കൊച്ചി: മരട് ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിനോടു ചേര്‍ന്നുള്ള കരോട്ട് വീട്ടില്‍ ഹരി വാടകവീട്ടിലേക്കു മാറുമ്പോള്‍ പറഞ്ഞു: ''എല്ലാ സാധനങ്ങളും കൊണ്ടുപോകുന്നില്ല. വാടകവീട്ടില്‍ ഒരുദിവസം തങ്ങിയശേഷം ഇങ്ങോട്ടുതന്നെ പോരും. സ്വന്തം വീടല്ലേ. ഇനിയൊരിക്കലും ഇവിടെ താമസിക്കാന്‍ പറ്റിയില്ലെങ്കിലോ?''

ഫ്‌ളാറ്റ് പൊളിക്കാന്‍ തുടങ്ങിയതോടെ വീടിനു വിള്ളലുകള്‍ വീണ സമീപവാസികളില്‍ ഒരാള്‍ മാത്രമാണ് ഹരി. നാലു വര്‍ഷംമുമ്പ് പണിത വീടാണ്. ഫ്‌ളാറ്റ് വീഴുന്നതോടെ തന്റെ വീട് ബാക്കിയുണ്ടാകുമോയെന്നാണ് ഹരിയുടെ സംശയം. അനിയന്‍ അനു നേരത്തേ വാടകവീട്ടിലേക്കു മാറി.

ഫ്‌ളാറ്റിനോടു ചേര്‍ന്നുള്ള നടുവിലവീട്ടില്‍ ബെന്നി, ആന്റണി എന്നിവരുടെ കുടുംബങ്ങളും വീടെടുത്തിട്ടുണ്ട്. വെഞ്ചരിപ്പ് കഴിഞ്ഞാല്‍ മാറും. കുട്ടികള്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് പുല്‍ക്കൂടൊക്കെ ഒരുക്കിയതെന്ന് ബെന്നിയുടെ ഭാര്യ സിന്ധു പറയുന്നു. വീടിനുമുന്നിലുള്ള ആല്‍ഫയുടെ മതിലില്‍ 'മെറി ക്രിസ്മസ്, ഹാപ്പി ന്യൂ ഈയര്‍' എന്നൊക്കെ ആരോ ചോക്കുകൊണ്ട് എഴുതിയിട്ടുണ്ട്.

കാഴ്ചകളുടെ മറുപുറം

കായലിന്റെ എതിര്‍വശത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പുതുവത്സരാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുകയാണ്.

അലങ്കാരങ്ങളുടെ വെള്ളിവെളിച്ചം കായലിലേക്ക് പരന്നൊഴുകുന്നു. സമീപത്ത് അസ്ഥികൂടം മാത്രമായിക്കഴിഞ്ഞ ആല്‍ഫയും ഹോളിഫെയ്ത്തും. കുറച്ചകലെയുള്ള ജെയിനും കായലോരവും ഇനിയുള്ള ദിവസങ്ങളില്‍ തകര്‍ക്കും.

ഫ്‌ളാറ്റുകളിലെ മുന്‍ താമസക്കാര്‍ക്കും ഇത് സങ്കടങ്ങളുടെ പുതുവത്സരമാണ്. ഹോളിഫെയ്ത്തിലെ മുന്‍ താമസക്കാരനായ ആന്റണി എട്ടുകെട്ടില്‍, സഞ്ജയ് കൈമള്‍ എന്നൊരാള്‍ക്ക് കടപ്പാടോടെ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു:

'പത്തുവര്‍ഷത്തോളം ജീവിതം കൊണ്ടാടിയിരുന്ന സ്വന്തം ഫ്‌ളാറ്റ് ഇപ്പോള്‍ തകര്‍ക്കാന്‍ പോകുകയാണ്. സമീപത്തെ പാലത്തിലൂടെ ദിവസവും പോകുമ്പോള്‍ ഞാന്‍ അങ്ങോട്ടുനോക്കും. തൂക്കിലേറ്റുന്ന ദിവസവും കാത്തിരിക്കുകയാണവള്‍.'

ഫ്‌ളാറ്റുടമകള്‍ പലവഴിക്കായി പിരിഞ്ഞിട്ട് മൂന്നുമാസമായി. ഇപ്പോഴവിടെ കോണ്‍ക്രീറ്റുകള്‍ പൊളിക്കുന്നതിന്റെ ശബ്ദം മാത്രമേയുള്ളൂ.

ജനുവരി 12ഓടെ എല്ലാം നിലംപൊത്തും. അന്തിമവീഴ്ചയ്ക്കുള്ള സമയം കാത്തുനില്‍ക്കുന്ന ഹോളിഫെയ്ത്തിന്റെ ഗേറ്റില്‍ ആരോ സ്ഥാപിച്ച ഒരു നക്ഷത്രം മാത്രം കാറ്റില്‍ ഇളകിയാടുന്നു.

Content Highlights: maradu flat demolition