചതുപ്പ് പ്രദേശമായതിനാല്‍ ഇവിടെ മണ്ണിന് ഉറപ്പ് കുറവാണ്. അതുകൊണ്ട് പ്രകമ്പനം വ്യാപിക്കാനുള്ള സാധ്യത കുറയും. മാത്രമല്ല, കിടങ്ങുണ്ടാക്കിയാല്‍ മണ്ണും ചെളിയും വെള്ളവും മുകളിലേക്ക് തെറിക്കുമെന്നും വിലയിരുത്തലുണ്ട്.

Content Highlights: Maradu Flat Demolition